ഇക്കഴിഞ്ഞ ചൊവ്വാഴ്ച അതായത് ജൂണ്‍ പതിനൊന്നിന് (ഇടവം 28) കേരളത്തിലെ സംഘപരിവാറിന്റെ രാഷ ്ട്രീയ മേഖലയില്‍ ഏറ്റവും പഴക്കം സിദ്ധിച്ചവരില്‍ ഒരാളായ കെ. രാമന് പിള്ളയ്ക്ക് 83 വയസ്സ് പൂര്‍ത്തിയായി. ആ അവസരത്തില്‍ അദ്ദേഹത്തെ അനുമോദിക്കാന്‍ തിരുവനന്തപുരത്തു ചേര്‍ന്ന സദസ്സിന്റെ വാര്‍ത്ത ‘ജന്മഭൂമി’യില്‍ വായിച്ചു.
പി.പരമേശ്വര്‍ജി ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ കാര്യദര്‍ശിയായി നിയോഗിക്കപ്പെട്ടശേഷം, അദ്ദേഹത്തിന്റെ സഹായിയായി ലഭിച്ച ആദ്യത്തെ പൂര്‍ണസമയ പ്രവര്‍ത്തകനായിരുന്നു രാമന്‍പിള്ള. ടി.എന്‍. ഭരതന്, സി.പി. ഗോപാലകൃഷ്ണപ്പണിക്കര്, ജ്യോതിപ്രകാശ് തുടങ്ങിയ ചിലര്‍ ഉണ്ടായിരുന്നുവെന്നതു വിസ്മരിക്കുന്നില്ല. എന്നാല്‍ അന്നു പ്രാന്തപ്രചാരകനായിരുന്ന (കേരളവും തമിഴ്നാടും ചേര്‍ന്ന് ഒരു പ്രാന്തം) ദത്താജി ഡിഡോള്‍ക്കര്‍ രാമന്പിള്ളയെ പ്രചാരകനായി കണക്കാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. പ്രചാരകന്മാരുടെ ബൈഠക്കുകളില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. അങ്ങനെ കാലടിയില്‍ നടന്ന ഒരു ബൈഠക്കിലാണ് എനിക്കദ്ദേഹത്തെ പരിചയപ്പെടാന്‍ സാധിച്ചത്.
പരിചയപ്പെടുന്നതിനിടെ ഞങ്ങള്‍ ഒരേ കാലത്തു തിരുവനന്തപുരത്തു സ്വയംസേവകരായിരുന്നുവെന്നും മനസ്സിലായി. അക്കാലത്ത് പല പൊതുപരിപാടികള്‍ക്കും വരാറുണ്ടായിരുന്ന സാധുശീലന്‍ പരമേശ്വരന് പിള്ള (പിന്നീട് പരമേശ്വരാനന്ദ സരസ്വതി സ്വാമികള്‍)യുടെ അനുജനാണ് താനെന്നും അന്നദ്ദേഹം പറഞ്ഞു. എന്തുകൊണ്ടോ നാലുവര്‍ഷത്തെ തിരുവനന്തപുരം ജീവിതക്കാലത്ത് രാമന് പിള്ളയുമായി അടുപ്പം വെയ്ക്കാന്‍ കഴിഞ്ഞില്ല.
എന്നാല്‍ പില്ക്കാലത്ത് കേരളത്തിലെ ഹിന്ദുത്വ രാഷ്ട്രീയ രംഗത്തു രാമന്‍പിള്ളയുടെ കയ്യൊപ്പ് വ്യക്തമായി പതിഞ്ഞുവന്നു. ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനം പടുത്തുയര്‍ത്തിയവരില്‍ മുന്പന്തിസ്ഥാനം അദ്ദേഹത്തിനുണ്ട്. തുടക്കത്തില്‍ പാലക്കാട് ജില്ലയായിരുന്നു പ്രവര്‍ത്തന മേഖല, അവിടെ അദ്ദേഹത്തിന്റെ കണ്ടെത്തല്‍, ഒ. രാജഗോപാല്‍ ഇന്ന് കേരളത്തിലെ ഏറ്റവും ആദരണീയ രാഷ്ട്രീയ നേതാക്കളില്‍ മുഖ്യനാണല്ലോ.പാലക്കാട്ടെ പൊതുജീവിതത്തിലെ ഉദിച്ചുവന്ന താരമായിത്തീര്‍ന്ന രാജഗോപാലിനെ കണ്ടെത്തിയതും, ദീനദയാല്‍ജിയും പരമേശ്വര്‍ജിയും മറ്റു സംഘ അധികാരിമാരുമായും പരിചയപ്പെടുത്തിയതും മറ്റാരുമായിരുന്നില്ല.
ഓരോ ആവശ്യത്തിന് പറ്റിയ ആള്‍ക്കാരെ കണ്ടെത്തി പ്രചോദനം കൊടുത്ത് പ്രവര്‍ത്തനനിരതരാക്കാനും രാമന്‍പിള്ളയ്ക്ക് നല്ല കഴിവുണ്ടായിരുന്നു. എത്ര ക്ലിഷ്ടമായ കൃത്യങ്ങളായാലും മുഖത്ത് അശേഷം സ്തോഭമോ, തിടുക്കമോ ഇല്ലാതെ സഹപ്രവര്‍ത്തകരെക്കൊണ്ട് ചെയ്യിക്കാനുള്ള സാമര്‍ത്ഥ്യം അവര്‍ക്കും ശേഷി വളരാന്‍ സഹായിക്കുമല്ലോ. 1967-ല്‍ ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയായി ഞാന്‍ നിയുക്തനായപ്പോള്, സംസ്ഥാന കാര്യാലയം കോഴിക്കോട്ടായിരുന്നു. അവിടെ പരമേശ്വര്‍ജിയെയും, അവിടത്തെ പ്രവര്‍ത്തന ചുമതല വഹിച്ചിരുന്ന രാമന് പിള്ളയെയും കണ്ടു.
എനിക്ക് കോഴിക്കോട് ജില്ലയുടെ ചുമതലയാണ് ഏല്‍പ്പിക്കപ്പെട്ടത്. അന്നത്തെ കോഴിക്കോട് ജില്ല മയ്യഴിപ്പുഴയ്ക്കും ഭാരതപ്പുഴയ്ക്കും ഇടയ്ക്കുള്ള വിശാലമേഖലയായിരുന്നു, തെക്കെ വയനാടും അതിലുള്‍പ്പെട്ടു. അവിടത്തെ ജനസംഘ കേന്ദ്രങ്ങളെയും പ്രവര്‍ത്തകരെയും രാമന്‍പിള്ള തന്നെ കൂട്ടിക്കൊണ്ടുപോയി പരിചയപ്പെടുത്തിത്തരികയായിരുന്നു. അന്നുവരെ സംഘത്തിന്റെ ദൈനംദിന പ്രവര്‍ത്തനത്തിനപ്പുറം പ്രായോഗികതലത്തിലെ പരിചയം കമ്മിയായിരുന്ന എനിക്ക് അതിന്റെ ദീക്ഷ തന്നത് അദ്ദേഹമായിരുന്നു. ചെന്ന ഓരോ സ്ഥലത്തും പ്രവര്‍ത്തകയോഗവും പൊതുയോഗവുമുണ്ടായിരുന്നു. ആദ്യമൊക്കെ പൊതുപ്രസംഗം ഒഴിവാക്കിയെങ്കിലും താനൂരിലെ ശോഭപറമ്പില്‍ പ്രസംഗിക്കാതെ രാമന്‍പിള്ള സമ്മതിച്ചില്ല. ഓരോ സ്ഥലത്തെയും രാഷ്ട്രീയ വിശേഷതകള്കൂടി യാത്രക്കിടെ പറഞ്ഞുതരുമായിരുന്നു.
1967 അവസാനം കോഴിക്കോട് നടന്ന ജനസംഘം അഖിലേന്ത്യാ സമ്മേളനത്തെ തുടര്‍ന്ന് കേരളത്തില്‍, വിശേഷിച്ചു മലബാര്‍ മേഖലയില്‍ കണ്ടു തുടങ്ങിയ രാഷ്ട്രീയാന്തരീക്ഷ മാറ്റത്തെ നേരാംവണ്ണം പ്രയോജനപ്പെടുത്താന്‍ ഒരു പത്രം അത്യാവശ്യമാണെന്ന അഭിപ്രായം സംസ്ഥാന സമിതിയില്‍ ഉന്നയിച്ചത് രാമന്‍പിള്ള ആയിരുന്നു, തലശ്ശേരിയില്‍ ചേര്‍ന്ന സംസ്ഥാന സമിതിയില്‍. എന്നാല്‍ ആ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ അഞ്ചെട്ടു കൊല്ലം കാത്തിരിക്കേണ്ടിവന്നു. അതിന്റെ ഫലമാണ് ‘ജന്മഭൂമി’ പത്രം എന്ന് നമുക്കൊക്കെ അറിയാം. ദത്താത്രയറാവു, കെ. സി. ശങ്കരന്, എ. ശ്രീധരന്, വി.സി. അച്ചുതന് തുടങ്ങിയവരെ പ്രമോട്ടര്‍മാരാക്കി കമ്പനി രജിസ്റ്റര്‍ ചെയ്യാനും മറ്റുമുള്ള പ്രേരണ രാമന്‍പിള്ള തന്നെയായിരുന്നു.
രാമന്‍പിള്ളയുടെ സമ്പര്‍ക്കവലയം വിശാലവും ഗാഢവുമായിരുന്നു. താന്‍ ജനസംഘത്തിന്റെയോ ബിജെപിയുടെയോ പ്രമുഖപ്രവര്ത്തകനാണെന്ന നിലയ്ക്കുതന്നെ, എല്ലാത്തരത്തിലുള്ള വ്യക്തിത്വങ്ങളുമായി ബന്ധം പുലര്‍ത്തുന്നതില്‍ ശ്രദ്ധിച്ചിരുന്നു. പല പ്രമുഖ വ്യക്തികളെയും സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ അവര്‍ക്ക് രാമന്‍പിള്ളയുമായി നേരത്തെ സമ്പര്ക്കമുണ്ടായിരുന്നുവെന്നു മനസ്സിലായി. ഈ സമ്പര്‍ക്കം അടിയന്തരാവസ്ഥക്കാലത്ത് ഏറെ പ്രയോജനപ്പെട്ടു. ഒരു ഘട്ടത്തില്‍ ജനസംഘത്തിന്റെ സംസ്ഥാനതല നേതാക്കളില്‍ താനൊഴികെ എല്ലാവരും ജയിലിലായപ്പോള്‍, പരിചയവൃത്തം വളരെ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്.
‘അടിയന്തരാവസ്ഥയുടെ അന്തര്‍ധാരകള്‍’ എന്നെ ഓര്‍മ്മക്കുറിപ്പുകളും വിശകലനങ്ങളും അടങ്ങിയ അദ്ദേഹത്തിന്റെ പുസ്തകം വിലപ്പെട്ട രേഖ തന്നെയാണ്. സ്വാനുഭവങ്ങള്‍ക്കു പുറമേ അന്നത്തെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ മനസ്സിലിരുപ്പ് കൃത്യമായി അറിയാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അന്നത്തെ പ്രമുഖ നേതാക്കന്മാരെയെല്ലാം അദ്ദേഹം കണ്ടു സംസാരിച്ചിരുന്നു. മാര്‍ക്സിസ്റ്റ് നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടിന് കാണാന്‍ താല്‍പ്പര്യമില്ലാതിരുന്നിട്ടും രാംഭാവു ഗോഡ്ബൊളേയുമൊരുമിച്ച് ഒരു പ്രഭാതത്തില്‍ ‘ഗേറ്റ്ക്രാഷ്’ സന്ദര്‍ശനം നടത്തി ഉള്ളിരിപ്പു പുറത്താക്കിയത് ശ്രദ്ധേയമായി.
അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ രഹസ്യപ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ ഒരുമിച്ചായിരുന്നല്ലോ നടത്തിയത്. അതില്‍ വിവിധ രാഷ്ട്രീയ കക്ഷികളുമായി സമ്പര്‍ക്കം ചെയ്യാനുള്ള ചുമതലയായിരുന്നു രാമന്‍പിള്ളയ്ക്ക്. തികച്ചും സാധാരണക്കാരനായി നേതൃത്വജാഡകളോ നാട്യങ്ങളോ ഇല്ലാതെ അത്യന്തം ആപത്കരമായിരുന്ന ആ ചുമതല അദ്ദേഹം നിര്‍വഹിച്ചു. അടിയന്തരാവസ്ഥയ്ക്കും ജനാധിപത്യ പുനഃസ്ഥാപനത്തിനും ശേഷം ഒരു വാര്‍ത്താ പത്രത്തിന്റെ പ്രശ്നം വീണ്ടും ഉന്നയിക്കുകയും, അതിനായുള്ള പ്രവര്‍ത്തനങ്ങളുടെ മര്‍മ്മസ്ഥാനം വഹിക്കുകയും ചെയ്തത് ശ്രദ്ധേയമാണ്. ‘ജന്മഭൂമി’യെന്ന പേര് അനുവദിച്ചുകിട്ടാനുള്ള ശ്രമം വജയിച്ചത് അദ്ദേഹത്തിന്റെ നിശ്ശബ്ദവും സാവകാശത്തിലുമുള്ള നീക്കത്തിലൂടെ ആയിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു കാര്യം കൂടി ഈയവസരത്തില്‍ പറയേണ്ടതുണ്ട്. ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് ‘കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം’ എന്ന പുസ്തകം വായിക്കാനിടയായി. കേരളത്തിന്റെ പൊതുജീവിതത്തില്‍ അവസരവാദ രാഷ്ട്രീയത്തിന്റെ അഴുകിയമാതൃകകള് സൃഷ്ടിച്ചുകൊണ്ട് നിലനിന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ പ്രകീര്‍ത്തിക്കുന്ന കാപട്യങ്ങളുടെ വിവരണമായിരുന്നു അതിലാകെ. അതുവായിച്ചപ്പോള്‍ കേരളത്തിലെ ഹിന്ദുത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ചരിത്രം പുസ്തകമായി വന്നാല്‍ നന്നായിരിക്കുമെന്നും, അതു രചിക്കാന്‍ ഏറ്റവും യോഗ്യന്‍ രാമന്‍പിള്ളയാണെന്നും കാണിച്ച് ഞാന്‍ അദ്ദേഹത്തിനെഴുതി. എന്നാല്‍ അത് തയ്യാറാക്കാന്‍ അദ്ദേഹം എന്നോടുതന്നെ ആവശ്യപ്പെടുകയായിരുന്നു. അതിന്റെ പ്രയത്നത്തിനു വേണ്ട സൗകര്യങ്ങള്‍ അരവിന്ദ പഠനകേന്ദ്രം മുഖാന്തിരം ഏര്‍പ്പെടുത്തി. ഏതാണ്ട് രണ്ടുവര്‍ഷത്തെ കഠിനമായ അന്വേഷണത്തിന്റെ ഫലമായി ‘ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍’ എന്ന ചരിത്രപുസ്തകം രണ്ടു വാല്യങ്ങളായി പഠന കേന്ദ്രം പ്രസിദ്ധം ചെയ്തിരുന്നു. ഡോക്ടര്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജീവചരിത്രം, മലബാറിലെ മാപ്പിളലഹളകള്, ധര്‍മം ശരമം ഗച്ഛാമി (ആത്മകഥ) തുടങ്ങി ഒരു ഡസനോളം പുസ്തകങ്ങള്‍ രാമന്‍പിള്ള നമുക്കു തന്നിട്ടുണ്ട്.
തന്റെ ചുമതലയിലുള്ള ഏതു കാര്യത്തെക്കുറിച്ചും തികഞ്ഞ പരിജ്ഞാനവും കര്‍ത്തവ്യനിഷ്ഠയും രാമന്‍പിള്ള പ്രദര്‍ശിപ്പിച്ചു വന്നു. വാജ്പേയി മന്ത്രിസഭയുടെ കാലത്ത് റെയില്‍വേ മന്ത്രാലയത്തിന്റെ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റിയിലെ അംഗമായി അദ്ദേഹം നിയുക്തനായിരുന്നു. സാധാരണ ഈ സ്ഥാനം സ്വന്തക്കാര്‍ക്ക് ബര്‍ത്ത് തരപ്പെടുത്തിക്കൊടുക്കാനാണ് ഉപയോഗിക്കപ്പെടുക. എന്നാല്‍ തനിക്ക് ലഭിച്ച എല്ലാ ആവലാതികളെയും ശരിയായി അന്വേഷിച്ച് പരിഹാരം കണ്ടെത്തിയിരുന്നു അദ്ദേഹം. എന്റെ ഒരു റെയില്‍വേ ഉദ്യോഗസ്ഥ സുഹൃത്തും ഈ വകുപ്പിലെ യാത്രക്കാരുടെ സൗകര്യങ്ങള്‍ ഇത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്ത മറ്റൊരു പിഎസി മെമ്പറെ കണ്ടിട്ടില്ലെന്നാണ് അഭിപ്രായപ്പെട്ടത്. രാമന്‍പിള്ളയുടെ സഹപ്രവര്‍ത്തകനായതിനാല്‍ അഭിമാനം തോന്നിയ അവസരമായിരുന്നു അത്.
അദ്ദേഹത്തിന്റെ സുദീര്‍ഘ ജീവിതത്തില്‍ ഒരു വിഷ്കംഭ ഘട്ടമുണ്ടായി എന്നതും വിസ്മരിക്കുന്നില്ല. പക്ഷേ ആറു പതിറ്റാണ്ടിലേറെ നീണ്ട ജീവിതത്തിന്റെ നേട്ടങ്ങള്‍ അതുകൊണ്ടില്ലാതെയാകുന്നില്ല. ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കുന്നു. രാമന്‍പിള്ളയുടെ പിറന്നാളിന്റെ തലേന്നാണ് എന്റേത്. അദ്ദേഹം ഉത്രം ഞാന്‍ പൂരം, അത്രമാത്രം. ആയിരം മുഴുത്തിങ്കള്‍ കാണാന്‍ അവസരമുണ്ടായ അദ്ദേഹം ശതായുസ്സ് പിന്നിടട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: