ശാസ്ത്രലോകത്തിന് മാത്രമല്ല മാനവരാശിക്കുതന്നെ ഗുണമാകുന്ന ദൗത്യം ഏറ്റെടുത്താണ് ചന്ദ്രയാന്‍ 2 നാളെ ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡില്‍നിന്ന് യാത്ര തിരിക്കുന്നത്. മനുഷ്യന് ചന്ദ്രനില്‍ കാലുകുത്തിയതിന്റെ 50-ാം വര്‍ഷത്തിലാണ് ഭാരതത്തിന്റെ രണ്ടാം ചന്ദ്രദൗത്യം. ചന്ദ്രയാന്‍ 1ന്റെ തുടര്‍ച്ചയാണെന്ന് പറയാമെങ്കിലും അതിലേറെ വെല്ലുവിളിയാണ് ചന്ദ്രയാന്‍ 2 എറ്റെടുക്കുന്നത്. ശാസ്ത്രലോകത്തിന് ഇതുവരെ ചെന്നെത്താന്‍ കഴിയാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കാണ് യാത്ര.
ചന്ദ്രന്റെ മധ്യരേഖയില്‍നിന്ന് തെക്കോട്ട് ഇത്രയുംദൂരം മാറി ഒരു ദൗത്യമെന്നതും അപൂര്‍വതയാണ്. ഇത് ശാസ്ത്രത്തിന് കൂടുതല്‍ കണ്ടെത്തലിനുള്ള അവസരം നല്‍കും. ശാസ്ത്രലോകത്ത് മുന്‍നിരയില്‍ നില്ക്കുന്ന രാജ്യങ്ങള്‍ക്കൊന്നും ആ മേഖലയില്‍ ഉപഗ്രഹങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ചന്ദ്രയാന്‍ 2 ചരിത്രത്തിന്റെ ഭാഗമാകും. ദക്ഷിണധ്രുവത്തിലാണ് വെള്ളം കാണാനുള്ള സാധ്യത കൂടുതല്‍. ഇവിടം എപ്പോഴും ഇരുട്ടിലായിരിക്കും. സൂര്യപ്രകാശം എത്താത്തതിനാല്‍ താഴ്ന്ന ഊഷ്മാവിലും. ഇത് ഫോസിലുകളും മറ്റും കണ്ടെത്താനുള്ള പഠനത്തിന് ഗുണമാകും. വെള്ളത്തിന്റെയും ഐസിന്റെയും സാന്നിധ്യം കാണപ്പെടുന്നതും ഇത്തരം പ്രദേശങ്ങളിലാണ്.
ചന്ദ്രയാന്‍ 1 ചന്ദ്രോപരിതലത്തില്‍ ഹൈഡ്രജനും ഓക്സിജനും തമ്മില്‍ ഒരു കെമിക്കല്‍ ബോണ്ട് ഉണ്ടെന്നും അതിലൂടെ ലൂണാര്‍ വാട്ടറും കണ്ടെത്തി. ചന്ദ്രന് പണ്ട് ഉരുകിയ അവസ്ഥയിലായിരുന്നെന്നും രാസപദാര്‍ത്ഥങ്ങളിലൂടെ ഐസിന്റെ സാന്നിധ്യവും, 1.7 കിലോമീറ്റര്‍ ആഴമുള്ള ടണലുകളും കണ്ടെത്തി. ഭാവിയില്‍ കോളനിവത്കരണം ഉണ്ടായാല്‍ ഈ ടണലില്‍ ജീവന്റെ വിത്തുകള്‍ മുളപ്പിക്കാന്‍ കഴിയുമെന്നാണ് ചന്ദ്രയാന്‍ 1 നല്കിയ ശാസ്ത്രനിഗമനം. അഭൗമ ഗോളങ്ങളില്‍ ജീവസാന്നിധ്യമുണ്ടോയെന്ന അന്വേഷണത്തിന് ആവേശം പകരുന്നതായിരുന്നു ഈ കണ്ടെത്തലുകള്‍.
ഇതില്‍നിന്നുള്ള അറിവുകളിലൂടെ അതിലേറെ വിശദമായ പഠനമാണ് ചന്ദ്രയാന്‍ 2ല്‍ നിക്ഷിപ്തമായിരിക്കുന്നത്. ഉദ്ഭവം, പരിണാമം, ഭൂപ്രകൃതി, ഭൂകമ്പലേഖന വിദ്യ, പദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള പഠനം ഇങ്ങനെപോകുന്നു രണ്ടാം ദൗത്യത്തിന്റെ ചുമതലകള്‍. ചന്ദ്രനില്‍നിന്ന് ജിവജലവും അതിലെ ഹൈഡ്രജനില്‍ ഇന്ധനവും ശേഖരിക്കാന്‍ കഴിഞ്ഞാല്‍ ചാന്ദ്ര പര്യവേഷണങ്ങളുടെ ചിലവുകുറയും. ഇത് ഭാരതത്തിനെ സംബന്ധിച്ച് വലിയ നാഴികക്കല്ലാകും. ഇതില്‍നിന്ന് ചന്ദ്രനിലേക്ക് ഒരു കുടിയേറ്റമെന്ന മനുഷ്യന്റെ സ്വപ്നം സാധ്യമായാല്‍ ഭാരതത്തിന് അവിടെ സ്ഥാനമുറപ്പിക്കാന്‍ ചന്ദ്രയാന്‍ 2ന്റെ യാത്ര സഹായകമാകും.
ജിഎസ്എല്‍വി മാര്‍ക് 3 ആണ് താരം
നവമാധ്യമങ്ങള്‍ ബാഹുബലിയെന്ന് പേരിട്ട ജിഎസ്എല്‍വി മാര്കി 3 ആണ് ചന്ദ്രയാനെ ചുമലിലേറ്റി പറക്കുന്നത്. ജിഎസ്എല്‍വി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റാണിത്. നാലായിരം കിലോയിലധികം ഭാരവാഹക ശേഷിയുണ്ട്. ചന്ദ്രയാനെ ലക്ഷ്യത്തിലെത്തിക്കാനുള്ള ദൗത്യമാണ് ഈ ലോഞ്ച് വെഹിക്കിളിന്റേത്. ഖര ഇന്ധനവും, ദ്രവ ഇന്ധനവും ക്രയോജനിക് ഇന്ധനവും ഉപയോഗിക്കുന്ന വേര്‍ഷനാണിത്.
3600 കിലോമീറ്ററുള്ള സൂര്യന്റെ കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റിന്റെ ജിയോ സിന്‍ക്രനൈസ് ഓര്‍ബിറ്റിലേക്ക് ഉപഗ്രഹമെത്തിക്കാന്‍ 15 മിനിറ്റ് മാത്രമാണെടുക്കുന്നത്. അതിനുശേഷം നടക്കുന്ന പ്രക്രിയ ഭാരത്തിന്റെ മാത്രം സാങ്കേതിക വിദ്യയാണ്. ഓര്‍ബിറ്റ് റെയ്സ് ചെയ്തുകൊണ്ടിരിക്കും, നിയന്ത്രണം ഭൂമിയില്‍നിന്നുമാണ്. ചെറിയ ചെറിയ എഞ്ചിനുകളുടെ റെയ്സിങ്ങിലൂടെ യാത്രതുടര്ന്ന് ഭൂമിയുടെ ആകര്‍ഷണം വിട്ട് പൂര്‍ണമായും ചന്ദ്രന്റെ ആകര്‍ഷണവലയത്തിലെത്തിക്കും. ഇതിന്റെ വേഗതയും പ്രവര്‍ത്തനവും നിയന്ത്രിച്ച് ചന്ദ്രയാനെ 2നെ ചന്ദ്രമണ്ഡലത്തില്‍ എത്തിക്കുന്നതോടെ ജിഎസ്എല്‍വിയുടെ റോള്‍ അവസാനിക്കും.
ചന്ദ്രയാന്‍ 2ന്റെ അയനം
നാളെ പുലര്‍ച്ചെ 2.51ന് സതീഷ് ധവാന് സ്പേസ് സെന്ററിലെ ലോഞ്ച് പാഡില്‍ അഗ്നിപടര്‍ത്തി ജിഎസ്എല്‍വി 3 ചന്ദ്രയാന്‍ 2 ദൗത്യവുമായി പറന്നുയരും. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെതന്നെ നിര്‍ണായകമായ ദൗത്യം. മൂന്ന് പ്രധാനഘടകങ്ങളാണ് ചന്ദ്രയാന്‍ 2ലുള്ളത്. 25 കിലോ ഭാരമുള്ള റോവര്‍, 1.4 ടണിന്റെ ലാന്‍ഡര്‍, 2.4 ടണ്‍ തൂക്കമുള്ള ഓര്‍ബിറ്റര്‍. ഓര്‍ബിറ്ററിനുള്ളില്‍ ലാന്‍ഡറും, ലാന്‍ഡറിനുള്ളില്‍ റോവറും സ്ഥാപിച്ചിരിക്കുന്നു. അമേരിക്കയുടെ ആവശ്യപ്രകാരം ടെക്നോളജി ഷെയറിങ്ങിനായി അവരുടെ ഒരു സെന്‍സറും ഇതിലുണ്ട്. 500 അക്കാദമിക് ഇന്‍സ്റ്റിറ്റ്യൂട്ടും 120 ഇന്‍ഡസ്ട്രീസും അറുപത് ശതമാനം ചന്ദ്രയാന്റെ 2ന്റെ നിര്‍മ്മാണ പങ്കാളികളാണ്.
58 ദിവസമെടുക്കും ചന്ദ്രയാന്റെ 2 ലക്ഷ്യസ്ഥാനത്തെത്താന്‍. സെപ്തംബര്‍ ആറിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങും. കനത്തവെല്ലുവിളിയായ സോഫ്റ്റ് ലാന്‍ഡിങ്ങാണ് മറ്റൊരു പ്രത്യേകത. ഇത് അതിജീവിക്കാനുള്ള കരുത്തും ചന്ദ്രയാന്‍ 2നുണ്ട്. ഈ വിദ്യ ഇതുവരെ മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് സായത്തകമാക്കിയിട്ടുള്ളത്. യുഎസ്, റഷ്യ, ചൈന. ഓര്‍ബിറ്റര്‍ ചന്ദ്രന് 100 കിലോമീറ്റര്‍ മുകളിലുള്ള ഭ്രമണപഥത്തില്‍ ചുറ്റിക്കറങ്ങും. ഇതില്‍നിന്നും വേര്‍പെട്ട് റോവര്‍ ഉള്‍പ്പെടെയുള്ള ലാന്‍ഡര്‍ മോഡ്യൂള്‍വിട്ട് ചന്ദ്രോപരിതലത്തിലേക്ക് പറന്നിറങ്ങും.
ലാന്‍ഡര്‍ ലാന്‍ഡ് ചെയ്യുമ്പോള്‍തന്നെ കതക് തുറന്ന് റോവര്‍ പുറത്തുവന്ന് ചന്ദ്രന്റെ പരപ്പില്‍ ലാന്‍ഡ് ചെയ്യും. ഇതിന് രണ്ടിനുമായി നാല് മണിക്കൂറെടുക്കും. ലാന്‍ഡര്‍ ഒരിടത്തുതന്നെ നില്ക്കും. റോവര്‍ പ്രദേശമാകെ ചുറ്റിക്കറങ്ങി നിരീക്ഷണം നടത്തും. ആദ്യ ലൂണാര്‍ ദിവസംതന്നെ പരീക്ഷണം തുടങ്ങും. ഒരു ലൂണാര്‍ ദിവസം 14 എര്‍ത്ത് ദിവസമാണ്. ഒരുവര്‍ഷം ഓര്‍ബിറ്റ് മിഷന് തുടരും. സെക്കന്‍ഡില്‍ ഒരു സെന്റിമീറ്ററാണ് വേഗത. നിരീക്ഷണത്തിനുശേഷം റോവര്‍ ഡാറ്റയും ചിത്രങ്ങളും ഓര്‍ബിറ്റിലേക്ക് അയയ്ക്കും. 15 മിനിറ്റിനുള്ളില്‍ ഓര്‍ബിറ്റ് അത് ഭൂമിയിലെത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: