സംഖ്യോപസംഗ്രഹാധികരണം
ഈ അധികരണത്തില്‍ മൂന്ന് സൂത്രങ്ങള്‍ ഉണ്ട്.
സൂത്രം ന സാംഖ്യോപസംഗ്രഹാദപി നാനാഭാവാദതിരേകാച്ച
(ന സാംഖ്യ ഉപസംഗ്രഹാദ് അപി നാനാ ഭാവാത് അതിരേകാത് ച)
സംഖ്യയെ കണക്കാക്കുന്നതു കൊണ്ട് സാംഖ്യന്മാരുടെ തത്ത്വങ്ങളുടെ ഗണന ശരിയല്ല. നാനാവിധത്തിലായിരിക്കുന്നതുകൊണ്ടും എണ്ണം അധികമാകുന്നതു കൊണ്ടും സാംഖ്യ വാദം അംഗീകരിക്കാനാവില്ല.
അജാ മന്ത്രം കൊണ്ട് സാംഖ്യമതം ശ്രുതിസമ്മതമാകയില്ലെന്ന് സമര്‍ത്ഥിച്ചു. എന്നാല്‍ സാംഖ്യന്മാര് മറ്റൊരു വാദം ഉന്നയിക്കുന്നു.
ബൃഹദാരണ്യകത്തില്‍ ‘യസ്മിന്‍ പഞ്ച പഞ്ചജനാ ആകാശശ്ച പ്രതിഷ്ഠിത:
തമേവമന്യ ആത്മാനം വിദ്വാന് ബ്രഹ്മാമൃതോ/മൃതം ‘
ഏതൊന്നിലാണോ അഞ്ചു പഞ്ചജനങ്ങളും അവ്യാകൃതാശവും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നുവോ ആ ആത്മാവിനെ തന്നെ മരണരഹിതമായ ബ്രഹ്മമായി ഞാന്‍ കരുതുന്നു. അതിനെ അറിയുന്നയാള്‍ ജനനമരണങ്ങള്‍ ഇല്ലാത്തവനായിത്തീരുന്നു.
ഈ മന്ത്രത്തില്‍ രണ്ട് തവണ പഞ്ച എന്ന് പറഞ്ഞത് 25 തത്വങ്ങളെപ്പറ്റി പറയുന്നതാണെന്ന് സാംഖ്യന്മാര് വാദിക്കുന്നു. അതിനാല്‍ സാംഖ്യ മതം ശ്രുതിസമതമെന്നാണ് അവരുടെ വാദം.
എന്നാല്‍ സാംഖ്യന്മാരുടെ ഈ വാദം ശരിയല്ല. സാംഖ്യതത്വങ്ങളെപ്പറ്റിയല്ല ഇവിടെ പറയുന്നത്. അഞ്ച് എണ്ണം എന്ന അര്‍ത്ഥത്തില്‍ രണ്ടു തവണ പഞ്ച എന്ന് പറയുന്നില്ല. രണ്ടാമത്തെ പഞ്ച എന്നത് പഞ്ചജനാഃ എന്ന സമസ്ത പദത്തിന്റെ ഭാഗമാണ്.
സാംഖ്യശബ്ദം മറ്റൊരു പദത്തോട് സമാസിച്ച് പറയണമെങ്കില്‍ അത് സംജ്ഞയായിരിക്കണം. അതിനാല്‍ പഞ്ചജനാഃ എന്നതില്‍ നിന്ന് പഞ്ച എന്നത് വേര്‍ത്തിരിച്ച് എടുക്കാനോ 25 എന്ന എണ്ണമുണ്ടാക്കാനോ കഴിയില്ല. പഞ്ചജനങ്ങളെ അറിയാനാണ് പഞ്ച എന്ന വിശേഷണം. സാംഖ്യ തത്വങ്ങളുടെ കണക്കായിട്ട് ഇതിനെ എടുക്കാനാവില്ല.
സംഖ്യാ വാചകം പ്രത്യേക ഭാവങ്ങളെ വ്യക്തമാക്കാന്‍ വേണ്ടിയാണ്.
സാംഖ്യ മതപ്രകാരം ആകാശവും ആത്മാവും
കൂടിച്ചേര്‍ന്നാല്‍ 27 തത്വങ്ങളാകും. 24 തത്വങ്ങളില്‍ ആകാശം ഉള്‍പ്പെട്ട ആകാശത്തെ വീണ്ടും പറഞ്ഞിട്ടുള്ളതിനാല്‍ ആ തത്വങ്ങളെയല്ല ഇവിടെ കണക്കാക്കുന്നത് എന്ന് മനസ്സിലാക്കേണ്ടതാണ്.
സംഖ്യാക്രമം ആ നിലയ്ക്ക് നോക്കിയാലും ശരിയാകില്ല. 25 തത്വങ്ങളുടെ സമവായമായ സ്വതന്ത്രപ്രധാനത്തിന്റെ വര്‍ണന ശ്രുതിയിലുണ്ട് എന്ന് പറയുന്നത് ഇക്കാരണത്താല്‍ യോജിക്കുകയില്ല.
അജാ ശബ്ദം പരമാത്മാവിന്റെ ശക്തി എന്ന് പറഞ്ഞതുപോലെ പഞ്ചപഞ്ച എന്നതിന് വിവിധങ്ങളായ പരമാത്മാശക്തി എന്ന് അര്‍ത്ഥമെടുക്കണം.
ആകാശം ആത്മാവില്‍ പ്രതിഷ്ഠിതമാണ്.സാംഖ്യമതമനുസരിച്ച് പ്രധാന തത്വങ്ങളില്‍ നിന്ന് പുരുഷന് വേറിട്ടിരിക്കുന്നു. അതിന് സാംഖ്യരുടെ പ്രധാനവുമായി ബന്ധമില്ല.എന്നാല്‍ മായയുമായി ബന്ധപ്പെട്ട് അത് സംസാരിയായിത്തീരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: