പാലക്കാട്: അപകടത്തില്‍ പരിക്കേറ്റവരേയും വിഷം കഴിച്ചതിനെത്തുടര്‍ന്ന് തുടര്‍ ചികിത്സ ആവശ്യമായവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സ്, മിനിലോറിയുമായി തണ്ണിശ്ശേരിയില്‍ കൂട്ടിയിടിച്ച് എട്ട് പേര് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.
നെന്മാറ-പട്ടാമ്പി സ്വദേശികളാണ് മരിച്ചത്. നെന്മാറ സ്വദേശികളായ അയിലൂര്‍ തലവെട്ടാംപാറ പുഴക്കല്‍ വീട്ടില്‍ ശിവദാസന്‍ മകന് വൈശാഖ് (25), അയിലൂര്‍ തേന്നിപ്പാടം കുട്ടന് മകന് ശിവന് (52), തലവെട്ടാംപാറ പുഴയ്ക്കല്‍ വീട്ടില്‍ രവിയുടെ മകന് നിഖില്‍ (25), അളുവശ്ശേരി ചേരുംകാട് അബ്ദുള്ളയുടെ മകന് സുധീര്‍ (30), പട്ടാമ്പി സ്വദേശികളായ വാടാനാംകുറിശ്ശി വെള്ളത്തേറിയില്‍ വീട്ടില്‍ അസനാര് മകന് സുബൈര്‍ (38), വെള്ളത്തേറിയില്‍ വീട്ടില്‍ ബഷീര്‍ മകന് ഫവാസ് (17), വെള്ളത്തേറിയില്‍ വീട്ടില്‍ ഹുസൈന് മകന് നാസര്‍ (45), ഷൊര്‍ണ്ണൂര്‍ വെട്ടിക്കാട്ടില്‍ മന്തിയില്‍ വീട്ടില്‍ യൂസഫ് മകന് ഉമ്മര്‍ ഫറൂഖ് (20) എന്നിവരാണ് മരിച്ചത്. സുധീര്‍ ആംബുലന്‍സ് ഡ്രൈവറാണ്.
നെല്ലിയാമ്പതിയില്‍നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ആംബുലന്‍സും കോയമ്പത്തൂരില്‍നിന്നും പുതുനഗരത്തേക്ക് പോവുകയായിരുന്ന മിനിലോറിയും തണ്ണിശ്ശേരി പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന ഒന്‍പതു പേരില്‍ എട്ടുപേരും തല്‍ക്ഷണം മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷൊര്‍ണ്ണൂര്‍ വെട്ടുകാട്ടില്‍ മതിയില് വീട്ടില്‍ യൂസഫ് മകന് ഷാഫി(13)യെ ഗുരുതരപരിക്കുകളോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയില്‍ ആംബുലന്‍സിന്റെ പകുതിയോളം ഭാഗം പൂര്‍ണമായും തകര്‍ന്നു. മിനിലോറി ഡ്രൈവര്‍മാരായ മലപ്പുറം കുറ്റിപ്പുറം സ്വദേശി അബ്ദുള്‍ ഹുറൈര്‍, പുതുനഗരം സ്വദേശി സെയ്ത് ഇബ്രാഹിം, പൊന്നാനി സ്വദേശി ഫൈസല്‍ എന്നിവരെയും പരുക്കുകളോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം.
നെല്ലിയാമ്പതി സന്ദര്‍ശിക്കാനെത്തിയ പട്ടാമ്പി, ഷൊര്‍ണൂര്‍, വാടാനാംകുറിശ്ശിയില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനം തിരിച്ചിറങ്ങവെ മരപ്പാലത്തിനും കുണ്ടറ ചോലയ്ക്കുമിടയില് അമ്പതടിയോളം താഴ്ചയിലേക്ക് വീണിരുന്നു. നിസാരപരിക്കുകളോടെ രക്ഷപ്പെട്ട ഇവര്‍ കെഎസ്ആര്‍ടിസിയില്‍ നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തി. സ്കാനിങ് തുടങ്ങിയവയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. മറ്റ് ആംബുലന്‍സുകള്‍ ലഭ്യമായില്ല. വിഷം കഴിച്ചതിനെ തുടര്‍ന്ന് തുടര്‍ചികിത്സയ്ക്കായി നിഖിലിനെയും കൊണ്ട് ശിവന്, വൈശാഖ് എന്നിവര്‍ പാലക്കാട്ടേക്ക് പോവുകയായിരുന്ന ആംബുലന്‍സില്‍ പട്ടാമ്പി സ്വദേശികള്‍ കയറുകയായിരുന്നു. ഈ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആദ്യ അപകടത്തെക്കുറച്ചറിഞ്ഞ് പട്ടാമ്പിയില്‍ നിന്നെത്തിയവരില്‍ ഒരാള്‍ ഈ ആംബുലന്‍സില്‍ കയറിയിരുന്നു. അപകടത്തില്‍പ്പെട്ട സംഘത്തില്‍ നിന്ന് രണ്ടുപേര്‍ കയറിയിരുന്നില്ല.
പാലക്കാട് നിന്നും ഫയര്‍ഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോലീസ് ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: