മുഖ്യപ്രാണാണുത്വാധികരണം
ഈ അധികരണത്തില്‍ ഒരു സൂത്രമേ ഉള്ളൂ.
സൂത്രം അണുശ്ച
മുഖ്യ പ്രാണന് അണു പരിമാണന്നുമാണ് അഥവാ പ്രാണന് സൂക്ഷ്മ സ്വരൂപിയുമാണ്.
പ്രാണന് അഞ്ചു തരത്തിലുള്ള വൃത്തിയെ ചെയ്യുന്നതിനാല്‍ സ്ഥൂലമാണെന്ന് തോന്നുമെങ്കിലും സൂക്ഷ്മരൂപം കൂടിയാണ്. സൂക്ഷ്മമായതിനാല്‍ അത് സര്‍വവ്യാപിയെന്നും കരുതണം.എന്നാല്‍ പരിച്ഛിന്നതയുമുണ്ട്.
മുഖ്യ പ്രാണനും മറ്റ് പ്രാണങ്ങളെപ്പോലെ സൂക്ഷ്മവും പരിച്ഛിന്നവുമാണ്. അണു എന്നത് കൊണ്ട് വളരെ സൂക്ഷ്മമായതെന്നും വളരെ പരിച്ഛിന്നമെന്നുമാണ്. അണുവിന് വ്യാപ്തിയില്ലാത്തതിനാല് അത് പരിമാണത്തെക്കുറിക്കുന്നില്ല. എന്നാല്‍ പ്രാണന് ദേഹം മുഴുവന്‍ വ്യാപിച്ചിരിക്കുന്നുണ്ട്. വളരെ സൂക്ഷ്മമായതിനാല്‍ ശരീരം വിട്ടു പോകുമ്പോള്‍ അടുത്തിരിക്കുന്നവര്‍ക്ക് പോലും കാണാന്‍ സാധിക്കില്ല. പ്രാണന്റെ ശരീര പ്രവേശവും പോക്കും പറഞ്ഞതിനാല്‍ അത് പരിച്ഛിന്നമാണെന്ന് കാണിക്കുന്നു. അണുവിനേക്കാള്‍ അണുവായി വേണം പ്രാണനെ അറിയാന്‍.
ജ്യോതിരാദ്യധികരണം
ഈ അധികരണത്തില്‍ മൂന്ന് സൂത്രങ്ങളുണ്ട്.
സൂത്രം ജ്യോതിരാദ്യധിഷ്ഠാനം തു തദാമനനാത്
പ്രാണങ്ങള്‍ അധിഷ്ഠാന ദേവതകളുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്നുവെന്നത് ശ്രുതി പറഞ്ഞിട്ടുള്ളതായതിനാല് വാസ്തവമാണ്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍
അഗ്നി മുതലായ തത്വങ്ങളുടെ അധിഷ്ഠാന ദേവത ബ്രഹ്മം തന്നെയാണ് എന്തുകൊണ്ടെന്നാല്‍ ശ്രുതിയില്‍ അങ്ങനെ പറഞ്ഞിട്ടുണ്ട്.
പ്രാണങ്ങളുടെ പ്രവര്‍ത്തനം സ്വമഹിമാവിനാലാണോ അതോ അവയെ അധിഷ്ഠാനം ചെയ്യുന്ന ദേവതകളെ ആശ്രയിച്ചാണോ എന്നതിനെ ഇവിടെ വിചാരം ചെയ്യുന്നു. സ്വന്തം ശക്തിവിശേഷത്തിലാണ് അവ പ്രവര്‍ത്തിക്കുന്നതെന്ന് പൂര്‍വ്വ പക്ഷം വാദിക്കുന്നു. അധിഷ്ഠാന ദേവതകളെ ആശ്രയിച്ചാണെങ്കില്‍ ഫലത്തിന്റെ അനുഭവം ആ ദേവതകള്ക്കാകും. ജീവന് അതുണ്ടാകില്ല എന്നാണ് അവരുടെ വാദം.
എന്നാല്‍ ഈ വാദം തെറ്റാണെന്ന് സൂത്രം വ്യക്തമാക്കുന്നു. അഗ്നി മുതലായ ദേവതകള്‍ വാഗീന്ദ്രിയങ്ങളില് പ്രവേശിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ശ്രുതി പറയുന്നു. ഐതരേയോപനിഷത്തില്‍ ‘അഗ്നിര്വാഗ് ഭൂത്വാ മുഖം പ്രാവിശത്, വായു: പ്രാണോ ഭൂത്വാ നാസികേ പ്രാവിശത്’ അഗ്നി വാക്കായിത്തീര്‍ന്ന് മുഖത്തിലും വായു പ്രാണനായിത്തീര്ന്ന് നാസികയിലും പ്രവേശിച്ചു എന്ന് പറയുന്നുണ്ട്.
ഇപ്രകാരം ഓരോ ദേവതയും അതാത് ഇന്ദ്രിയങ്ങളെ അധിഷ്ഠാനം ചെയ്ത് അവയെ പ്രവര്‍ത്തിപ്പിക്കുന്നു. അതിനാല്‍ അധിദൈവതമെന്ന നിലയിലുള്ള ദേവതകള്‍ അദ്ധ്യാത്മങ്ങളായ ഇന്ദ്രിയങ്ങളില്‍ പ്രവേശിച്ച് അധിഭൂതമായ പ്രവൃത്തിയെ ചെയ്യുന്നു എന്നതാണ് ശ്രുതി സമ്മതം.
ഛാന്ദോഗ്യോപനിഷത്തില്‍ അഗ്നി, ജലം, ഭൂമി എന്നീ മൂന്ന് ഭൂതങ്ങളില്‍ നിന്നാണ് ജഗത്തിന്റെ ഉല്‍പ്പത്തിയെന്ന് പറയുന്നു. എന്നാല്‍ അവയുടെ അടിസ്ഥാന ദേവത ബ്രഹ്മം തന്നെയെന്ന് ഉറപ്പിക്കുകയാണ് ഈ അധികരണത്തിലെ സൂത്രങ്ങളിലൂടെ എന്നും കരുതുന്നവരുണ്ട്.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: