കേരളത്തിലെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനമായിരിക്കേണ്ട തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ് ഒന്നരനൂറ്റാണ്ടുകാലത്തിനു മീതെ ഒരു പത്തുവര്‍ഷംകൂടി പിന്നിടുമ്പോള്‍ ഏറ്റവും കുപ്രസിദ്ധിയാര്‍ജിക്കുന്ന ക്രിമിനലുകളുടെ താവളമായിത്തീര്‍ന്ന ദുരവസ്ഥയിലാണ്. മലയാളക്കരയിലെ അല്ല, രാജ്യമെങ്ങും അന്താരാഷ്ട്ര തലത്തിലും പ്രശസ്തിയാര്‍ജിച്ച ഒട്ടേറെ മഹത്തുക്കളുടെ പഠനക്കളരിയായിരുന്നു ആ സ്ഥാപനം. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കാനാരംഭിച്ച ആ സ്ഥാപനം ഏറെക്കാലം മഹാരാജാസ് കോളജ് ഓഫ് സയന്‍സ് എന്ന പേരിലാണറിയപ്പെട്ടിരുന്നത്.
ഏഴു പതിറ്റാണ്ടു മുന്‍പ് അവിടെ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴും ആ സ്ഥാപനം സംസ്ഥാനത്തെ ഏറ്റവും മികച്ച പഠനാന്തരീക്ഷം നിലനിര്‍ത്തിയിരുന്നു. പ്രഗത്ഭരായ ഒട്ടേറെ അദ്ധ്യാപകര്‍ അവിടത്തെ അക്കാദമിക രംഗത്തുണ്ടായിരുന്നു. രാജ്യത്തെ ഊര്‍ജതന്ത്ര വിചക്ഷണരുടെ മുന്‍പന്തിയില്‍ സ്ഥാനംവഹിച്ച ഡോ. സി.എസ്. വെങ്കിടേശ്വരന്, രസതന്ത്രത്തിലെ നാരായണന് പോറ്റി, സകലശാസ്ത്രശാഖകളിലും സാഹിത്യരംഗത്തും മുന്‍പന്തിക്കാരനായിരുന്ന ഡോ. കെ.ഭാസ്കരന് നായര്‍, ഭാഷാഗവേഷണരംഗത്തെ കുലപതിമാരായിരുന്ന ശൂരനാട്ട്-ഇളംകുളം കുഞ്ഞന്‍ പിള്ളമാര്‍, ആംഗല സാഹിത്യാദ്ധ്യാപകരായിരുന്ന ഈശ്വരിയമ്മ, ജി. കുമാരപിള്ള, അയ്യപ്പപ്പണിക്കര്‍ ഇങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര അദ്ധ്യാപകര്‍ അവിടെയുണ്ടായിരുന്നു. കേരളീയ ഗണിതശാസ്ത്രപഠന ഗവേഷണ രംഗത്തെ പ്രശസ്തനായ പരമേശ്വരന്, കോന്നിയൂര്‍ മീനാക്ഷിയമ്മ, എസ്. ഗുപ്തന് നായര്‍, ആനന്ദക്കുട്ടന് തുടങ്ങിയവരും അവിടെയുണ്ടായിരുന്നു.
വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍, അവിസ്മരണീയനായ ഒ.എന്‍.വി. കുറുപ്പ്, ഏറ്റുമാനൂര്‍ സോമദാസന്, നര്‍മ സാഹിത്യത്തില്‍ എതിരില്ലാത്ത ചെമ്മനം ചാക്കോ, തിരുനെല്ലൂര്‍ കരുണാകരന്, എം.കെ.സാനു, എം.എസ്. ചന്ദ്രശേഖരവാര്യര്‍, കഥകളി രംഗത്തെ വാദ്യവിദഗ്ദ്ധര്‍ വാരാണസി സഹോദരന്മാര്, കാര്‍ട്ടൂണിസ്റ്റുകളായ സുകുമാരന്‍ പോറ്റി, വാസു എന്നിവര്‍ അക്കൂട്ടത്തില്‍ ഏതാനുംപേര്‍ മാത്രമാണ്.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച സ്ഥാനങ്ങള്‍ കരസ്ഥമാക്കി പില്ക്കാലത്ത്, അത്യുന്നതങ്ങളില്‍ എത്തിച്ചേര്‍ന്ന വെങ്കിട്ടരമണനും സി.വി. സുബ്രഹ്മണ്യനും എന്‍.ഹരിഹരനും അവിടെ അധ്യാപകരായി ഉണ്ടായിരുന്നു. ഇവരൊക്കെ ഞാന്‍ അവിടെ വിദ്യാര്‍ത്ഥി ആയിരുന്ന കാലത്ത് ആ കലാലയത്തെ സമ്പുഷ്ടമാക്കിയവരാണ്. അതിനു മുന്‍പ് യൂണിവേഴ്സിറ്റി കോളജിന്റെ അലുമിനിയായവരില്‍ ഇന്നും നമ്മുടെ കൂടെയുള്ള പരമേശ്വര്‍ജിയും ആദ്ധ്യാത്മിക വിഭൂതിയായിരുന്ന നിത്യചൈതന്യയതിയും പെടും.
യൂണിവേഴ്സിറ്റി കോളജില്‍ എത്തുന്നതിനുമുന്പ് ഞാന്‍ മഹാത്മാഗാന്ധി കോളജിലാണ് ഇന്റര്‍മീഡിയറ്റിന് പഠിച്ചത്. അന്ന് ആ കോളജിന് ഇന്നത്തെ യൂണിവേഴ്സിറ്റി കോളജിന്റെ അവസ്ഥയായിരുന്നു. ആ കോളജിന്റെ നിര്‍മാണത്തിനായി ഞങ്ങളുടെ ഗ്രാമത്തില്‍പ്പോലും വിപുലമായ പണപ്പിരിവും ഉല്‍പ്പന്നപ്പിരിവും നടത്തിയിരുന്നു. തലസ്ഥാന നഗരിയിലേക്കു പ്രവേശിക്കുന്നിടത്ത് മഹാത്മാഗാന്ധിയുടെ നാമധേയം വഹിക്കുന്ന, സംസ്ഥാനത്തെ ഹിന്ദുക്കളുടേതായ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ധനസമാഹരണത്തിനായി മന്നത്തു പത്മനാഭപിള്ളയും ആഗമാനന്ദസ്വാമികളും ഒരുമിച്ച് ഞങ്ങളുടെ നാട്ടില്‍ വന്ന് പ്രമുഖ ഹിന്ദുക്കളെ സന്ദര്‍ശിച്ച് പണം പിരിച്ചതും ഓര്‍ക്കുന്നു.
അങ്ങനെ സ്വന്തം കുടുംബ സംഭാവന ചെന്നെത്തിയ ആ കലാലയത്തില്‍ ചേരാന്‍ ലഭിച്ച അവസരത്തില്‍ ഊറ്റംകൊണ്ട് അവിടെ ചേര്‍ന്ന ശേഷമുണ്ടായ അനുഭവം വളരെ നിരാശാജനകമായിരുന്നു. അവിടമായിരുന്നു അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നഴ്സറിപോലെ പ്രവര്‍ത്തിച്ചത്. പാര്‍ട്ടിക്കു നിരോധനമുണ്ടായിരുന്നതിനാല്‍ വിദ്യാര്‍ത്ഥി ഫെഡറേഷനായിട്ടാണ് പ്രവര്‍ത്തിച്ചത്. യൂണിയന് തെരഞ്ഞെടുപ്പ് വിപുലമായ അടി കലശലായിരുന്നു. ഏതാണ്ടെല്ലാ സീറ്റുകളും ഫെഡറേഷന് ജയിച്ചു. കോളജ് യൂണിയന് അവരുടെ എംബ്ലമായി തയ്യാറാക്കിയത് സോവിയറ്റ് യൂണിയന്റെ ഔദ്യോഗിക ചിഹ്ന(നമ്മുടെ അശോകസ്തംഭംപോലെ)ത്തിന്റെ സ്വരൂപമായിരുന്നു. അതില്‍ സ്റ്റാലിന്റെ രൂപം നിഴലിച്ചിരുന്നതു വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞു. ഒളിവില്‍ കഴിഞ്ഞ കമ്യൂണിസ്റ്റ് നേതാക്കളെ കോളജില്‍ വരുത്തി പ്രസംഗങ്ങള്‍ സംഘടിപ്പിച്ചുവന്നു. കമ്യൂണിസ്റ്റ് നേതാക്കളായ എ.കെ. ഗോപാലനും, മറ്റു പന്ത്രണ്ടുപേരും ജയില്‍ വിമോചിതരായത് അവരില്‍ ചിലര്‍ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ശേഷമായിരുന്നു. അവര്‍ക്ക് കോളജില്‍ സ്വീകരണം നല്കപ്പെട്ടു.
അവിടെ പണിമുടക്കിന് വിശേഷിച്ചു കാരണം വേണ്ടായിരുന്നു. വിയറ്റ്നാമില്‍ അമേരിക്ക ബോംബിട്ടാലും ദക്ഷിണ കൊറിയന്‍ സൈന്യം 38-ാം സമാന്തര രേഖയ്ക്കപ്പുറത്തേക്കു വെടിവെച്ചാലും എംജി കോളജില്‍ പണിമുടക്കായിരുന്നു. ഇന്ററിന്റെ ഒന്നാം വര്‍ഷത്തില്‍ ക്ലാസ്സ് നടന്നത് 160-ല്‍ 90 ദിവസം, രണ്ടാം വര്‍ഷത്തില്‍ 110 ദിവസം. ഇതുകൊണ്ടു മനംമടുത്താണ് യൂണിവേഴ്സിറ്റി കോളജില്‍ കയറാന്‍ ശ്രമിച്ചത്. അവിടെ പ്രവേശനം ലഭിച്ചത് ഊര്‍ജ്ജതന്ത്രത്തിലായിരുന്നു. തിരുവനന്തപുരത്തെ ഏറ്റവും വലിയ സ്വയംസേവകരില്‍ ഒരാളായിരുന്ന സി.വി. ലക്ഷ്മണന് അതേ ക്ലാസ്സില്‍.
ആ കലാലയത്തിന്റെ ഒന്നത്യം എല്ലാ തലത്തിലും കുറെക്കാലംകൂടി തുടര്‍ന്നതായി കാണാം. വിദ്യാലയങ്ങളില്‍ ജനായത്തിന്റെ പരിചയംകൂടി വിദ്യാര്‍ത്ഥി സമൂഹത്തില്‍ വളരണമെന്ന ലക്ഷ്യത്തോടെയായിരുന്നല്ലോ കോളജ് യൂണിയനും തെരഞ്ഞെടുപ്പുമൊക്കെ നടപ്പില്‍ വന്നത് അതു വിദ്യാര്‍ത്ഥി സമൂഹത്തിന്റെ അക്കാദമിക താല്‍പ്പര്യങ്ങള്‍ക്ക് ഹാനിവരുത്താതെ ജനായത്ത ബോധത്തിന് വളംവെയ്ക്കുന്ന വിധത്തിലായില്ലെന്നത് നമ്മുടെ രാഷ്ട്രീയകക്ഷികളുടെ ഭാഗത്തുവന്ന വീഴ്ചയാണ്. അധ്യാപകരും അധ്യേതാക്കളും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസ സമൂഹത്തിന്റെ സര്‍വതോമുഖമായ വളര്‍ച്ചയും കരുത്തും ലക്ഷ്യംവെച്ചുകൊണ്ട് ആരംഭിച്ച അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എബിവിപി) കേരളത്തില്‍ വേരുപിടിപ്പിക്കാന്‍ വളരെ പ്രയാസപ്പെട്ടുവെന്നതു നമുക്ക് അനുഭവമാണ്. എന്നാല്‍ പ്രയാസപ്പെട്ടാണെങ്കിലും അതിനു മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നതു ശ്രദ്ധേയമാണ്. 1968-ല്‍ തിരുവനന്തപുരത്തു നടന്ന അവരുടെ അഖിലേന്ത്യാ സമ്മേളനം വന്‍കുതിപ്പുണ്ടാക്കിയതാണ്.
യൂണിവേഴ്സിറ്റി കോളജിനെ 1957-ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ വന്നപ്പോള്‍ മുതല്‍ മാര്‍ക്സിസ്റ്റ് താവളമാക്കാന്‍ ശ്രമമാരംഭിച്ചിരുന്നു. അതിന് അവര്‍ക്ക് കോണ്‍ഗ്രസ്സിന്റെ തുറന്ന പിന്തുണയും ലഭിച്ചു. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആണല്ലോ സര്‍വകലാശാലാ വളപ്പില്‍ ഇന്നു എകെജി സെന്റര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം പാര്‍ട്ടിക്ക് ചുളു വിലയ്ക്കു ലഭ്യമായത്. എകെജിയുടെ പേരില്‍ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള കേന്ദ്രം സ്ഥാപിക്കാനെന്ന പേരില്‍ യൂണിവേഴ്സിറ്റി കോളജിന്റെ ഗ്യാസ് ഹൗസ് സ്ഥിതി ചെയ്തിരുന്ന സ്ഥലമാണ് അവര്‍ക്ക് എ.കെ. ആന്റണി ലഭ്യമാക്കിയത്. എകെജിയുടെ സ്മാരകമായ ആ സ്ഥാപനത്തിന് കേരളത്തിലെ പഞ്ചായത്തുകളില്‍നിന്നും സഹകരണ സ്ഥാപനങ്ങളില്‍നിന്നും സംഭാവന വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്കിയതും, അതുപയോഗിച്ചു കെട്ടിപ്പടുത്ത ആ സ്ഥാപനം ഈ സംസ്ഥാനത്തെ സമഗ്രാധിപത്യത്തിന്റെ ആസ്ഥാനമാക്കിയതും നാം കണ്ടു. യൂണിവേഴ്സിറ്റി വളപ്പില്‍ പാര്‍ട്ടി ആസ്ഥാനവും കോളജില്‍ എസ്എഫ്ഐയുടെ കോളജ് യൂണിയനും.
ഇക്കാലത്തിനിടെ മഹാത്മാഗാന്ധി കോളജിന്റെ നിയന്ത്രണം സഖാക്കളുടെ കൈയില്‍നിന്ന് അയഞ്ഞ് വിദ്യാര്‍ത്ഥി പരിഷത്തിന് ലഭിച്ചതിന്റെ ചൊരുക്കും പല ചാനല്‍ ചര്‍ച്ചകളിലും കാണപ്പെട്ടു.
ദേശീയതലത്തില്‍ യഥാര്‍ത്ഥ മികവിന്റെ ഇരിപ്പിടമായി ഉയരാന്‍ എല്ലാ സാഹചര്യങ്ങളുമുള്ള ഒരു സ്ഥാപനം, ഒരുകാലത്ത് അങ്ങനെ ആയിരുന്ന സ്ഥാപനം ഇന്നത്തെ കുറ്റവാളികളുടെ ആസ്ഥാനമായിത്തീര്‍ന്നതിന്റെ പാപഭാരംകൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് എത്രകാലം പോകാന്‍ കഴിയുമെന്നറിയില്ല. ആ കോളജില്‍ പഠിച്ചിരുന്നപ്പോള്‍ കലാപരിപാടികളുടെയും മറ്റും ആരംഭത്തില്‍ അല്‍മാമാറ്റര്‍ (മാതൃവിദ്യാലയം) എന്നൊരു ദൃശ്യം കാണിക്കുമായിരുന്നു. അതില്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് കോളജിന്റെയും പ്രിന്‍സിപ്പാളിന്റെയും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. കയ്യടികളോടെയാണ് ഞങ്ങള്‍ അത് ആസ്വദിച്ചത്. കഴിഞ്ഞ ആഴ്ചയിലെ സംഭവങ്ങളെ അവിടത്തെ പ്രിന്‍സിപ്പല്‍ വിശദീകരിച്ചത് ചാനലില്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ദയനീയാവസ്ഥയില്‍ ഖേദം തോന്നി. മഹത്തായ സ്ഥാനം ആ കലാലയ മുത്തശ്ശിക്ക് വീണ്ടുകിട്ടാന്‍ കഴിയട്ടെ എന്നാണ് ആശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: