രണ്ടാം അദ്ധ്യായം മൂന്നാം പാദത്തിലെ വിയദധികരണം തുടരുന്നു. ആകാശത്തെ സൃഷ്ടിച്ചതല്ല എന്ന പൂര്‍വപക്ഷത്തിന്റെ വാദമാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്.സൂത്രം ശബ്ദാച്ചശ്രുതിയില്‍ പറഞ്ഞിട്ടുള്ളതിനാല്‍ ആകാശം നിത്യമാണെന്ന് പറയാം. അതിന് ഉല്പ്പത്തിയില്ല.
ആകാശം ഉല്‍പ്പത്തിയോ നാശമോ ഇല്ലാത്തതാണെന്നും നിത്യമാണെന്നും പറയുന്ന ശ്രുതികളുണ്ട്. ബൃഹദാരണ്യ കത്തില്‍ ‘വായുശ്ചാന്തരിക്ഷം ചൈതമൃതം ‘ വായുവും ആകാശവും അമൃതമാണ്. അമൃതമായ ഒന്നിന് ഉല്പ്പത്തിയുണ്ടാവുകയില്ല.’ ആകാശവത് സര്‍വ്വഗതശ്ച നിത്യ:’ ആകാശംപോലെ സര്‍വഗതവും നിത്യവുമാണ് എന്ന് പറയുമ്പോള്‍ സര്‍വ്വഗതത്വം നിത്യത്വം എന്നീ ഗുണങ്ങള്‍ ആകാശത്തിനുണ്ടെന്ന് കരുതണം. തൈത്തിരീയത്തില്‍ ‘ആകാശ ശരീരം ബ്രഹ്മ’ ‘ആകാശ ആത്മാ’തുടങ്ങിയ ശ്രുതികളനുസരിച്ച് ആകാശം നിത്യമാണെന്നും അതിന് ഉല്‍പ്പത്തിയില്ലെന്നും കരുതണമെന്ന് പൂര്‍വപക്ഷം പറയുന്നു. ഉല്പ്പത്തിയുള്ളതാണെങ്കില് ആകാശത്തെ ബ്രഹ്മത്തോട് സാദൃശ്യപ്പെടുത്തുകയില്ല എന്നും അവര്‍ വാദിക്കുന്നു.
സൂത്രം സ്യാച്ചൈകസ്യ ബ്രഹ്മ ശബ്ദവത്
(സ്യാത് ച ഏകസ്യ ബ്രഹ്മശബ്ദവത്)
ഒരു സംഭൂത ശബ്ദത്തിന് ബ്രഹ്മ ശബ്ദത്തെപ്പോലെ ഗൗണത്വവും വരാം. ഒരേ വാക്കിന് തന്നെ മുഖ്യമായ അര്‍ത്ഥവും ഗൗണമായ അര്‍ത്ഥവും ഉണ്ടാകും.
ഉദാഹരണത്തിന് തൈത്തിരീയത്തില്‍ ‘ തപസാ ബ്രഹ്മ വിജിജ്ഞാസസ്വ, തപോ ബ്രഹ്മ ‘ തപസ്സിനാല്‍ ബ്രഹ്മത്തെ അറിയാനാഗ്രഹിക്കുക, തപസ്സ് ബ്രഹ്മമാണ് എന്നതില്‍ ബ്രഹ്മ ശബ്ദം, മുഖ്യാര്ത്ഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. തപസ്സ് എന്നത് ജ്ഞാനമയമായ തപസ്സ് എന്ന തരത്തിലാണ്. പിന്നീട് അവിടെ തന്നെ അന്നം ബ്രഹ്മ എന്നത് ഗൗണമായും ആനന്ദ ആത്മാ എന്നത് മുഖ്യമായും പറഞ്ഞുവെന്ന് പൂര്‍വപക്ഷം. അതുപോലെ തന്നെയാണ് തൈത്തിരീയ ശ്രുതിയിലെ സംഭൂത ശബ്ദം, ആകാശത്തിന്റെ കാര്യത്തില്‍ ഗൗണമായും മറ്റിടങ്ങളില്‍ മുഖ്യമായും ഉപയോഗിച്ചിരിക്കുന്നു എന്ന് കരുതുന്നു. നിത്യമായ ആകാശം പിന്നീട് ഉണ്ടായി എന്ന് പറഞ്ഞാല്‍ ശരിയാവില്ല. നിത്യമായ ആകാശം ബ്രഹ്മത്തോട് ചേര്‍ന്നിരിക്കുന്നു. പാലില്‍ വെള്ളമൊഴിച്ചാല്‍ രണ്ടും ഒന്നാകുന്നത് പോലെയാണിത്. അപ്പോഴും പാല് എന്ന് സാധാരണ പറയും. ബ്രഹ്മത്തിനോട് ചേര്‍ന്നിരിക്കുന്ന ആകാശത്തെ വേറെ കാണേണ്ടതില്ല. അപ്പോഴും ബ്രഹ്മമെന്നും അദ്വിതീയമെന്നും പറയുന്നു. സൃഷ്ടിയുടെ ആരംഭത്തില്‍ ആകാശം വേറെനില്ക്കുന്നുവെന്നും കരുതണം. അതിനാല്‍ ആദ്യം അഗ്നിയെ സൃഷ്ടിച്ചു എന്ന ഛാന്ദോഗ്യ ശ്രുതി സ്വീകരിക്കണക്കണമെന്നാണ് പൂര്‍വപക്ഷത്തിന്റെ നിര്‍ദ്ദേശം. ആകാശത്തെ ആദ്യമുണ്ടാക്കി എന്ന തൈത്തിരീയ ശ്രുതിയെ പരിഗണിക്കേണ്ടതില്ല. അഥവാ അപ്രധാനമായി കരുതിയാല്‍ മതി എന്ന് ഇവര്‍ വാദിക്കുന്നു. പൂര്‍വപക്ഷത്തിനുള്ള മറുപടിയും ഈ സൂത്രത്തിലുള്ളതായി ചില വ്യാഖ്യാതക്കള്‍ ചൂണ്ടിക്കാട്ടുന്നു.
തൈത്തിരീയത്തിലെ ആകാശമുണ്ടായി എന്ന പ്രസ്താവന ഗൗണ അര്‍ത്ഥത്തിലല്ല എന്ന് കാണാം. ആകാശത്തെപ്പോലെ വായു, അഗ്നി തുടങ്ങിയവയെക്കുറിച്ചും പറയുന്നു. അതില്‍ ഒന്ന് മാത്രം ഗൗണമാണെന്ന് എങ്ങനെ പറയും. മറ്റൊ തൊക്കെ സത്യമാണെന്നും വരും.അത്യാവശ്യമില്ലാതെ പറയുന്ന ശബ്ദത്തെയാണ് ഗൗണം എന്ന് പറയുന്നത്. തൈത്തിരീയത്തിലെ ആകാശത്തിന്റെ ഉദ്ഭവം ഗൗണമായി പറയാനാകില്ല. അടുത്ത രണ്ട് സൂത്രങ്ങളിലായി പൂര്‍വപക്ഷത്തിന്റെ വാദങ്ങളെ നന്നായി നിഷേധിക്കുകയും അവയ്ക്ക് മറുപടി പറയുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: