ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡിലിരിക്കെ സാമ്പത്തികതട്ടിപ്പ് കേസിലെ പ്രതിയായ രാജ്കുമാര് മരിച്ച സംഭവത്തില്‍ ഇടുക്കി മജിസ്ട്രേറ്റിനും പീരുമേട് സബ്ജയിലിലെ ജയിലര്‍ക്കും ഗുരുതരവീഴ്ച പറ്റിയതായി സൂചന. ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ഡിജിപി ഋഷിരാജ് സിങ് ഉത്തരവിട്ടു.
മജിസ്ട്രേറ്റിനു വീഴ്ച പറ്റിയോ എന്നതിനെക്കുറിച്ച് ഹൈക്കോടതിയും അന്വേഷണത്തിന് നിര്‍ദേശിച്ചു. സംഭവത്തില്‍ പ്രതിയെ റിമാന്‍ഡ് ചെയ്ത ജഡ്ജി വിശദമായ പരിശോധന നടത്തിയില്ലെന്നും ഇത് തന്നെയാണ് ജയില്‍ അധികൃതരും തുടര്ന്നതെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. മര്‍ദ്ദനമേറ്റാണ് മരിച്ചതെന്നുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ ജഡ്ജിയ്ക്ക് വീഴ്ചപറ്റിയോ എന്നത് സംബന്ധിച്ച് ഹെക്കോടതി അടിയന്തരറിപ്പോര്‍ട്ട് തേടിയത്.
ആരോഗ്യാവസ്ഥ മോശമായിട്ടും പ്രതിയെ റിമാന്‍ഡ് ചെയ്യാനാണ് നെടുങ്കണ്ടം കോടതി അവധിയായതിനാല്‍ പകരം ചുമതലയിലുണ്ടായിരുന്ന ഇടുക്കി മജിസ്ട്രേറ്റ് ശ്രമിച്ചത്. പോലീസ് ഹാജരാക്കിയ രേഖയും മെഡിക്കല്‍ റിപ്പോര്‍ട്ടും പരിശോധിച്ചായിരുന്നു ഇത്. ജീപ്പിന്റെ അടുത്തെത്തിയാണ് രാജ്കുമാറിനോട് വനിതാ ജഡ്ജി സംസാരിച്ചത്, ഒടുന്നതിനിടെ വീണ് പരിക്കേറ്റതിനാല്‍ നടക്കാന്‍ വയ്യായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്. 16ന് രാത്രിയിലായിരുന്നു ഇത്.
ഇതില്‍ വിശദമായ വിവരങ്ങള്‍ അന്വേഷിക്കാതെ പോലീസ് സമയം വൈകി എത്തിച്ചതിനാല്‍ ജഡ്ജി റിമാന്‍ഡ് അനുവദിക്കുകയായിരുന്നു. 17ന് പുലര്‍ച്ചെ ജയിലില്‍ എത്തിച്ചപ്പോള്‍ സംസാരിക്കാനാകുമോ എന്നത് മാത്രമാണ് പീരുമേട് സബ്ജയിലിലെ സുപ്രണ്ട് നോക്കിയത്. എന്നാല്‍ കൊണ്ടുവന്നിരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിലെ അവ്യക്തതകളും ഇദ്ദേഹം പരഗണിച്ചില്ല. റിപ്പോര്‍ട്ട് വ്യാജമാണെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. പിന്നീട് ഭക്ഷണമോ വെള്ളമോ കുടിക്കാനാകാതെ ആരോഗ്യാവസ്ഥ മോശമായെങ്കിലും കൃത്യമായ ചികിത്സ ഒരുക്കാന്‍ ജയില്‍ അധികൃതര്‍ വിസമ്മതിച്ചു. കോട്ടയത്ത് കൊണ്ടുപോയെന്ന് പറയുമ്പോഴും ഇതിനും രേഖകളില്ല.
ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഒപിയില്‍ കാട്ടിയതായിപോലും ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നുമില്ല. ചുമന്നുകൊണ്ടാണ് വന്നതെന്ന് ജയിലര്‍ സമ്മതിച്ചിരുന്നെങ്കിലും എന്ത് പറ്റിയെന്നതും തിരക്കിയില്ല. പിന്നീട് 21ന് ആണ് രാജ്കുമാര് മരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ 22 മുറിവുകള്‍ അരയ്ക്ക് താഴേക്ക് ഏറ്റതായുള്ള വിവരം ഞായാറാഴ്ച പുറത്ത് വന്നിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: