സന: ആഭ്യന്തര കലാപം രൂക്ഷമായിരിക്കുന്ന യെമന്റെ തീരത്ത് കൂടി പടുകൂറ്റൻ ടൈം ബോംബ് ഒഴുകി നടക്കുന്നു. ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന തരത്തിലാണിത്. പൊട്ടിത്തെറിയുണ്ടായാൽ ലോകം ഇന്നേവരെ കാണാത്ത ഭീകരമായ പാരിസ്ഥിതിക ദുരന്തമായിരിക്കും ഉണ്ടാവുക.
റാസ തുറമുഖത്തോടു ചേർന്നുള്ള കപ്പലിലാണ് ഈ ബോംബുള്ളത്. ഐക്യരാഷ്ട്ര സംഘടനയാണ് ഒഴുകി നീങ്ങുന്ന ടൈംബോംബെന്ന് ഇതിനെ വിശേഷിപ്പിച്ചത്. റാസ തുറമുഖത്തിന് 70 കിലോമീറ്റർ അകലെയായാണ് കപ്പലുള്ളത്. യെമൻ ഉടമസ്ഥതയിലുള്ള ഈ കപ്പൽ 2015 മുതൽ ഇവിടെയാണുള്ളത്. പല വലിപ്പത്തിലുള്ള് ഏകദേശം 34 ക്രൂഡ് ഓയിൽ ടാങ്കറുകൾ ഈ കപ്പലിലുണ്ടെന്ന് കരുതുന്നു. ഇതിലെല്ലാം കൂടി ഏകദേശം 30 ലക്ഷം ബാരൽ ഉൾക്കൊള്ളാനാവും. 2015ൽ ഹൂതി വിമതർ തുറമുഖം പിടിച്ചെടുത്തതോടെ ഈ കപ്പൽ ഗതാഗതത്തിന് ഉപയോഗിച്ചിട്ടില്ല.
കപ്പലിന്റെ അപകടസാധ്യതയെക്കുറിച്ച് കഴിഞ്ഞയാഴ്ച യെമൻ സർക്കാർ ട്വിറ്ററിൽ ആനിമേഷൻ വീഡിയോ പുറത്തുവിട്ടിരുന്നു. ജപ്പാനിൽ നിർമിച്ച ഈ കപ്പൽ പൂർണമായും ലോഹത്തിലുള്ളതാണ്. കപ്പലിലെ എണ്ണ വീപ്പകളിൽ നിന്നും പുറത്തുവരുന്ന സജീവ വാതകങ്ങൾ അന്തരീക്ഷത്തിൽ കലരുകയും അതുവഴി വൻ സ്ഫോടനം ഉണ്ടാവുകയും ചെയ്യും. വീപ്പകൾ സൂക്ഷിച്ചിരിക്കുന്ന ടാങ്കറുകളിലേക്ക് അലസ വാതകങ്ങൾ പമ്പ് ചെയ്താണ് ഈ പ്രശ്നം പരിഹരിക്കുക. അവസാനമായി രണ്ടു വർഷം മുമ്പാണ് അലസവാതകങ്ങൾ ഈ ടാങ്കറിലേക്ക് പ്രയോഗിച്ചത്.
പ്രതികൂല സാഹചര്യങ്ങൾ മൂലം കപ്പൽ ദ്രവിച്ച് രണ്ടായി പിളരാനുള്ള സാധ്യതയും ഏറെയാണ്. യെമനിലെ കടുത്ത ചൂടും കടലിലെ ഉപ്പുവെള്ളവും അന്തരീക്ഷ ഊഷ്മാവും എല്ലാം ചേർന്ന് കപ്പലിനെ അപകടത്തിലാക്കുന്നുണ്ട്. കപ്പലിനുള്ളിലെ വിശദ വിവരങ്ങൾ പുറം ലോകത്തിന് ലഭ്യമാകാത്തത് ആശങ്കയുളവാക്കുന്നുണ്ട്. കപ്പലിൽ നിന്നും അൽപ്പാല്പം എണ്ണ കടലിലേക്ക് ചോരുന്നുണ്ടെന്നാണ് യെമൻ യുഎന്നിനെ അറിയിച്ചിരിക്കുന്നത്. ഈ എണ്ണയ്ക്ക് തീ പിടിച്ചാൽ രാജ്യാന്തര കപ്പൽ സർവീസിനെ സാരമായി ബാധിക്കും.
കപ്പൽ പരിശോധിക്കാനുള്ള യുന്നിന്റെ ശ്രമത്തെ ഹൂതി വിമതർ പലവട്ടം തടഞ്ഞതോടെ പ്രശ്നം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: