തിരുവനന്തപുരം: എസ്എഫ്ഐ, സിപിഎമ്മിന്റെ വിദ്യാര്‍ഥി സംഘടന അല്ലെന്നും സ്വതന്ത്ര സ്വഭാവമുള്ളതാണെന്നും പാര്‍ട്ടി പത്രത്തിലെ ലേഖനത്തിലൂടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നുണ വിളമ്പുമ്പോള്‍ സംഘടനയുടെ പിതൃത്വത്തെ സംബന്ധിച്ച് സംശയം ഉയരുന്നു. ഇന്നലെ ദേശാഭിമാനി പ്രസിദ്ധീകരിച്ച വിദ്യാര്‍ഥിവിരുദ്ധ രാഷ്ട്രീയം തള്ളുക എന്ന ലേഖനത്തില്‍ എസ്എഫ്ഐ സ്വതന്ത്ര സംഘടനയാണെന്ന് കോടിയേരി ഉറപ്പിച്ചു പറയുന്നു. എങ്കില്‍ കഴിഞ്ഞ കാലങ്ങളില്‍ എസ്എഫ്ഐക്കാരെ വിട്ട് ചുടുചോര് വാരിച്ചത് എന്തിനെന്നു കൂടി കോടിയേരി വ്യക്തമാക്കണമായിരുന്നു.
ഇന്നോളം സിപിഎമ്മിന്റെ പല നെറികേടുകള്‍ക്കും കൂട്ട് നിന്ന ഇടത് സഹയാത്രികന് ബി.ആര്.പി.ഭാസ്ക്കര്‍, എസ്എഫ്ഐക്കെതിരെ ലേഖനം എഴുതിയതാണ് കോടിയേരിയെ ചൊടിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കോടിയേരി ബാലകൃഷ്ണന് യൂണിവേഴ്സിറ്റി കോളേജില്‍ ഉറഞ്ഞുതുള്ളിയ സംഭവത്തെക്കുറിച്ച് ബിആര്‍പിയുടെ ലേഖനത്തില്‍ പറയുന്നുണ്ട്. കോളേജിനെ മാറ്റി പഞ്ചനക്ഷത്ര ഹോട്ടല്‍ ആക്കുന്നതിനെതിരെ എസ്എഫ്ഐ നടത്തിയ സമരത്തെ തടയാന്‍ പോലീസ് കോളേജിനുള്ളില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുന്നത് തടയാനാണ് താന്‍ ശ്രമിച്ചതെന്നാണ് കോടിയേരിയുടെ മറുപടി.
നിരവധി സമരങ്ങളെ തുടര്‍ന്ന് തലസ്ഥാനത്തിന് സമാധാനം നഷ്ടമായപ്പോഴാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കോളേജിനെ കാര്യവട്ടത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതിനെതിരെ സിപിഎമ്മാണ് സമരം തുടങ്ങിയത്. പിന്നീട് എസ്എഫ്ഐയെ ഏല്‍പ്പിച്ചു. അക്രമ പരമ്പയ്ക്കായിരുന്നു പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. അക്രമം നടത്തിയിട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഓടിയൊളിച്ചത് എകെജി സെന്ററിലായിരുന്നു. അവിടെ നിന്നും പോലീസിന് കല്ലേറുണ്ടായി. എകെജി സെന്ററില്‍ കയറി പോലീസ് എസ്എഫ്ഐക്കാരെ പിടികൂടാന്‍ നില്ക്കുന്നതും സെന്ററിലെ മുകളിലത്തെ നിലയില്‍ നിന്നും എസ്എഫ്ഐക്കാര്‍ കല്ലെറിയാന്‍ നില്ക്കുന്നതുമായ ചിത്രങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ അന്ന് ഇടം പിടിച്ചിരുന്നു. എകെജി സെന്ററിലുണ്ടായിരുന്ന കോടിയേരി അന്ന് പോലീസിനോട് പറഞ്ഞില്ല എസ്എഫ്ഐയുടെ പിതൃത്വം തങ്ങള്‍ക്കല്ലെന്ന്.
സിപിഎമ്മിന്റെ രാഷ്ട്രീയ സമരങ്ങള്‍ക്ക് എല്ലാം എസ്എഫ്ഐക്കാരെ രംഗത്ത് ഇറക്കിയത് എന്തിനെന്ന് കൂടി വ്യക്തമാക്കണം. പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോഴെല്ലാം എഴുതിത്തള്ളിയ കേസുകളിലെ പ്രതിപ്പട്ടികയിലുള്ള എസ്എഫ്ഐക്കാരുടെ പേരുവിവരങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും പിതൃത്വം തങ്ങളുടേത് തന്നെയെന്ന് മനസ്സിലാക്കാന്‍. യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ എസ്എഫ്ഐയെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്ന കുറ്റസമ്മതം നടത്തിയത് എന്തിനെന്നും പറയണം.
പിതൃത്വം നേരിട്ട് ഏറ്റെടുക്കാന്‍ തയാറല്ലെങ്കിലും തന് കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന നയമാണ് ലേഖനത്തില്‍ കോടിയേരിക്കുള്ളത്. നന്നായി പഠിച്ച് മാതൃകാ വിദ്യാര്‍ഥികളായി വളരാനുള്ള ശൈലിയാണ് സിപിഎമ്മിനുള്ളതെന്നും ആ കാഴ്ചപ്പാടുള്ളവരാണ് എസ്എഫ്ഐ നേതൃത്വം എന്നും കോടിയേരി സമര്‍ത്ഥിക്കുന്നു. വിക്ടോറിയ കോളേജിലെ പ്രിന്‍സിപ്പാളിന് ശവക്കുഴി തോണ്ടിയും മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചതും ഈ മാതൃകാ നേതൃത്വമാണെന്നും കോടിയേരി മറക്കുന്നു. എസ്എഫ്ഐയുടെ മാതൃകാ നേതൃത്വത്തിന്റെ പീഡനം സഹിക്കാതെ യൂണിവേഴ്സിറ്റി കോളേജിലെ പഠനം ഉപേക്ഷിച്ചത് 187 വിദ്യാര്‍ഥികളാണ്.
ലേഖനത്തില്‍ മാധ്യമങ്ങളെ വിമര്‍ശിക്കുന്ന കോടിയേരി, യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ ലജ്ജിച്ചു തലതാഴ്ത്തുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെയും, എസ്എഫ്ഐക്കാര്‍ കത്തിയും കൊണ്ടാണോ പോകുന്നതെന്ന് ചോദിച്ച മന്ത്രി പി. സുധാകരനെയും ശാസിക്കണമായിരുന്നു. തങ്ങള്‍ ജനാധിപത്യത്തിന് എതിരല്ല എന്ന് കോടിയേരി വിളമ്പുമ്പോഴും സിപിഎം ഭയക്കുന്നുണ്ട് യൂണിവേഴ്സിറ്റി കോളേജില്‍ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ യൂണിറ്റുകള്‍ തുടങ്ങി ആധിപത്യം ഉറപ്പിക്കുമോയെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: