കൊച്ചി: 1987 ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന വടക്കൂട്ട് വിശ്വനാഥമേനോനെന്ന അമ്പാടി വിശ്വത്തെ പാര്‍ട്ടി തഴഞ്ഞത് സിപിഎമ്മിനെതിരെ ശബ്ദമുയര്‍ത്തിയതിന്. കുട്ടിക്കാലം മുതല്‍ ഗാന്ധിജിയുടെ ആരാധകനായിരുന്ന വിശ്വനാഥന് വിദ്യാഭ്യാസ കാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ ആരാധകനായി. ശേഷം പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ അദ്ദേഹം സ്വാതന്ത്ര്യ സമരകാലത്ത് നിരവധി കേസുകളില്‍പെട്ട് ജയില്‍വാസവും അനുഷ്ഠിച്ചു. കൊച്ചിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല നേതാക്കളിലൊരാളായിരുന്നു. എം.എം. ലോറന്‍സും എ.പി. കുര്യനും ആദ്യകാല സഹപ്രവര്‍ത്തകരായിരുന്നു. രണ്ട് തവണ പാര്‍ലമെന്റ് അംഗമായി. ആദ്യതവണ അവിഭക്ത സിപിഐയുടെ പ്രതിനിധിയായും പിന്നീട് സിപിഐ(എം) പ്രതിനിധിയായും.
എറണാകുളത്തുനിന്നു പാര്‍ട്ടി ചിഹ്നത്തില്‍ ലോക്സഭയിലേക്കു മല്‍സരിച്ചു ജയിച്ച ഏക കമ്യൂണിസ്റ്റാണ് വിശ്വനാഥ മേനോന്. ഒരു തവണ രാജ്യസഭാംഗവുമായി. 1987ല്‍ ധനമന്ത്രിയായ ശേഷം തുടര്‍ച്ചയായി സിപിഎമ്മിനു നഷ്ടപ്പെട്ട എറണാകുളം ലോക്സഭാ മണ്ഡലം പിടിച്ചെടുക്കാന്‍ 1991ല്‍ വിശ്വനാഥമേനോനെത്തന്നെ പാര്‍ട്ടി നിയോഗിച്ചു. രാജീവ് ഗാന്ധിവധം സഹതാപ തരംഗമായി ആഞ്ഞടിച്ചപ്പോള്‍ മേനോന് തോറ്റു. കൊച്ചി പോര്‍ട്ട് യൂണിയന്റെ പ്രസിഡന്റായിരുന്ന കാലത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി. പാലക്കാട് പാര്‍ട്ടി സമ്മേളനത്തില്‍ വിശ്വനാഥ മേനോനെ നേതാക്കള്‍ വെട്ടിനിരത്തി. തുടര്‍ന്ന് 2000ല്‍ ഇടപ്പള്ളി പോലീസ് സ്റ്റേഷന് ആക്രമണത്തിന്റെ 50-ാം വാര്‍ഷികത്തില്‍ നല്കിയ അഭിമുഖത്തിന്റെ പേരില്‍ എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നിന്നും പുറത്താക്കി.
പോലീസ് സ്റ്റേഷന് ആക്രമണത്തെ എതിര്‍ത്ത വ്യക്തിയായിരുന്നു വിശ്വനാഥന്. പാര്‍ട്ടി വിരുദ്ധനാകുമെന്ന ഭയത്താല്‍ പുറത്തുപറഞ്ഞില്ല. പാര്‍ട്ടിയുടെ നയങ്ങള്‍ക്കെതിരെ അമര്‍ഷം പുകഞ്ഞു നിന്നിരുന്ന സമയത്താണ് ജ്യോതി ബസു സോണിയാ ഗാന്ധിയെ അടുത്ത പ്രധാന മന്ത്രിയെന്ന് വിശേഷിപ്പിച്ചത്. തികഞ്ഞ ആദര്‍ശവാദിയായിരുന്ന വിശ്വത്തിന് അത് വിശ്വസിക്കാനായില്ല. കമ്മ്യൂണിസം കോണ്‍ഗ്രസിന്റെ ബി ടീമായെന്ന് വിലപിച്ച് വിശ്വം പാര്‍ട്ടിവിട്ടു. 2003ല്‍ ജോര്‍ജ് ഈഡന്റെ മരണത്തെതുടര്‍ന്ന് നടന്ന ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ വി.വിശ്വനാഥമേനോന് ബിജെപിയുടേയും സിപിഎം വിമതരുടെയും പിന്തുണയോടെ എറണാകുളത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കോണി ചിഹ്നത്തില്‍ മത്സരിച്ചു. കേരള രാഷ്ട്രീയത്തിലും സിപിഎമ്മിലും അമ്പരപ്പ് സൃഷ്ടിച്ച ഈ സ്ഥാനാര്‍ത്ഥിത്വം വിമതനേതാവ് വി.ബി. ചെറിയാനാണ് പ്രഖ്യാപിച്ചത്. പി.സി. തോമസും സ്കറിയ തോമസുമായിരുന്നു സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സെബാസ്റ്റ്യന്‍ പോളായിരുന്നു ഇടത് സ്വതന്ത്രന്, യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ഒ. ജോണ്‍. തെരഞ്ഞെടുപ്പില്‍ വിശ്വനാഥമേനോന് പരാജയം രുചിച്ചു. പാര്‍ട്ടിക്ക് വേണ്ടി ആദ്യകാലം മുതല്‍ പ്രവര്‍ത്തിച്ച വിശ്വനെ എക്കാലത്തെയും പോലെ ഒതുക്കിയപ്പോള്‍ പൊതുരംഗത്തുനിന്ന് ഉള്‍വലിയേണ്ടിവന്നു. പ്രായം തളര്‍ത്തിയപ്പോഴും പാര്‍ട്ടി പുറത്താക്കിയപ്പോഴും ശക്തമായ നിലപാടുകള്‍ കൈക്കൊണ്ട നേതാവിനെ മരണശേഷം പാര്‍ട്ടിക്കൊടി പുതപ്പിക്കാന്‍ തെല്ലും ജാള്യതയില്ലാതെ നേതാക്കളെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: