ഭാരതത്തിന്റെ അന്തസ്സും ധര്‍മ്മബോധവും ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രപതിമാരായിരുന്നു ഡോ. സക്കീര്‍ ഹുസൈനും ഡോ. എ.പി.ജെ. അബ്ദുള്‍ കലാമും. ഡോ. ഹുസൈന് സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ നല്കിയ സംഭാവനകള്‍ ഏറെ വിലപ്പെട്ടതാണ്. 1969-ല്‍ അദ്ദേഹം പൊടുന്നനെ അന്തരിച്ച വിവരം, കൊയിലാണ്ടിയില്‍ ഭാരതീയ ജനസംഘത്തിന്റെ കോഴിക്കോട് ജില്ലാ സമ്മേളനം നടക്കുന്നതിനിടയിലാണ് അറിഞ്ഞത്.
ജനസംഘത്തിന്റെ അഖിലഭാരത കാര്യദര്‍ശി സുന്ദര്‍സിങ് ഭണ്ഡാരി പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെ ആകാശവാണിയിലൂടെ വാര്‍ത്തയറിഞ്ഞപ്പോള്‍ സമ്മേളന പരിപാടികളുടെ ബാക്കി ഭാഗങ്ങള്‍, പ്രകടനവും മറ്റും നിര്‍ത്തിവെക്കുകയും, സമാപന സമ്മേളനത്തില്‍ ഭണ്ഡാരിജിയുടെ അനുസ്മരണ പ്രഭാഷണത്തില്‍ ഡോ. ഹുസൈന്റെ രാഷ്ട്രീയേതര നേട്ടങ്ങളെ വിവരിക്കുകയുണ്ടായി. സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ക്കു പുറമെ പ്രതിപക്ഷ കക്ഷികളോടു സമീപനവും എടുത്തുപറഞ്ഞിരുന്നു. രാജ്യസഭാധ്യക്ഷന് എന്ന നിലയ്ക്ക് മാതൃകാപരമായി പ്രവര്‍ത്തിച്ച സക്കീര്‍ ഹുസൈന് ജനസംഘത്തോട് അനുഭാവപൂര്‍വം പെരുമാറിയെന്നും അദ്ദേഹം പറഞ്ഞു. സക്കീര്‍ ഹുസൈന്റെ പുത്രി നജ്മാ ഹെബ്ദുള്ള രാജ്യസഭാ ഉപാധ്യക്ഷയായി രണ്ടു കാലാവധി പൂര്‍ത്തിയാക്കിയശേഷം അടല്‍ ബിഹാരി വാജ്പേയിയുടെയും ലാല്‍കൃഷ്ണ അദ്വാനിയുടെയും സ്വാധീനത്തില്‍ ബിജെപിയില്‍ ചേര്‍ന്ന് മന്ത്രിസ്ഥാനം വഹിക്കുകയും ചെയ്തു.
അഗ്നിച്ചിറകുകളുമായി ഭാരത യുവജനങ്ങളെ അതിരുകളില്ലാത്ത ആകാശത്തിനുമപ്പുറത്തേക്ക് ഉയര്‍ന്നുപറക്കാന്‍ സ്വയം മാതൃക കാട്ടി പ്രേരിപ്പിച്ച ഡോ. എ.പി.ജെ. അബ്ദുള്‍ കലാമും നമ്മുടെ രാഷ്ട്രപതി സ്ഥാനം അതിപ്രശസ്തമായി വഹിച്ചിരുന്നു. പാശ്ചാത്യ സര്‍വകലാശാലാ വിദ്യാഭ്യാസം നേടാതെ ഭാരതത്തില്‍ത്തന്നെ ഉറച്ചുനിന്ന്, പാശ്ചാത്യ ശാസ്ത്ര സാങ്കേതിക വിദ്യാ പ്രതിഭകളെ വിസ്മയപ്പെടുത്തുമാറ് നമ്മുടെ ബഹിരാകാശ രംഗത്തെയും ആണവഗവേഷണത്തെയും വളര്‍ത്തിയ മഹാനായിരുന്നു ഡോ. കലാം. 1998-ലെ പൊഖ്റാന്‍ ആണവ പരീക്ഷണത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യാനും അദ്ദേഹം തയ്യാറായി. ഗീതയും തിരുക്കുറളും ഖുര്‍ ആനും മാനവതയെ നയിച്ച മഹാഗ്രന്ഥങ്ങളാണെന്ന് അദ്ദേഹം വിശ്വസിച്ചു.
ഇസ്ലാം മത വിശ്വാസികളായ രണ്ടു രാഷ്ട്രപതിമാരെ ഇവിടെ പരാമര്‍ശിക്കാന്‍ ഇടയായത് അടുത്തിടെ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയെ ക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ആണ്. അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനം രണ്ടുതവണ തുടര്‍ച്ചയായി വഹിച്ചിരുന്നു. അതിനു മുന്‍പ് ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധിയായും, അതിന് മുന്‍പ് ഇറാനടക്കം പല രാജ്യങ്ങളിലും ഭാരതത്തിന്റെ രാജദൂതനായും സേവനമനുഷ്ഠിച്ചിരുന്നു. ഈ കാലഘട്ടങ്ങളില്‍ ഡോ. അന്‍സാരിയുടെ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ ഭാരതത്തിന്റെ ഉത്തമ താല്‍പ്പര്യ സംരക്ഷണത്തിനു നിരക്കുന്നതായിരുന്നില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് വായിക്കാനിടയായ അശുതോഷ് എഴുതിയ ‘ജമ്മു കശ്മീര്‍: വസ്തുതകളുടെ വെളിച്ചത്തില്‍’ എന്ന പുസ്തകത്തിലെ ചില പരാമര്‍ശങ്ങളാണ് അപ്പോള്‍ ഓര്‍മ്മയില്‍ വന്നത്. ഭാരതീയ വിദ്യാനികേതനിലെ രാധാകൃഷ്ണന്, വിവര്‍ത്തനം ചെയ്യാനേല്പ്പിച്ചതായിരുന്നു പ്രസ്തുത പുസ്തകം. വഷളായിക്കൊണ്ടിരുന്ന കശ്മീര്‍ പ്രതിസന്ധിയുടെ യഥാര്‍ത്ഥ സ്വരൂപം ചരിത്രപരിപ്രേക്ഷ്യത്തില്‍ മനസ്സിലാക്കാന്‍ അതുപകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. 2014-ല്‍ നരേന്ദ്ര മോദിയുടെ ഭരണം ആരംഭിച്ചപ്പോള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും അന്താരാഷ്ട്രീയ സമ്മര്‍ദ്ദത്തിനും വഴങ്ങാതെ കൈക്കൊണ്ട നടപടികളും സ്വീകരിച്ച നിലപാടുകളും മൂലം കശ്മീര്‍ താഴ്വരയിലേയും പാക്കധീന മേഖലയിലേയും അതിര്‍ത്തിക്കപ്പുറത്തുനിന്ന് നടത്തപ്പെടുന്ന ഭീകരതയെ ഗണ്യമായി നിയന്ത്രിക്കാന്‍ കഴിഞ്ഞു. 1990-കളില്‍ അവിടെനിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ ഹിന്ദുക്കള്‍ മടങ്ങിവരാനുമുള്ള സാധ്യത തെളിയുകയും ചെയ്തു.
2004 മുതല്‍ 2014 വരെ ഡോ. മന്മോഹന് സിങ് പ്രധാനമന്ത്രിയായ കോണ്‍ഗ്രസ്സ് മന്ത്രിസഭകളുടെ കാലത്ത് നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചകളില്‍ ഭാരതതാല്പ്പര്യങ്ങള് എങ്ങനെ അട്ടിമറിക്കപ്പെടുന്നുവെന്നു പുസ്തകം വിവരിക്കുന്നു. മന്മോഹന് സര്‍ക്കാര്‍ പാക്കിസ്ഥാനിലെ മുഷറഫ് സര്‍ക്കാരു (പട്ടാളഭരണം)മായി നിര്‍ണായക ധാരണയില്‍ എത്തിയതായി ട്രാക്ക് -2 നയതന്ത്രവിവരങ്ങളില് വെളിപ്പെടുത്തപ്പെട്ടു. അതിന്റെ മുഖ്യ ലക്ഷ്യം ജമ്മുകശ്മീരിന് സ്വയംഭരണം എന്നതായിരുന്നു.
എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സമുദായങ്ങളുടെയും പ്രതിനിധികളുടെ വട്ടമേശ സമ്മേളനം നടത്തി വിവിധ കാര്യങ്ങള്‍ക്കായി 5 വര്‍ക്കിങ് ഗ്രൂപ്പുകളെ രൂപീകരിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞ് 2007-ല്‍ വര്‍ക്കിങ് ഗ്രൂപ്പുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതില്‍ ജമ്മു- ലഡാക്ക് മേഖലകളുടെ നേതാക്കളും അഭയാര്‍ത്ഥികളും തങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങളും നിര്‍ദ്ദേശങ്ങളും പരാമര്‍ശിച്ചില്ലെന്ന് കണ്ട് പരിഭ്രാന്തരായി. കശ്മീര്‍ മേഖലയിലെ വിഘടനവാദികളുടെ നിര്‍ദ്ദേശങ്ങളായിരുന്നു അപ്പടി അംഗീകരിച്ചത്. അവ ഉടന്‍ നടപ്പാക്കണമെന്ന് വിഘടനവാദികള്‍ മുറവിളി തുടങ്ങി. മാത്രമല്ല, വര്‍ക്കിങ് ഗ്രൂപ്പുകളുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ അവിടെക്കൂടിയവര്‍ ഏകകണ്ഠമായി ആവശ്യപ്പെടുന്നതായ പ്രസ്താവന മുന്‍കൂട്ടി തയ്യാറാക്കി ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ ഒപ്പിടാനായി അവതരിപ്പിച്ചു.
ഭാരതത്തിന്റെ ഐക്യത്തെ തകര്‍ത്തുതരിപ്പണമാക്കാന്‍ തുനിഞ്ഞു നടക്കുന്നവരെ സന്തോഷിപ്പിക്കുന്ന പ്രസ്താവനയില്‍ ബിജെപി, പാന്ഥേര് പാര്‍ട്ടി, ബിഎസ്പി, ലഡാക് യുടി ഫ്രണ്ട്, പാനൂന്‍ കശ്മീര്‍ എന്നീ കക്ഷികളും ഒപ്പിടാന്‍ തയ്യാറായില്ല. ഭാരതവിരുദ്ധവും, പാക്കധീന കശ്മീരിന്റെയും പശ്ചിമ പാക് അഭയാര്‍ത്ഥികളുടെയും കശ്മീരിലെ ദേശസ്നേഹികളുടെയും വികാരങ്ങളെ ധ്വംസിക്കുന്നതുമായിരുന്നു നിര്‍ദേശം.
വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിശ്വാസമുണ്ടാക്കാന്‍ വേണ്ടി ഹമീദ് അന്‍സാരിയുടെ അധ്യക്ഷതയിലുള്ള പഠന ഗ്രൂപ്പ് നല്കിയ ശുപാര്‍ശകള്‍ നോക്കുക:
1) നിയമവ്യവസ്ഥയെ പൊതുനിയമങ്ങളനുസരിച്ച് നിലനിര്‍ത്തുക സംഘര്‍ഷമേഖലയിലെ പ്രത്യേകാധികാരനിയമവും സായുധസേനാ പ്രത്യേകാധികാര നിയമവും എടുത്തു കളയുക.
2) മുന്‍ തീവ്രവാദികള്‍ക്ക് പുനരധിവാസവും മാന്യമായ ജീവിത സൗകര്യങ്ങളും ഉറപ്പുവരുത്തുക.
3) സംസ്ഥാന മനുഷ്യാവകാശക്കമ്മീഷനെ സുശക്തമാക്കുക.
4) ഭീകരാക്രമണ വിധേയരായവര്‍ക്ക് പ്രഖ്യാപിക്കപ്പെട്ട പാക്കേജ് കൊല്ലപ്പെട്ട ഭീകരരുടെ കുടുംബംഗങ്ങള്‍ക്കും നല്‍കുക.
5) പാക്കധീന കശ്മീരില്‍ 20 വര്‍ഷമായി കഴിയുന്ന തീവ്രവാദികള്‍ മടങ്ങിവന്നാല്‍ സ്ഥിരമായ പുനരധിവാസവും പൊതു മാപ്പും നല്‍കുക.
6) കശ്മീരി പണ്ഡിറ്റുകള്‍ക്ക് സ്ഥിരപുനരധിവാസം നല്‍കുക.
ഈ ഓരോ നിര്‍ദ്ദേശത്തിനു പിന്നിലും ഗൂഢോദ്ദേശ്യങ്ങള്‍ ഉള്ളതായി സൂക്ഷ്മ ദൃക്കുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും.
പഠന ഗ്രൂപ്പുകളുടെ നിര്‍ദേശം നടപ്പാക്കേണ്ടത് പാക് പ്രസിഡന്റ് ജനറല്‍ പര്‍വേശ് മുഷറഫിന്റെ ആവശ്യമായിരുന്നു. അതു വിജയിച്ചാല്‍ കാര്‍ഗിലില്‍ ഏറ്റ സൈനിക പരാജയത്തിന് ബദലായ നയതന്ത്ര വിജയമായേനെ. എന്നാല്‍ അതിനു മുന്‍പ് മുഷറഫ് ഭരണം തകര്‍ന്നു, അമര്‍നാഥ് പ്രക്ഷോഭം സ്ഥിതിയില്‍ മാറ്റം വരുത്തി. മന്മോഹന് സര്‍ക്കാരിന് പിന്‍വാങ്ങേണ്ടിവന്നു.
എന്നാല്‍ ഹമീദ് അന്‍സാരി ഉപരാഷ്ട്രപതി സ്ഥാനലബ്ധിയിലൂടെ പുരസ്കരിക്കപ്പെട്ടു. വിമര്‍ശനാതീതമായ ആ സ്ഥാനം അദ്ദേഹത്തിന്റെ ദുഷ്കൃത്യങ്ങള്‍ മൂടിയിടാനുള്ള പരവതാനിയായി. എന്നാല്‍ ഇസ്ലാമിക പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ‘റോ’യുടെ പ്രവര്‍ത്തനത്തെ അന്‍സാരി നിഷ്ഫലമാക്കിയതായി റോ മുന്‍ ഉദ്യോഗസ്ഥന് എന്‍.കെ. സൂദ് ആരോപിച്ചിരിക്കുന്നു. കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനത്തിന് ഇറാനില്‍നിന്ന് ലഭിക്കുന്ന സഹായങ്ങളെക്കുറിച്ച് ‘റോ’ വിവരം ശേഖരിച്ചത് അന്‍സാരി ചോര്ത്തിക്കൊടുത്തിരുന്നുവത്രേ. പി.വി. നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ‘റോ’ ഈ വിവരം അദ്ദേഹത്തെ അറിയിച്ചിരുന്നതുമാണത്രേ.
ഉപരാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞശേഷം അന്‍സാരി പങ്കെടുത്ത പൊതുപരിപാടി കേരളത്തിലെ ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനമായ പോപ്പുലര്‍ ഫ്രണ്ട് കോഴിക്കോട് നടത്തിയ സമ്മേളനമായിരുന്നു. രാജ്യത്തിന്റെ മര്‍മ്മപ്രധാനമായ സ്ഥാനങ്ങള്‍ വഹിച്ച വ്യക്തി തുടര്‍ച്ചയായി സംശയാസ്പദമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയോ അവയ്ക്കൊക്കെ അതതു കാലത്തെ സര്‍ക്കാര്‍ മൗനാനുമതി നല്‍കുകയോ ഒത്താശ ചെയ്യുകയോ ഉണ്ടായി എന്നതാണ് ഏറെ ആപല്‍ക്കരം. ഇത്തരക്കാരില്‍നിന്ന് രാജ്യത്തെ ആരു രക്ഷിക്കും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: