ജ്യേഷ്ഠന്മാരെയും ഗുരുഭൂതന്മാരെയും വന്ദിച്ച് കാഞ്ചനാദി മഹര്‍ഷിമാരോടൊപ്പം ശത്രുഘ്നന്‍ സൈന്യസമേതം യാത്രയായി. അസ്തമിക്കാന്‍ നേരത്ത് വാല്മീകിയുടെ ആശ്രമത്തിലെത്തി മഹര്‍ഷിയുടെ സല്ക്കാരമേറ്റ് അവിടെ തങ്ങി. അവര്‍ വിശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇവിടെ പണ്ടൊരു യാഗം നടന്നല്ലോ അതിന്റെ കഥയെന്തെന്ന് ശത്രുഘ്നന്‍ ചോദിച്ചു.അപ്പോള്‍ വാല്മീകി പറഞ്ഞു. സൂര്യവംശത്തില്‍ സുദാസന്‍ എന്നൊരു രാജാവുണ്ടായിരുന്നു. അയാള്‍ക്ക് മിത്രസഹന് എന്നൊരു പുത്രനുണ്ടായി. സുദാസന്റെ മകനായതിനാല്‍ സൗദാസന്‍ എന്നും വിളിക്കുന്നു. സൗദാസന്‍ മൃഗയാവിനോദത്തിനായി കാട്ടിലെത്തി മൃഗങ്ങളെക്കൊന്ന് സഞ്ചരിക്കുമ്പോള്‍ രണ്ടു രാക്ഷസന്മാര് ശാര്‍ദ്ദൂലവേഷത്തില്‍(കടുവ, പുലി) വിഹരിക്കുകയായിരുന്നു. അവയില്‍ ഒന്നിനെ മിത്രസഹന് വധിച്ചു. മറ്റേ രാക്ഷസന് സുദാസനോട് പകരം വീട്ടുമെന്ന് പ്രതിജ്ഞയെടുത്തു. സുദാസന്റെ മരണശേഷം സൗദാസന്‍ രാജാവായി. വസിഷ്ഠനെ വച്ച് ഒരുയാഗം ചെയ്തു. ആസമയത്ത് വസിഷ്ഠന്റെ വേഷത്തില്‍ രാക്ഷസന് അവിടെവന്നു. ഭക്ഷണത്തിന് മാംസക്കറി വേണമെന്ന് രാജാവിനോടു പറഞ്ഞിട്ടുപോയി. രാജാവ് പാചകക്കാരനെ വിളിച്ച് മാംസക്കറിയുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചു. രാക്ഷസന് പാചകക്കാരന്റെ വേഷത്തില്‍ മനുഷ്യമാംസം പാകംചെയ്തുവച്ചു. ഭക്ഷണത്തിനെത്തിയ വസിഷ്ഠന് തനിക്കു മനുഷ്യമാംസം വിളമ്പിയതുകണ്ട് കുപിതനായി നീ മനുഷ്യമാംസം ഭക്ഷിക്കുന്ന രാക്ഷസനായിപ്പോകട്ടെയെന്നു ശപിച്ചു. വസിഷ്ഠന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ മാംസക്കറിയുണ്ടാക്കിയതെന്ന് സൗദാസന്‍ വാദിച്ചപ്പോള്‍ ജ്ഞാനദൃഷ്ടികൊണ്ട് മഹര്‍ഷി രാക്ഷസന് ചതിച്ചതാണെന്നു മനസ്സിലാക്കി. പന്ത്രണ്ടുവര്‍ഷം കഴിഞ്ഞ് ശാപമോക്ഷം കിട്ടുമെന്ന് രാജാവിനെ അനുഗ്രഹിച്ചു. പന്ത്രണ്ടുവര്‍ഷം രാക്ഷസനായി ജീവിച്ചശേഷം സൗദാസന്‍ മടങ്ങിവന്ന് വീണ്ടും രാജാവായി. അന്ന് രാജാവ് വീണ്ടും യാഗം ചെയ്യിച്ചസ്ഥലമാണിത് എന്ന് വസിഷ്ഠന് പറഞ്ഞുകൊടുത്തു.
ശത്രുഘ്നന്‍ ആശ്രമത്തില്‍ താമസിക്കുന്ന സമയത്ത് സീത ഇരട്ടപ്രസവിച്ചു. സന്തോഷിച്ച മഹര്‍ഷി
കുട്ടികള്‍ക്ക് ലവനെന്നും കുശനെന്നും പേരിട്ട് ജാതകര്‍മ്മങ്ങളൊക്കെ വിധിയാം വണ്ണം നടത്തി. ശത്രുഘ്നനും വളരെ സന്തോഷിച്ചു.
ശത്രുഘ്നന്‍ ലവണനുമായി യുദ്ധത്തിനായി പുറപ്പട്ടസമയത്ത് ലവണന് മാന്ധാതാവിനെ ശൂലംകൊണ്ടു വധിച്ച സംഭവം മുനി പറഞ്ഞുകൊടുത്തു. ശിവന് നല്കിയ ശൂലം കൈയിലില്ലെന്ന് ഉറപ്പുവരുത്തിയിട്ടെ ലവണനോടു യുദ്ധം ചെയ്യാവൂ എന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: