പത്യധികരണം
ഏഴാമത്തെ അധികരണമായ ഇതില്‍ 5 സൂത്രങ്ങളുണ്ട്.
പാശുപതന്മാരുടെ വാദത്തെയാണ് ഇവിടെ നിഷേധിക്കുന്നത്.
സുത്രം പത്യുരസാമഞ്ജസ്യാത്
(പത്യു: അസാമഞ്ജസ്യാത്)
ചേര്‍ച്ചയില്ലാത്തതിനാല്‍ ഈശ്വരന് നാഥന് മാത്രമാണെന്ന വാദം സ്വീകരിക്കാനാവില്ല.
പാശുപതന്മാരുടെ സിദ്ധാന്തവും കല്പനയും വളരെ വിചിത്രമാണ്.
പാശുപതന്മാരുടെ അഭിപ്രായത്തില്‍ പ്രകൃതി, പുരുഷന്, ഈശ്വരന് എന്നിങ്ങനെ മൂന്ന് തത്വങ്ങളുണ്ട്. പ്രകൃതി സൃഷ്ടി ചെയ്യുന്നു.പുരുഷന് പ്രകൃതിയെ പ്രേരിപ്പിച്ചും സഹായിച്ചുമിരിക്കുന്നു. പ്രകൃതിയേയും പുരുഷനേയും നിയന്ത്രിക്കുന്ന ഒരു ഈശ്വരനെയാണ് മൂന്നാമതായി പറയുന്നത്. ഈശ്വരനെ നിമിത്തകാരണം മാത്രമായാണ് അവര്‍ പറയുന്നത്.
പാശുപതന്മാര് സാംഖ്യ മതത്തെ അവലംബമാക്കിയാണ് തങ്ങളുടെ അഭിപ്രായത്തെ രൂപപ്പെടുത്തിയിട്ടുള്ളത്. ഇത് ശ്രുതി വിരുദ്ധമാണ്.
പശുക്കളെന്നാല് ജീവന്മാര്. അവയുടെ പതി പശുപതി. ഈശ്വരനാണ് പശുപതി. പശുക്കളായ ആത്മാക്കളുടെ പാശങ്ങളെ മുറിക്കുന്നതിനുള്ള സാധനങ്ങളായി കാര്യം, കാരണം യോഗം, വിധി, ദു:ഖങ്ങള്‍ എന്നിവയെ പറഞ്ഞിരിക്കുന്നു. പശുപതിയായ ഈശ്വരനെ നിമിത്ത കാരണം മാത്രമായും ഇവര്‍ പറയുന്നു. ശ്രുതിയ്ക്കും യുക്തിക്കും നിരക്കുന്നതല്ല ഇവരുടെ വാദങ്ങള്‍.
ജഗത്തിന്റെ നിമിത്തകാരണവും ഉപാദാനകാരണവും ബ്രഹ്മം തന്നെയാണെന് ശ്രുതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രകൃതിയെ നിയന്ത്രിക്കുന്നതാണ് ഈശ്വരന് എന്ന് പറഞ്ഞാല്‍
സൃഷ്ടിയുടെ വൈവിധ്യത്തിന് അടിസ്ഥാനമാകും. അത് ഈശ്വരനെ രാഗദ്വേഷാദികള്‍ക്ക് പാത്രമാക്കും. അപ്പോള്‍ സമദര്‍ശിയായ ഈശ്വരന് ദോഷമാകും. അതിനാല്‍ പാശുപതന്മാരുടെ വാദം സ്വീകരിക്കാനാവില്ല.
കഴുത്തില്‍ മാലയും കൈയില്‍ വളയും കാതില്‍ കുണ്ഡലവും തലയില്‍ ജടയും മേലാകെ ഭസ്മവും പൂണൂലും ഇവ ആറും ധരിച്ചാല്‍ ജീവന് മോക്ഷം കിട്ടുന്നു എന്ന വിചിത്ര കല്‍പ്പനയും ഇവര്‍ക്കുണ്ട്. മോക്ഷത്തിന് പ്രത്യേക തത്വജ്ഞാനമോ സാധനയോ വൈരാഗ്യമോ ഇവര്‍ പരിഗണിക്കുന്നില്ല. ഈ മുദ്രകളെ ധരിച്ച ഒരാള്‍ പിന്നീട് സംസാരത്തില്‍ വരില്ലെന്നാണ് ഇവരുടെ വാദം. ഇങ്ങനെ ശ്രുതിയ്ക്കും യുക്തിക്കും നിരക്കാത്തതായതിനാലാണ് പാശുപതന്മാരുടെ വാദങ്ങളെ നിഷേധിക്കുന്നത്.
സൂത്രം സംബന്ധാനു പപത്തേശ്ച
അന്യോന്യ സംബന്ധം ഉണ്ടാവാനിടയില്ലാത്തതിനാലും ഈശ്വരന് നിമിത്ത കാരണം മാത്രമാവില്ല.
ഈശ്വരനെ നിമിത്ത കാരണം മാത്രമായി പറഞ്ഞാല്‍ പരസ്പര സംബന്ധം ഉണ്ടാകില്ല.
പ്രധാനത്തെയാണ് അവര്‍ ഉപാദാനമായി പറയുന്നത്.
നിമിത്തവും ഉപാദാനവും കൂടിച്ചേര്‍ന്നാലേ സൃഷ്ടി നടക്കൂ. സ്വര്ണാഭരണമുണ്ടാക്കണമെങ്കില് സ്വര്‍ണ പണിക്കാരനും സ്വര്‍ണവും ഒരുമിച്ച് ചേരണം. അതുപോലെ മണ്പാത്രമുണ്ടാക്കാന് കുശവനും മണ്ണും ഒരുമിക്കണം.
അങ്ങനെയെങ്കില്‍ ഈശ്വരനും പ്രധാനവും കൂടിച്ചേരണം.
എന്നാല്‍ പാശുപതരുടെ വാദത്തില്‍ അത്തരത്തിലൊരു സംബന്ധം ഉണ്ടാകില്ല. സംബസത്തെ തെളിയിക്കാനും അവര്‍ക്കാകുന്നില്ല.
ശരീരമുള്ളതിനാല്‍ കുശവന് മണ്ണിനെ എടുക്കാനും രൂപപ്പെടുത്താനുമാകും. എന്നാല്‍ ശരീരമില്ലാത്ത ഈശ്വരന് അതെങ്ങനെ ചെയ്യുന്നു, പ്രധാനത്തോട് കൂടിച്ചേരുന്നു? ഇതിന് വ്യക്തമായ മറുപടി നല്കാന് ഇവര്‍ക്കാവുന്നില്ല.
പ്രധാനവും ഈശ്വരനും അവയവങ്ങളില്ലാത്തവരും സര്വഗതന്മാരുമാണ്. ആശ്രയ ആശ്രയി സംബന്ധം ഉണ്ടാകില്ല.
എന്നാല്‍ വേദാന്തമനുസരിച്ച് താദാത്മ്യ സംബന്ധം മൂലമാണ് സൃഷ്ടിയുണ്ടാകുന്നത്. അപ്പോള്‍ ബ്രഹ്മവും പ്രകൃതിയും രണ്ടെന്ന് പറയാനാവില്ല. അവ ഒന്നായിത്തീരുന്നു. പ്രകൃതി, പുരുഷന്, ഈശ്വരന് എന്നിവ വേറെയെന്ന് പറയുന്ന പാശുപത മതം സ്വീകരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: