തിരുവനന്തപുരം: എക്സിറ്റ്പോള്‍ പുറത്തുവന്നതോടെ സിപിഎമ്മിന് ആശങ്ക. എല്‍ഡിഎഫിന് പ്രത്യേകിച്ച് സിപിഎമ്മിന് കനത്ത ആഘാതമുണ്ടാക്കുമെന്നാണ് ഫലങ്ങള്‍ നല്കുന്ന സൂചന. ഇതോടെ സിപിഎമ്മില്‍ പൊട്ടിത്തെറി തുടങ്ങി.
ശബരിമല മുഖ്യവിഷയമല്ലെന്ന് തെരഞ്ഞെടുപ്പില്‍ അങ്ങോളമിങ്ങോളം പ്രസംഗിച്ചു നടന്ന നേതാക്കളുടെയും മന്ത്രിമാരുടെയും നിലപാടുകള്‍ ഫലപ്രവചനങ്ങള് വന്നതോടെ മാറിത്തുടങ്ങി. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം വന്ന് മണിക്കൂറുകള്‍ക്കം മുഖ്യമന്ത്രി പിണറായി വിജയന് തിരുത്തി. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്നായിരുന്നു മുഖ്യന്റെ പ്രതികരണം.
സാധാരണ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ ജയിക്കുന്ന സീറ്റുകളുടെ എണ്ണത്തെക്കുറിച്ച് ഏതാണ്ട് കൃത്യമായ കണക്കുകള്‍ നിരത്തുമായിരുന്നു. എന്നാല്‍, കോടിയേരി ബാലകൃഷ്ണന്റെ വാര്‍ത്താസമ്മേളനം പിണറായി സര്‍ക്കാരിനെ പരോക്ഷമായി പ്രതികൂട്ടില്‍ നിര്‍ത്തുന്നതായി.
സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോയെന്ന ചോദ്യത്തിന് 18 സീറ്റിലും എല്‍ഡിഎഫ് വിജയിക്കുമെന്ന മുനവച്ച മറുപടിയാണ് നല്‍കിയത്. പരാജയം മുന്‍കൂട്ടി കണ്ടാണ് കോടിയേരിയുടെ പ്രതികരണമെന്നാണ് വെളിവാകുന്നത്. പരാജയം പാര്‍ട്ടിയുടെ കുഴപ്പം കൊണ്ടല്ല ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് സ്ഥാപിക്കുന്നതു കൂടിയാണ് കോടിയേരിയുടെ മറുപടി. എല്‍ഡിഎഫില്‍ സിപിഎമ്മും സിപിഐയും മാത്രമാണ് മത്സരിച്ചത്. മറ്റ് ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കിയില്ല. തെരഞ്ഞെടുപ്പില്‍ ഇവര്‍ കാഴ്ചക്കാരായിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കോടിയേരിയുടെ പ്രതികരണം.
വടകരയിലെ ഫലം സിപിഎമ്മിന് അനുകൂലമല്ലെങ്കില്‍ നേതാക്കാള്‍ ഏറെ വിയര്‍ക്കേണ്ടിവരും. മുഖ്യമന്ത്രിക്ക് തലവേദനയുണ്ടാക്കുന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ മാറ്റാന്‍ ഒരു ഉപാധി ആയിരുന്നു പി. ജയരാജന്റെ വടകരയിലെ സീറ്റ്. ജയരാജന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ തന്നെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എം.വി. ജയരാജനെ നിയമിച്ചു. കണ്ണൂര്‍ ജില്ലാ കമ്മിറ്റി പോലും തിരുമാനിക്കുന്നതിന് മുമ്പാണ് എം.വി. ജയരാജന് സെക്രട്ടറിയായത്.
ഫലം വരുമ്പോള്‍ ഏറെ ചര്‍ച്ചചെയ്യുന്നതാകും സിപിഐയുടെ പതനം. കേരളത്തിലെന്നല്ല ഇന്ത്യയില്‍ ഒരിടത്തും എക്സിറ്റ് പോള്‍ ഫലപ്രവചനങ്ങളില്‍ സിപിഐയ്ക്ക് സീറ്റില്ല. കഴിഞ്ഞ തവണ തൃശൂരില്‍ ജയിച്ച സി.എന്‍. ജയദേവന് മാത്രമായിരുന്നു സിപിഐയിലെ ലോക്സഭയിലെ സാന്നിധ്യം. സിപിഐയെ സിപിഎം കാലുവാരുന്നതായി തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. തോല്‍വി മണത്ത സി. ദിവാകരന് എംഎല്‍എ വിഎസിനെ കുത്തി നോവിച്ച് രംഗത്തെത്തി. വിഎസിന്റെ കാലത്ത് സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ മന്ത്രി തോമസ് ഐസക്ക് തടഞ്ഞ് വച്ചെന്നായിരുന്നു ദിവാകരന്റെ ആരോപണം. ദിവാകരന് മലര്‍ന്ന് കിടന്ന് തുപ്പരുതെന്ന് വിഎസ് മറുപടിയും നല്കി.
ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ സിപിഎം പരാജയപ്പെട്ടെന്ന് എക്സിറ്റ്പോള്‍ വന്നപ്പോള്‍ സി. ദിവാകരന് പ്രതികരിച്ചു. എക്സിറ്റ്പോള്‍ ഫലത്തിലെ പോര്‍വിളി തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ സിപിഎമ്മിലും മുന്നണിയിലും പരസ്പരം ഏറ്റുമുട്ടലുണ്ടാകുന്ന അവസ്ഥയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: