ആരംഭണാധികരണം
ആറാമത്തേതായ ഈ അധികരണത്തില്‍ ഏഴ് സൂത്രങ്ങളുണ്ട്.
സൂത്രം തദനന്യത്വമാരംഭണശബ്ദാദിഭ്യ:
(തദ് അനന്യത്വം ആരംഭണ ശബ്ദാദിഭ്യ:)
ആരംഭണം എന്ന ശബ്ദം മുതലായതു കൊണ്ട് ബ്രഹ്മത്തില്‍ നിന്ന് അന്യമല്ല എന്ന് കാണിച്ചിരിക്കുന്നു. ജഗത്തില്‍ നിന്ന് ബ്രഹ്മം വേറെയല്ല എന്ന് ഉറപ്പിക്കുകയാണ് ഇവിടെ.
ഏകമായ ബ്രഹ്മം മാത്രമാണ് സത്യമെന്ന് കഴിഞ്ഞ സൂത്രത്തില്‍ സ്ഥാപിച്ചപ്പോള്‍ അതുമായി ബന്ധപ്പെട്ട് മറ്റൊരു സംശയത്തെ ഉന്നയിക്കുന്നു ഇവിടെ. അതിനുള്ള മറുപടിയാണ് ഈ സൂത്രം.
അനുഭവിക്കുന്ന സമയത്ത് പ്രപഞ്ചത്തിലെ നാനാത്വം സത്യമാണെന്ന് എല്ലാവര്ക്കും തോന്നുന്നു. ഈ ലോകത്തിലെ ഓരോന്നും വേറെ വേറെയായി കാണുകയാണ് നാം. പല പല നാമ രൂപങ്ങളായി.എന്നാല്‍ പ്രപഞ്ചമായിത്തീരുന്നതിനു മുമ്പും പിന്നീട് ലയിച്ചതിനു ശേഷവും നാനാത്വമില്ല. മരത്തില്‍ കൊമ്പുകളും ചില്ലകളും ഇലകളുമൊക്കെ ഉണ്ടാകുന്നതു പോലെ പലതുണ്ടാകുന്നു എന്നതല്ലേ യുക്തി എന്ന വാദത്തെ ഇവിടെ നിഷേധിക്കുന്നു.
ഛാന്ദോഗ്യോപനിഷത്തില്‍ ‘യഥാ സോമ്യേകേന മൃത് പിണ്ഡേന സര്‍വ്വം മൃണ്മയം വിജ്ഞാതം സ്യാത്, വാചാരംഭണം വികാരോ നാമധേയം മൃത്തികേത്യേവ സത്യം’ മണ്ണിനെ അഥവാ മണ്‍കട്ടയെ അറിയുമ്പോള്‍ മണ്ണു കൊണ്ടുണ്ടാക്കിയ എല്ലാം അറിഞ്ഞതായിത്തീരുന്നു. വാക്കു കൊണ്ട് പറയുന്ന പേര് വികാരം മാത്രമാണ്. സത്യമായ വസ്തു മണ്ണ് മാത്രമാകുന്നു.
ഇങ്ങനെ നോക്കിയാല്‍ കാര്യ രൂപമായ ജഗത്തും കാരണ രൂപമായ ബ്രഹ്മം തന്നെയാണ്. ഇത് ജഗത്തിന് ബ്രഹ്മത്തില്‍ നിന്നുള്ള അനന്യതയെയാണ് കാണിക്കുന്നത്. എന്നാല്‍ ബ്രഹ്മം ജഗത്സ്വരൂപമായിരിക്കുന്നു എന്ന അര്‍ഥം കല്‍പ്പിക്കുകയും വേണ്ട. സ്വര്‍ണവളയും സ്വര്‍ണവും ഒന്നാണെന്ന് പറഞ്ഞാല്‍ സ്വര്‍ണം വളയുടെ രൂപത്തിലുള്ളതാണെന്ന അര്‍ഥമില്ല. വളയാകുന്നതിന മുമ്പും വളയല്ലാതെയിരിക്കുമ്പോഴും സ്വര്‍ണം സ്വര്‍ണം തന്നെയാണ്. പ്രകടമാകുമ്പോഴും ലയിക്കുമ്പോഴും സ്വര്‍ണം മാത്രമേയുള്ളൂ. പ്രകടമായിരിക്കുമ്പോള്‍ പല ആകൃതിയിലും പേരിലും പറയുന്നുവെന്ന് മാത്രം. അതുപോലെ തന്നെയാണ് ബ്രഹ്മവും ജഗത്തും. ബ്രഹ്മത്തില്‍ തന്റെ ശക്തി ലീനമായിരിക്കുമ്പോള്‍ ഏകമായ സത്ത് സ്വരൂപമായും പ്രകടമാകുമ്പോള്‍ പല പേരിലും ആകൃതിയിലും വിളങ്ങുന്നു.
നാമം ,രൂപം എന്നിവയോടു കൂടിയ ഈ ജഗത്ത് മിഥ്യയും അതിന് ആധാരമായ ബ്രഹ്മം മാത്രം സത്യവുമാകുന്നു. അസത്യവും അനിത്യവുമായതിനാണ് നാനാത്വം. അത് പലതായിരിക്കുന്നതാണ്. ഈ നാനാത്വത്തിന് നിത്യവും സത്യവുമായ ബ്രഹ്മത്തെ ബാധിക്കാനാവില്ല. നാനാത്വം എന്നത് ഉണ്ടെന്ന് തോന്നിക്കുന്ന പ്രതീതി മാത്രമാണ്.
നാനാത്വം മിഥ്യയാണെന്നോ ഇല്ലാത്തതാണെന്നോ എന്ന് എങ്ങനെ പറയാനാകും? എന്നാണ് തുടര്‍ന്നുള്ള സംശയം. അങ്ങനെയെങ്കില്‍ ശ്രുതിയിലും സ്മൃതിയിലുമൊക്കെയുള്ള ഗുരുശിഷ്യബന്ധത്തെപ്പറ്റിയും ബന്ധമോക്ഷങ്ങളെപ്പറ്റിയുമൊക്കെയുള്ള വിവരണങ്ങള്‍ നിഷ്ഫലമാകില്ലേ എന്നാണ് ചോദ്യം. അതിനാല്‍ നാനാത്വം ശാസ്ത്ര സമ്മതമുള്ളതാണോ? അല്ലയോ? ശാസ്ത്രങ്ങള്‍ എല്ലാം തന്നെ അവിദ്വാന്‍മാരുടെ വിഷയങ്ങളാണ് എന്നുള്ളതാണ് അതിന്റെ സമാധാനം. അറിവില്ലായ്മ മൂലമാണ് നാനാത്വം സത്യമാണെന്ന് തോന്നുന്നത്. അജ്ഞാനം മൂലം സംസാരത്തില്‍ കുടുങ്ങി വലയുന്നവരെ ബോധവാന്മാരാക്കുകയാണ് ഇതിലൂടെ. ഏകമായ ആ പരമാത്മാ ജ്ഞാനം ഉണ്ടാക്കാനാണ് ശാസ്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ഗുരുവില്‍ നിന്ന് ആത്മജ്ഞാനത്തെ നേടിയാല്‍ പിന്നെ ഗുരുവും ശിഷ്യനും ഇല്ല എന്ന് പറയാം. തന്നില്‍ അന്യമായി വേറെ ആരെ കാണാനാണ്. എല്ലാം ആത്മസ്വരൂപം തന്നെ.ശ്രുതിയും സ്മൃതിയുമുള്‍പ്പടെയുള്ള ശാസ്ത്രഗ്രന്ഥങ്ങള്‍ അറിവില്ലാത്തവരെ പരമമായ അറിവിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ളവയാണ്. എല്ലാ നാനാത്വവും അറിവ് നേടുമ്പോള്‍ നീങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: