യത്ര ദൃഷ്ടിര്‍ ലയസ്തത്ര
ഭൂതേന്ദ്രിയ സനാതനീ
സാ ശക്തിര്‍ ജീവഭൂതാനാം
ദ്വേ അലക്ഷ്യേ ലയം ഗതേ. – 4 – 33
എവിടെയാണോ ദൃഷ്ടി, അവിടെ ലയം നടക്കുന്നു. ഭൂതങ്ങളും ഇന്ദ്രിയങ്ങളും ശാശ്വതമായി നിലകൊള്ളുന്ന അവിദ്യയും പ്രാണികളിലിരിക്കുന്ന ശക്തിയും (രണ്ടും) ബ്രഹ്മത്തില്‍ ലയിക്കുന്നു.
ദൃഷ്ടി എന്നാല്‍ അന്ത:കരണ വൃത്തി, ചിത്തവൃത്തി എന്നര്‍ഥം. അത് ബ്രഹ്മത്തില്‍ ചേര്‍ത്താല്‍ ലയം നടക്കും. കൂടെ പ്രാണനും ലയിക്കും. മനസ്സും പ്രാണനും ബ്രഹ്മത്തില്‍ ലയിക്കുന്നതാണ് ലയം.
കര്‍മത്തെ, കാര്യ- കാരണങ്ങളെ, സംസ്കാരങ്ങളെ എങ്ങിനെ ദൂരീകരിക്കാം എന്ന് നാം ചിന്തിക്കും. അനുഭവമെന്തെന്നാല്‍ ഒന്നു പോവുമ്പോള്‍ ആ ഒഴിവിലേക്കു മറ്റൊന്നു കടന്നു വരും. ഒരു തീവണ്ടി കടന്നു പോയാല്‍ ആ ട്രാക്കിലേക്ക് മറ്റൊരു വണ്ടി കടന്നു വരിക തന്നെ ചെയ്യും.
അപ്പോള്‍ കാമനകളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം നമ്മെ ഉയര്‍ത്തുന്ന തരത്തിലുള്ള ശക്തമായ മറുകാമനകളെ വളര്‍ത്തുക. അത് ആദ്യത്തേതിനെ അടക്കിക്കൊള്ളും. ഈശ്വരനെ കാണണമെന്നുള്ള കാമന, മറ്റു പലരെയും കാണണമെന്നുള്ള കാമനയെ മറി കടക്കും. സംസ്്കാരങ്ങളോടു മല്ലടിക്കുന്നതിലും എളുപ്പവും സുരക്ഷിതവും ഇതാണ്. എല്ലാ സംസ്കാരങ്ങളും നമുക്ക് ഗുണകരമായ വിധത്തില്‍ മാറിക്കൊള്ളും. നശിപ്പിക്കേണ്ട ആവശ്യം വരുന്നില്ല.
ലയോ ലയ ഇതി പ്രാഹുഃ
കീദൃശം ലയലക്ഷണം
അപുനര്വാസനോത്ഥാനാത്
ലയോ വിഷയ വിസ്മൃതിഃ – 4 – 34
ലയമാണ് ലയമെന്ന് പലരും പറയുന്നു. എങ്ങിനെയുള്ളതാണ് ലയം? വാസനകള്‍ വീണ്ടും ഉയര്‍ന്നു വരാത്ത തരത്തിലുള്ള ശബ്ദാദി വിഷയങ്ങളുടെ വിസ്മൃതിയാണ് ലയം.
മനസ്സും പ്രാണനും ലയിക്കുന്നതാണ് ലയമെന്ന് പറഞ്ഞു. ലയമെന്നാല്‍ അലിഞ്ഞില്ലാതാവുക എന്നാണ് വാക്കിന്റെ അര്‍ഥം. ശ്രീരാമകൃഷ്ണ പരമഹംസര്‍, ഉപ്പുപാവ കടലിന്റെ ആഴം അളക്കാന്‍ പോയ കഥ പറയും. എന്താണ് സംഭവിക്കുക? അതലിഞ്ഞു പോവും. തിരിച്ചുവരവില്ല.
ധ്യാനം ആഴത്തിലാവുമ്പോള്‍ ധ്യാനിക്കുന്നവന്, ധ്യാന ക്രിയ, ധ്യേയ വസ്തു എന്ന മൂന്ന് (ത്രിപുടി) ഇല്ലാതെ ഒന്നായിത്തീരും. ചിന്തകളില്ലാതാവും. അതു തന്നെയല്ല. വൈദിക – താന്ത്രിക പദ്ധതികളില്‍ തത്വങ്ങളുടെ ലയത്തെപ്പറ്റി പറയുന്നു. സ്ഥൂലവും വ്യക്തിനിഷ്ഠവുമായ ശക്തി പ്രപഞ്ചശക്തിയില്‍ ലയിക്കുന്നു. യോഗിമാര്‍, മനസ്സ് ബോധത്തില്‍ ലയിക്കുന്നു എന്നു പറയുന്നു. എല്ലാം ഒന്നു തന്നെ. ‘ഞാന്‍’ ഇല്ലാതാവുന്നു.
ഇതിന് മന:ശുദ്ധി വേണം. ‘ യോഗാംഗാനുഷ്ഠാനാത് അശുദ്ധിക്ഷയ: ‘ എന്നു പതഞ്ജലി. അഷ്ടാംഗയോഗം അനുഷ്ഠിക്കുന്നത് അശുദ്ധി ക്ഷയിക്കാനാണ്.
മനസ്സില്‍ വികല്പങ്ങളും ചിന്തകളും നിറയുന്നത് പുറത്തുള്ള വിഷയങ്ങള്‍ ഇന്ദ്രിയങ്ങളിലൂടെ അകത്തു പ്രവേശിക്കുന്നതിലൂടെയും അകത്തുറങ്ങിക്കിടക്കുന്ന സംസ്കാരങ്ങളും വാസനകളും ഉയിര്ത്തെ ഴുന്നേല്ക്കുന്നതിലൂടെയും ആണ്. അഭിനവ ഗുപ്തന് പറയുന്നത്, വികല്പ്പങ്ങള്, ചിന്തകള്‍ വരുമ്പോള്‍ അവയെ തള്ളുകയും വേണ്ട, കൊള്ളുകയും വേണ്ട. അപ്പോള്‍ അവ സ്വയം പിന്‍വാങ്ങും. തന്നെത്താന്‍ അറിയുകയും ചെയ്യും.
അവധൂതഗീതയില്‍ സമാധിയെപ്പറ്റി പറയുന്നു. നിഷ്കര്മന്റെ കര്‍മങ്ങളെ അത് (സമാധി ) കത്തിച്ചുകളയും. നിര്‍ദു:ഖന്റെ (ദു:ഖ രഹിതന്റെ ) ദുഃഖങ്ങളെ ദഹിപ്പിച്ചു കളയും. നിര്ദേഹന്റെ ദേഹത്തെ ദഹിപ്പിക്കും. അത് ജ്ഞാനാമൃതമാണ് സമരസമാണ്. ആകാശം പോലെയാണ്.
വേദ ശാസ്ത്ര പുരാണാനി
സാമാന്യ ഗണികാ ഇവ
ഏകൈവ ശാംഭവീ മുദ്രാ
ഗുപ്താ കുലവധൂരിവ. – 4 – 35
വേദ – ശാസ്ത്ര – പുരാണങ്ങള്‍ വേശ്യകളെ പ്പോലെയാണ്. എന്നാല്‍ ഗംഭവി മുദ്ര മാത്രം കുലസ്ത്രീയെപ്പോലെയും.
ഋഗ് – യജു – സ്സാമ – അഥര്വങ്ങള് നാലു വേദങ്ങള്‍. ന്യായം, വൈശേഷികം, സാംഖ്യം,
യോഗം, പൂര്‍വമീമാംസാ, ഉത്തര മീമാംസാ എന്നിവ ആറു ശാസ്ത്രങ്ങള്‍. മത്സ്യ പുരാണം, മാര്‍ക്കണ്ഡേയ പുരാണം മുതലായവ 18 പുരാണങ്ങള്‍. ഇവ ആര്‍ക്കും വായിക്കാം. ഒരാള്‍ ഉപയോഗിച്ചത് മറ്റൊരാള്‍ ഉപയോഗിക്കും. വേശ്യകളേപ്പോലെ എന്നത് നിന്ദയായെടുക്കേണ്ടതില്ല. ഓരോരാളും അവരവരുടെ ഇഷ്ടത്തിനു മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യും. അതില്‍ അഭ്യാസത്തിന്, ആത്മീയ സാധനയ്ക്ക് പ്രസക്തിയില്ല.
എന്നാല്‍ ശാംഭവീ മുദ്ര കുലവധുവിനെപ്പോലെയാണ്. ഗുരുവില്‍ നിന്ന് നേരിട്ടു കിട്ടുന്നതാണ്. അത് മറ്റൊരാള്‍ക്ക് അനുഭവിക്കാനാകില്ല.
ശംഭുവിനെ, ശിവനെ കൊണ്ടുത്തരുന്നത് ശാംഭവി. മൂന്നാമധ്യായത്തില്‍ മുദ്രകള്‍ പറയുമ്പോള്‍ ശാംഭവീ മുദ്ര പറഞ്ഞില്ല. ഇവിടെ സമാധി അധ്യായത്തിലാണ് പറഞ്ഞത്. കാരണം സമാധിയില്‍ ശാംഭവി
തനിയെ സംഭവിക്കും.
തന്ത്രത്തില്‍ ശക്തിയെ നല്ല പാരമ്പര്യമുള്ള കുലത്തില്‍ ജനിച്ചവള്‍ എന്നു സൂചിപ്പിക്കാന്‍ കുലാ എന്നു വിളിക്കും.
ശിവന് അകുലനും. രണ്ടും ചേരുന്നത് കൗളം. ഗുരുവില്‍ നിന്ന് മന്ത്രം നേടിയവനു മാത്രമേ കൗള മാര്‍ഗത്തില്‍ പ്രവേശനമുള്ളൂ.
(കൊച്ചി പതഞ്ജലിയോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: