കൊച്ചി: മഹാപ്രളയത്തില്‍ സകലതും നഷ്ടപ്പെട്ട് തലചായ്ക്കാന്‍ ഒരിടം പോലുമില്ലാതായ ആയിരങ്ങള്‍ക്ക് അത്താണിയായി സേവാഭാരതി. അവര്‍ക്ക് അന്തിയുറങ്ങാന്‍, പുതുജീവിതം കെട്ടിപ്പടുക്കാന്‍, പുനര്‍ജ്ജനി പദ്ധതിയുമായി സേവാഭാരതി ഒരു വര്‍ഷമായി സജീവമായി രംഗത്തുണ്ട്. പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ആയിരം വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്. ഇതില്‍ 533 വീടുകളുടെ നിര്‍മാണം നടക്കുകയാണ്. 350 വീടുകള്‍, മൂന്നു മാസങ്ങള്‍ക്കകം നിര്‍മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറുമെന്ന് സേവാഭാരതി സംസ്ഥാന സെക്രട്ടറി എ.വി. ശങ്കരന് ജന്മഭൂമിയോടു പറഞ്ഞു.
ഇവയില്‍ പുതുതായി നിര്‍മിക്കുന്നവയും പ്രളയത്തില്‍ ഭാഗികമായി തകര്‍ന്നവയും ഉണ്ട്. സേവാഭാരതി കേരള ഘടകവും ദേശീയ സേവാഭാരതിയും ഇതര സംസ്ഥാന ഘടകങ്ങളും തോളോടു തോള് ചേര്‍ന്നു നിന്നാണ് ഇത്രയും വീടുകള്‍ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്നത്.
പതിനഞ്ച് കോടിയോളമാണ് ഇതിനകം വീടുകള്‍ നിര്‍മിക്കാനും ഭാഗികമായി തകര്‍ന്നവ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാനുമായി പ്രദേശിക ഘടകങ്ങള്‍ക്ക് കൈമാറിയത്.
ഫണ്ട് ലഭിച്ചെങ്കിലും സ്ഥലം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അറുപതിലേറെ വീടുകളുടെ നിര്‍മാണം തുടങ്ങാനാ യിട്ടില്ല. സേവാഭാരതി പ്രാദേശിക ഘടകങ്ങളുടെയും ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും വിലയിരുത്തല്‍ വഴിയാണ് ഗുണഭേക്താക്കളെ കണ്ടെത്തിയത്. അവര്‍ നല്കിയ റിപ്പോര്‍ട്ടുകള്‍ വിഭാഗ് തലത്തില്‍ പരിശോധിച്ചാണ് അന്തിമ അനുമതി നല്‍കിയത്.
മഹാപ്രളയം ഏറ്റവുമധികം നാശം വിതച്ച ആലപ്പുഴ ജില്ലയിലാണ് കൂടുതല്‍ വീടുകള്‍ നല്‍കുന്നത്-155. പത്തനംതിട്ട 62, കോട്ടയം 10, ഇടുക്കി 28, എറണാകുളം 82, തൃശൂര്‍ 58, പാലക്കാട് 23, മലപ്പുറം 16, കോഴിക്കോട് 52 , വയനാട് 40, കണ്ണൂര്‍ 7 എന്നിങ്ങനെയാണ് വീടുകള്‍ നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: