സലിലേ സൈന്ധവം യദ്വത്
സാമ്യം ഭജതി യോഗത:
തഥാത്മ മനസോരൈക്യം
സമാധിരഭിധീയതേ 4 5
വെള്ളത്തില്‍ ഉപ്പ് അലിഞ്ഞൊന്നാകുന്നതു ( യോഗം ചെയ്യുന്നതു) പോലെ മനസ്സ് ആത്മാവില്‍ ലയിക്കുന്നതാണ് സമാധി. ഉപ്പ്, സിന്ധു ദേശത്തു നിന്നുണ്ടായതാണത്രെ. അതുകൊണ്ട് സൈന്ധവം. സിന്ധു സമുദ്രത്തില്‍ നിന്ന് എന്നുമാവാം.
യദാ സംക്ഷീയതേ പ്രാണോ
മാനസം ച പ്രലീയതേ
തദാ സമരസത്വം ച
സമാധിരഭിധീയതേ 4 6
പ്രാണന് ക്ഷീണിക്കുകയും മനസ്സു ലയിക്കുകയും സമരസതയുണ്ടാകുകയും ചെയ്യുമ്പോള്‍ അതിന് സമാധിയെന്നു പറയുന്നു.
ഇവിടെ പ്രാണന്റെ ക്ഷീണമെന്നത് നിഷേധാര്‍ഥത്തിലല്ല. പ്രാണജയം വന്ന യോഗികള്‍ കുംഭകം ചെയ്യുമ്പോള്‍ ചിത്തവൃത്തികള്‍ നിരോധിക്കപ്പെടും. പ്രാണന്റെ പ്രവര്‍ത്തനം കുറയും. അപ്പോള്‍ ക്ഷീണപ്രാണനെന്നു പറയും. ഇവിടെ സംക്ഷീയതേ, വേണ്ടവണ്ണം ക്ഷീണിച്ചത് എന്നാണ് പറഞ്ഞത്.
മനസ്സ് ആത്മാകാരം പ്രാപിക്കുന്നതാണ് ലയം. അപ്പോള്‍ അവ രണ്ടും ഒരേ ആകാരമാവും. ചെമ്പരത്തിപ്പൂവിന്റെ ഉള്ളില്‍ ഒരു സ്ഫടികക്കട്ട വെച്ചാല്‍ അത് ചെമ്പരത്തിപ്പൂവിന്റെ ആകാരമാവുന്നതു പോലെ. ഇവിടെ സ്ഫടികം ( മനസ്സ്) ശുദ്ധമായി (വൃത്തിരഹിതമായി) ഇരിക്കണമെന്നത് സ്പഷ്ടമാണ്. ആത്മാകാരം നേടാന്‍ യോഗ്യത നേടിയ മനസ്സായിരിക്കണം
ഇതു തന്നെ പാതഞ്ജലയോഗസൂത്രത്തില്‍ വരുന്നുണ്ട്. ‘ ക്ഷീണവൃത്തേരഭിജാതസ്യേവ മണേര് ഗ്രഹീതൃ ഗ്രഹണ ഗ്രാഹ്യേഷു തത്സ്ഥ തദഞ്ജനതാ സമാപത്തി: ‘ ( 141) ഇതിലെ മണി സ്ഫടിക മണി തന്നെ.
ച എന്ന അവ്യയം സമരസത്വത്തിലുള്ള സ്ഥിരതയെ കാണിക്കുന്നു. സ്ഥിരമല്ലാത്ത ആത്മഭാവം സമാധി തരില്ല.
ഇക്കഴിഞ്ഞ രണ്ടു ശ്ലോകങ്ങള്‍ സമ്പ്രജ്ഞാത സമാധിയെയാണ് മനസ്സിലാക്കിത്തന്നത്. സംപ്രജ്ഞാതമെന്നാല് ഇതുകൊണ്ട് സ്വരൂപത്തെ നന്നായി (സം) സ്പഷ്ടമായി ( പ്ര) അനുഭവപ്പെടുത്തുന്നത് (ജ്ഞായതേ) എന്നര്‍ഥം. സംപ്രജ്ഞാത സമാധി എന്നാല്‍
സാലംബന സമാധി എന്നും സബീജ സമാധി എന്നും അറിയപ്പെടും.
മനസ്സ് 24 തത്വങ്ങളാല്‍ നിര്‍മിതമാണ്. അവയെ ക്രമത്തില്‍ വേര്‍പെടുത്തണം.
പഞ്ചഭൂതങ്ങള്‍, പഞ്ചതന്മാത്രകള്, പഞ്ച ജ്ഞാനേന്ദ്രിയങ്ങള്‍, പഞ്ച കര്‍മേന്ദ്രിയങ്ങള്‍ ഇവയെ ഓരോന്നായി വിടര്‍ത്തണം. പിന്നെ മനസ്സിനെ ചിത്തത്തില്‍ നിന്ന് വിടര്‍ത്തണം. ചിത്തത്തെ ബുദ്ധിയില്‍ നിന്ന് വിടര്‍ത്തണം. ബുദ്ധിയെ അഹങ്കാരത്തില്‍ നിന്നും വിടര്‍ത്തണം. അത് ശുദ്ധബോധത്തില്‍ ലയിക്കണം. വെള്ളത്തിലേക്ക് വെള്ളമൊഴിച്ച പോലെ.
സമാധി അവസ്ഥയില്‍ ജീവാത്മപരമാത്മാക്കള്‍ സമരസപ്പെടും. മനോവ്യാപാരങ്ങള്‍ പൂര്‍ണമായും നിലയ്ക്കും എന്ന് ഹഠ രത്നാവലി ( 42) പറയുന്നു.
വൃത്തികള്‍, വാസനകള്‍, കാമനകള്‍ ഇവ മനസ്സിലുണ്ടാവുമ്പോഴാണ് വ്യക്തിയുണ്ടാ വുന്നത്. അവ ശക്തമാവുമ്പോള്‍ മനസ്സു പുറത്തേക്ക് വലിക്കപ്പെടും. അവ എത്ര കുറയുന്നുവോ, അത്രയും മനസ്സ് ഏകാഗ്രമാവും. പൂര്‍ണമായും ശുദ്ധമായാല്‍ മേല്‍ പറഞ്ഞതുപോലെ ആത്മാകാരമാവും.
തത്സമം ച ദ്വയോരൈക്യം
ജീവാത്മ പരമാത്മനോ:
പ്രനഷ്ട സര്‍വ സങ്കല്പ:
സമാധി: സോ ള ഭിധീയതേ 4 7
ആ സമരസപ്പെട്ട ജീവാത്മാ പരമാത്മാക്കളുടെ ഐക്യം എല്ലാ സങ്കല്പങ്ങളെയും ഇല്ലാതാക്കും. അതാണ് സമാധി.
ജീവാത്മാ എന്നാല്‍ അന്തഃകരണമെന്ന ഉപാധിയോടെയുള്ള ചൈതന്യമാണ്. പരമാത്മാ എന്നത് സത്ചിത്ആനന്ദ ലക്ഷണത്തോടു കൂടിയ ദേശകാല വസ്തു വിഭജനമില്ലാത്ത ചൈതന്യമാണ്. ഇവ ചേരുമ്പോള്‍ ധ്യാനിക്കുന്നവന്, ധ്യാനം, ധ്യാനിക്കപ്പെടുന്ന വസ്തു എന്നീ സങ്കല്പങ്ങളെല്ലാം ഇല്ലാതാവും. ഇതാണ് യോഗ ശാസ്ത്ര പ്രസിദ്ധമായ നിര്‍ബീജ സമാധി.
‘തസ്യാപി നിരോധേ സര്‍വ നിരോധാത് നിര്‍ബീജ: സമാധി: ‘ എന്ന് പതഞ്ജലി. സങ്കല്പങ്ങളുടെയും ( തസ്യ അപി) നിരോധമുണ്ടായാല് സര്‍വ നിരോധമുണ്ടായി നിര്‍ബീജ സമാധി കിട്ടും. ബീജം എന്നാല്‍ മുളച്ചു വരാവുന്ന വിത്ത് ഇവിടെ സംസ്കാരം, വാസന. അവയില്ലാതാവും. എന്നെന്നേക്കുമായി ലയിക്കും.
ഇവിടെ അസമ്പ്രജ്ഞാത സമാധിയാണ് പറഞ്ഞത്. ധ്യാതൃ ധ്യാന ധ്യേയങ്ങളാല് സംപ്രജ്ഞാതമാവാത്തതിനാല് ഈ പേര് അന്വര്‍ഥമാണ്. അസംപ്രജ്ഞാത സമാധി നിര്‍ബീജ സമാധി, നിരാലംബ സമാധി, രാജയോഗം,നിരോധം ഇവയൊക്കെ പര്യായങ്ങളാണ്.
(കൊച്ചി പതഞ്ജലിയോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: