ഈ വര്‍ഷക്കാലത്തെ ഏറ്റവും കഠോരമായ ഭൂസ്ഖലനവും ജലപാതവും സര്‍വനാശവും മൂലം നരകിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍ ഒന്നാം സ്ഥാനം നിലമ്പൂരിനടുത്തു കവളപ്പാറയിലായിരുന്നല്ലോ. വയനാട്ടില്‍ മേപ്പാടിയിലെ പുതുമലയും, മലപ്പുറം നഗരമധ്യത്തിലെ കോട്ടക്കുന്നിന് ചരിവും ആള്‍നാശത്തില്‍ അത്രയ്ക്ക് വലുതായിരുന്നില്ലെങ്കിലും ഭൂസ്ഖലനത്തിന്റെ രൂക്ഷതയില്‍ ഒട്ടും ലഘുവായിരുന്നില്ല. രക്ഷാപ്രവര്‍ത്തനങ്ങളുടെ സാഹസികതകൊണ്ടും അവിടവും മറ്റു ദുരിതമേഖലകളും പുതിയ ചരിത്രങ്ങള്‍ സൃഷ്ടിച്ചുവെന്നു നമുക്കൊക്കെ അറിയാം. അവ ടെലിവിഷനിലൂടെ തത്സമയം കണ്ട് മനസ്സിലാക്കാന്‍ സാധിച്ചത് പുതു സാങ്കേതിക വിദ്യയുടെ അനുഗ്രഹം തന്നെയാണ്.
കഴിഞ്ഞ കൊല്ലത്തെ ആഗസ്റ്റ് മാസത്തിലെ പേമാരിയും പ്രളയവും മധ്യകേരളത്തിലും തെക്കന്‍ ജില്ലകളിലുമായിരുന്നു. തൊണ്ണൂറ്റിയൊന്‍പതിലെ വെള്ളപ്പൊക്കത്തിന്റെ തലത്തേക്കാള്‍ ഉയരത്തിലെത്തിയ പ്രളയമായിരുന്നു അത്. അതിന്റെ കെടുതികളില്‍നിന്നു തദ്ദേശവാസികള്‍ കരകയറി വരുന്നതിനിടിയിലാണ് ഇക്കൊല്ലത്തെ പ്രകൃതിയുടെ സംഹാരതാണ്ഡവം വന്നത്. ദുരിതബാധിതരെ കരകയറ്റാനും പുനരധിവാസത്തിനുമായി കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ ഏജന്‍സികളും വകുപ്പുകളും നടത്തിയ ശ്രമങ്ങളും സംഭാവനകളും ശ്രദ്ധേയമായിരുന്നു. അവ പൂര്‍ണമായും ഫലപ്രദമായും പ്രയോജനപ്പെടുത്തുന്നതില്‍ സംസ്ഥാനം വേണ്ടത്ര വിജയിച്ചുവോ എന്നതില്‍ ഭിന്നാഭിപ്രായമുണ്ടാകാം.
എന്നാല്‍ ദേശീയ സേവാഭാരതി പ്രവര്‍ത്തകര്‍ നടത്തിയ ആസൂത്രിതവും ചിട്ടയിലുമുള്ള ആശ്വാസ നടപടികള്‍ തുടരുകയായിരുന്നു. സേവാഭാരതിയുടെ അഖില ഭാരതീയ വ്യാപ്തിയും, രാഷ്ട്രീയ സ്വയംസേവക സംഘ പശ്ചാത്തലവും ആ പ്രവര്‍ത്തനങ്ങള്‍ക്ക് തികഞ്ഞ ആസൂത്രിത സ്വഭാവം നല്കി. ജലപ്രളയത്തിന്റെ ഓരോ ഘട്ടത്തിലും ചെയ്ത സേവനങ്ങള്‍ അതിന്റെ ആവശ്യകതയ്ക്കും സ്വഭാവത്തിനും അനുസരിച്ചുള്ളവയായിരുന്നു. കടപ്പുറത്തുനിന്ന് മത്സ്യബന്ധന ബോട്ടുകളുമായെത്തിയവരുടെ സേവനങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു. ഭക്ഷണ സാധനങ്ങള്‍ ഉടന്‍ കഴിക്കാവുന്ന വിധത്തിലും, പാചകം ചെയ്യാനുള്ള തരത്തിലും ആവശ്യത്തിനനുസരിച്ചെത്തിച്ചു. വസ്ത്രങ്ങളുടെ സംഭരണത്തിനും വിതരണത്തിലും കാട്ടിയ ആവശ്യാനുസൃത ഔചിത്യ ദീക്ഷ ശ്രദ്ധേയമായി. ലിനു എന്ന പ്രവര്‍ത്തകന്റെ ജീവത്യാഗം അതിന്റെ ഭാഗമായി സംഭവിച്ചു.
വെള്ളമിറങ്ങിയശേഷം നൂറുകണക്കിന് വീടുകള്‍ വൃത്തിയാക്കി, അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വാസയോഗ്യമാക്കാന്‍ താമസക്കാരെ സഹായിക്കുന്നതില്‍ ആയിരക്കണക്കിനാളുകള്‍ ആഴ്ചകളോളം വ്യാപൃതരായിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ആശ്വാസപ്രവര്‍ത്തനങ്ങളുടെ ദീര്‍ഘകാല നടപടികള്‍ അവസാന ഘട്ടത്തിലെത്തുന്നതിനു മുന്‍പാണ്, ഈ ആഗസ്റ്റ് മാസത്തില്‍ പുതിയ പേമാരിയും ഭൂസ്ഖലനവും എത്തിയത്. കാലവര്‍ഷത്തിനു മുന്‍പേ ലഭിക്കാറുണ്ടായിരുന്ന വേനല്‍ മഴ ഇക്കുറി കിട്ടാത്തതിനാല്‍, ജലക്ഷാമവും വൈദ്യുതിക്ഷാമവും തുറിച്ചുനോക്കിക്കൊണ്ടിരിക്കെയാണ് പൊടുന്നനെ പേമാരി ചൊരിഞ്ഞത്. നിലമ്പൂരിനടുത്ത് ഒറ്റ ദിവസം 88 സെ.മീ. മഴ പെയ്തുവെന്ന് വായിക്കാനിടയായി. കവളപ്പാറയുടെ മേല്‍ഭാഗത്തെവിടെയോ ആകാമത്. ആ മഴവെള്ളം മുഴുവന്‍ ഒന്നായി കുത്തിലയൊലിച്ചിറങ്ങിയതിന്റെ സര്‍വനാശമാണ് അവിടെ കണ്ടത്. അവിടെ മണ്ണുമാന്തി യന്ത്രങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ക്കിടയില്‍ മോട്ടോര്‍ സൈക്കിളില്‍ ഇരിക്കുന്ന നിലയിലുള്ള ഒരു യുവാവിന്റെ ദേഹം കാണുകയുണ്ടായത്രേ. വീട്ടില്‍വന്ന് അമ്മയെ കണ്ട് യാത്ര പറഞ്ഞു പുറപ്പെടുന്നതിനിടയില്‍, എത്ര പെട്ടെന്നാണ് ഭയാനകമായ ആ കുഴമണ്‍ പ്രപാതം ആ നിര്ഭാഗ്യവാനെ കടന്നുപോയതെന്ന് അതില്‍നിന്ന് അറിയാന്‍ കഴിയുന്നു.
കവളപ്പാറയിലായാലും പുതുമലയിലായാലും മലപ്പുറത്തായാലും ആശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജാതി, മത, കക്ഷി ഭേദമെന്യേ എല്ലാവരും സാഹോദര്യത്തോടെ പ്രവര്‍ത്തിച്ചതിന്റെ അനുഭവം കാണാറായി. ചില രാഷ്ട്രീയ തിമിരബാധിതര്‍ക്ക് അതിന്റെ സൗരഭ്യം ആസ്വദിക്കാന്‍ കഴിയാതെ സേവഭാരതിക്കെതിരെ അധിക്ഷേപങ്ങള്‍ ചൊരിയാതിരിക്കാന്‍ കഴിഞ്ഞില്ല എന്നതു വിസ്മരിക്കുന്നില്ല. പുതുമലയിലെ മസ്ജിദില്‍ മൃതദേഹങ്ങള്‍ കൊണ്ടുവന്നു കിടത്തി കുളിപ്പിച്ചു ശുചിയാക്കി, അതത് മതാചാരങ്ങള്‍ അനുസരിച്ചുള്ള ചടങ്ങുകള്‍ നടത്താന്‍ പള്ളി കമ്മിറ്റിക്കാര് തയ്യാറായി. അവിടെ ചെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ക്കു അതു ചെയ്യാന്‍ വൈമനസ്യമുണ്ടായില്ല. എന്നുമാത്രമല്ല ചടങ്ങുകള്‍ക്ക് ചുമതല വഹിക്കുന്ന ആളുകളെ കണ്ടെത്തിക്കൊണ്ടുവരാനും സന്നദ്ധരായി.
കവളപ്പാറയിലാകട്ടെ 49 ഓളം മൃതദേഹങ്ങള്‍ കണ്ടെടുക്കുകയുണ്ടായി. ഇനിയും ഒരു ഡസനോളം പേരുടെ വിവരങ്ങള്‍ കിട്ടിയിട്ടില്ല. കിട്ടിയവ ഏറ്റെടുക്കാനും, അതത് വിഭാഗത്തിന്റെ ചടങ്ങുകള്‍ അനുസരിച്ച് സംസ്കരിക്കുന്നതും പ്രശ്നമായിരുന്നു. അതിന് സേവാഭാരതി തന്നെ മുന്‍കയ്യെടുത്തു. ദഹിപ്പിക്കാനാവശ്യമായ ചിരട്ട, വിറക്, ചകിരി മുതലായവ സംഭരിച്ച് നാല്‍പ്പതില്‍പ്പരം ദേഹങ്ങള്‍ക്ക് അവര്‍ അഗ്നിസംസ്കാരം നടത്തി.
നാലു പതിറ്റാണ്ടുകള്‍ക്കു മുന്‍പ്, ആന്ധ്രാ തീരത്തു വീശിയ സുനാമി തിരകള്‍ അടിച്ചുകയറിയപ്പോള്‍ പതിനായിരക്കണക്കിന് ജീവഹാനി സംഭവിച്ചിരുന്നു. വാര്‍ത്താവിനിമയ ബന്ധങ്ങളും ഗതാഗതവും തകരാറിലായി. അന്ന് സര്‍സംഘചാലക് ബാളാ സാഹിബ് ദേവറസിന്റെ ആഹ്വാനമനുസരിച്ച് പതിനായിരക്കണക്കിന് സ്വയംസേവകര്‍ അവിടെയെത്തി നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ സര്‍വത്ര പ്രശംസിക്കപ്പെട്ടു. അന്നവിടെ ആ സേവനം കണ്ട സംഘ വിമര്‍ശകര്‍ സംഘത്തെ റെഡി ഫോര്‍ സെല്ഫ്ലെസ് സര്‍വീസ് (ആര്‍എസ്എസ്) എന്നു വിശേഷിപ്പിച്ചു. അവിടത്തെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് വികസിച്ചുവന്നതാണ് സേവാഭാരതി പ്രസ്ഥാനം. ഇന്ന് രാജ്യത്ത് ഏറ്റവും വ്യാപകവും ആസൂത്രിതവും സര്വസാമഗ്രിസജ്ജവും സദാ സേവന സജ്ജവുമായ പ്രസ്ഥാനം സേവാഭാരതിയാണ്.
അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കുള്ള ഉത്തമ വിശ്വാസത്തിന്റെ പ്രത്യക്ഷ ഉദാഹരണങ്ങള്‍ ഈ കാലവര്‍ഷക്കാലത്ത് മഹാരാഷ്ട്രയിലും ഗുജറാത്തിലും ഹിമാചലിലും കാണുകയുണ്ടായി. കടുത്ത സംഘവിമര്ശകനായിരുന്ന ജയപ്രകാശ് നാരായണന് 1966-ലെ ബീഹാര്‍ പ്രളയകാലത്ത് കോശി നദീതടത്തില്‍ സ്വയംസേവകര്‍ ചെയ്ത നിതാന്ത സേവനങ്ങള്‍ക്ക് ദൃക്സാക്ഷിയാവുകയും, അവരോടൊപ്പം കുറേ സമയം ചെലവഴിക്കുകയും ചെയ്ത ശേഷമാണ് സംഘത്തോട് സഹിഷ്ണുത പുലര്‍ത്തിത്തുടങ്ങിയത്. ആര്‍എസ്എസ് വര്‍ഗീയമാണെങ്കില്‍ ഞാനും വര്‍ഗീയനാണ് എന്ന് 1975-ല്‍ പരസ്യമായി പ്രഖ്യാപിക്കത്തക്കവിധം ആ അടുപ്പം ദൃഢത പ്രാപിച്ചുവല്ലോ.
കവളപ്പാറയിലെ ആപദ്ഗ്രസ്തമായ പ്രദേശത്തിന് ഭൂദാനം എന്നാണ് പറയാറ്. അതിന്റെ പിന്നില്‍ അധികമാരും ഓര്‍ക്കാത്ത ഒരു കഥയുണ്ട്. മുന്‍കാലത്ത് കേരള സംസ്ഥാന രൂപീകരണത്തിനു മുന്‍പ് ഇന്നത്തെ മലപ്പുറം ജില്ലയുടെ കിഴക്കന്‍ ഭാഗവും നീലഗിരിയിലെ ഗൂഢല്ലൂരും നിലമ്പൂര്‍ കോവിലകം വകയായിരുന്നു. ആചാര്യ വിനോബാജി ഭൂദാന പ്രസ്ഥാനത്തിനായി യാചനാ യാത്ര നടത്തിയതിന്റെ ഭാഗമായി കേരളത്തിലും വന്നിരുന്നു. അന്ന് കോവിലകം വക 1000 ഏക്കര്‍ ഭൂദാനമായി നല്കാന് അന്നത്തെ കാരണവരായ അനുജനുണ്ണി തിരുമുല്‍പ്പാട് സമ്മതിച്ചിരുന്നു. സമ്മതപത്രം അന്നത്തെ പ്രായപൂര്‍ത്തിയായ എല്ലാ കുടുംബാംഗങ്ങളും ഒപ്പിട്ടു വേണ്ടിയിരുന്നു നല്കാന്.
1955-ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ മലബാര്‍ പര്യടനത്തില്‍ അതു സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കാന്‍ തീരുമാനിക്കപ്പെട്ടു. കേരളത്തിലെ ആദ്യകാല പ്രചാരകന്മാരില്‍പ്പെട്ട ടി.എന്‍. ഭരതനും ജ്യേഷ്ഠന് മാര്‍ത്താണ്ഡവര്‍മ്മയും ആ സമ്മതപത്രത്തില്‍ ഒപ്പിട്ടിരുന്നു. നെഹ്റു കോവിലകത്തു വന്നതിന്റെയും, വലിയ തമ്പുരാന് അസുഖമായതിനാല്‍ അനുജനും അടുത്ത സ്ഥാനിയുമായ കൊച്ചുണ്ണി തിരുമുല്‍പ്പാട് (മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും മുന്‍ ബിഎംഎസ് ദേശീയാധ്യക്ഷനുമായ രാ. വേണുഗോപാലന്റെ അച്ഛന്) സമ്മതപത്രം നെഹ്റുവിനെ ഏല്‍പ്പിച്ചതിന്റെയും, അവിടെനിന്ന് വിശിഷ്ടാതിഥികള്‍ ഭക്ഷണം കഴിച്ചതിന്റെയും വിവരങ്ങള്‍ ഭരതേട്ടന് പറഞ്ഞുകേട്ടിട്ടുണ്ട്.
ഏറനാട് താലൂക്കിലെ 141 ഭൂരഹിത കുടുംബങ്ങള്‍ക്കായി ആയിരം ഏക്കര്‍ സ്ഥലം വിതരണം ചെയ്തു. സ്ഥലം കൈമാറുകയോ, അന്യാധീനപ്പെടുത്തുകയോ ചെയ്യുന്നതിനെ വിലക്കുന്ന വ്യവസ്ഥയും അതിലുണ്ടായിരുന്നത്രേ. എന്നാല്‍ കുടുംബാംഗങ്ങള്‍ക്ക് ഭാഗിക്കുന്നതിന് തടസ്സമുണ്ടായില്ല. അങ്ങനെ ഭൂമി ലഭിച്ചവര്‍ മാത്രമല്ല ഇന്നവിടെയുള്ളത് എന്നതും വസ്തുതയാണ്.
ജനശ്രദ്ധയുയര്ത്തുന്ന അവിടത്തെ ഒട്ടേറെ ദൃശ്യങ്ങളും സംഭവങ്ങളും ചരിത്രവും പത്രമാധ്യമങ്ങളില്‍ പ്രചരിച്ചത് കാണപ്പെട്ടു. ആ സ്ഥലം ജനവാസ കേന്ദ്രമായതിന്റെ പശ്ചാത്തലത്തില്‍ ഇപ്രകാരമൊരു ചരിത്രവസ്തുത കൂടിയുണ്ടെന്നു മറന്നുകൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: