ലണ്ടന്‍: മലയാളത്തിന്റെ ആത്മീയഗുരു സ്വാമി ചിദാനന്ദപുരിയുടെ യു കെ ഹിന്ദു ധര്‍മ പ്രചാരണത്തിന്റെ ഭാഗമായി ഗ്രെറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റി സംഘടിപ്പിച്ച ‘സത്സംഗം – സംശയ നിവാരണ സായാഹ്നം’ നൂറു കണക്കിന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്നു. യു കെ മലയാളികൾ എന്ന നിലയിൽ ഹൈന്ദവ ധര്‍മ മൂല്യങ്ങൾ ജീവിതത്തിൽ ചേർത്ത് പിടിക്കുന്നതിനോടൊപ്പം, അത് അടുത്ത തലമുറയിലേക്കു കൂടി പകർന്നു നൽകേണ്ടതിന്റെ ആവശ്യകതയെ പറ്റിയും സ്വാമിജി സംസാരിച്ചു . ഒരാൾ പ്രവാസ ജീവിതത്തിൽ വർഷങ്ങൾ എത്ര കഴിഞ്ഞാലും ഭാരതീയൻ എന്ന തന്റെ സ്വത്വം നഷ്ടപ്പെടുന്നില്ല എന്നും ആ തിരിച്ചറിവ് ഉണ്ടാകേണ്ടതാണെന്നും തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.
പൂർണവിദ്യാ വിദ്യാർത്ഥികൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തവരുടെ ഹൈന്ദവ ആചാരങ്ങളെയും, വിശ്വാസങ്ങളെയും, ഈശ്വര സങ്കല്പത്തെയും പറ്റിയുള്ള നിരവധി സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. കുട്ടികൾ ഉയർത്തുന്ന അത്തരം സംശയങ്ങൾ മാതാപിതാക്കൾ അവഗണിക്കരുതെന്നും, അതിനു ഉചിതമായ നിവാരണം നടത്തേണ്ടത് ആ കുട്ടിയുടെ ഭാവിക്കുവേണ്ടി എത്ര പ്രാധാന്യമേറിയതാണെന്നും അദ്ദേഹം ഉദാഹരണ സഹിതം ഉപദേശിച്ചു.
പരമ്പരാഗത രീതിയിൽ താലപ്പൊലിയേന്തിയാണ് സ്വാമിജിയെ ഗാന്ധി ഹാളിലെ വേദിയിലേക്ക് സ്വീകരിച്ചത്. യു കെ യിൽ വളരുന്ന പുതിയ തലമുറയിൽപെട്ട മലയാള പഠനം നടത്തുന്ന കുട്ടികൾക്ക് ഭാരതീയ പരമ്പരാഗത രീതികളിൽ അവബോധം ഉണ്ടാകുന്നതിനായി എഴുത്തോല വിതരണം സ്വാമിജി നിർവഹിച്ചു.
ഗുരുദക്ഷിണ നൽകി കമ്മ്യൂണിറ്റി അംഗങ്ങൾ നന്ദി പ്രകാശിപ്പിച്ചു. സിന്ധു ഉണ്ണി, ജി ഗോപകുമാർ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: