കര്‍ക്കശമായ മതശാസനങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും മതത്തിന്റെ സൗന്ദര്യ വര്ദ്ധനോപാധികളാണോ?
മതം അനുശാസിക്കുന്ന വിശ്വാസങ്ങള്‍, ആചാരങ്ങള്‍, വസ്ത്രധാരണ രീതികള്‍, ജീവിത രീതികള്‍ എല്ലാം മനുഷ്യന്റെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു എങ്കില്‍കൂടി, പ്രാകൃതമെന്ന് വിളിക്കാവുന്ന അവയില്‍ പലതും എന്തുകൊണ്ട് അഭിമാനകരമായി കണക്കാക്കപ്പെടുകയും മനുഷ്യന് അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു? മതം എന്നത് മതം ആയിട്ടും അഭിപ്രായം ആയിട്ടും സ്വീകാര്യം. കയ്പേറിയതെങ്കിലും ശീലം ഒന്നിനെ മധുരമുള്ളതാക്കുമെന്ന് കവിവാക്യം.
ഒരു വിഭാഗം ജനങ്ങള്‍ നിശ്ചിത അളവിലുള്ള വളയങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കഴുത്തില്‍ ഇട്ടുകൊണ്ട് കഴുത്തിന്റെ നീളം വര്‍ദ്ധിപ്പിക്കുകയും അങ്ങനെ സമൂഹത്തില്‍ നിലനില്‍ക്കുന്ന സൗന്ദര്യ സങ്കല്പ്പങ്ങള്ക്കനുസൃതമായി സ്വയം രൂപമാറ്റം വരുത്തി സൗന്ദര്യമുള്ളവരായിത്തീര്ന്ന് അതില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. സൗന്ദര്യം എന്നത് അതാണെന്നും, അത് നേടിയെടുക്കേണ്ടത് കഴുത്തില്‍ വളയങ്ങളിട്ട് കഴുത്തിന്റെ നീളം കൂട്ടിയെടുത്തിട്ടാണെന്നും അവര്‍ കരുതുന്നു. എന്നാല്‍ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ വ്യത്യസ്തമായവര്‍ അതിനെ ഭ്രാന്ത് എന്നു വിശേഷിപ്പിച്ചേക്കാം.
തന്റെ സമൂഹം അംഗീകരിച്ച മത വിശ്വാസങ്ങളും കര്‍ക്കശങ്ങളായ മത ശാസനങ്ങളും അണുവിട തെറ്റാതെ അതനുസരിച്ച് ജീവിച്ച് മതം വച്ചുനീട്ടുന്ന സ്വര്‍ഗ്ഗത്തെ നേടാന്‍ ശ്രമിക്കുന്നവരും, കഴുത്തില്‍ വളയങ്ങളിട്ട് അതിന്റെ നീളം കൂട്ടി സമൂഹത്തില്‍ നിലനില്‍ക്കുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പൂര്‍ത്തീകരണം തേടാന്‍ ശ്രമിക്കുന്നവരും തമ്മിലുള്ള ചേര്‍ച്ചയും വ്യത്യാസവും എന്തെന്ന് നോക്കാം.
സാമ്യം: ഒരു കൂട്ടര് സമൂഹം അംഗീകരിച്ച സൗന്ദര്യത്തിലേക്ക് എത്തിച്ചേരാന്‍ കഴുത്തില്‍ വളയങ്ങള്‍ ഇട്ടുകൊണ്ട് ശ്രമിക്കന്നു. മറ്റേ കൂട്ടര് വളയങ്ങള്‍ക്ക് തുല്യമായ കര്‍ക്കശ മതശാസനങ്ങള്‍ പിന്തുടര്ന്ന് അവരുടെ സമൂഹം വിശ്വസിച്ച് അംഗീകരിച്ച സ്വര്‍ഗ്ഗ പ്രാപ്തി ലക്ഷ്യമാക്കുന്നു. വിശ്വാസത്തിലും ലക്ഷ്യത്തിലേക്ക് എത്താനുള്ള പരിശ്രമത്തിലും ഇരുകൂട്ടരും തുല്യരാണ്.
വ്യത്യാസം: വളയങ്ങളിട്ട് കഴുത്തിന്റെ നീളം കൂട്ടി സൗന്ദര്യം നേടാന്‍ ശ്രമിക്കുന്നവര്‍ തങ്ങളുടെ സൗന്ദര്യ സങ്കല്‍പ്പമാണ് ലോകോത്തരമെന്ന് പറഞ്ഞ് വളയങ്ങളുമായി മറ്റൊരുവന്റെ കഴുത്തിന് നീളം കൂട്ടാന്‍ വരുന്നില്ല. എന്നാല്‍ ശ്രേഷ്ഠമായ സ്വര്‍ഗ്ഗം ലക്ഷ്യമാക്കുന്നവര്‍ സ്വന്തം കഴുത്തില്‍ വളയങ്ങള്‍ ഇട്ടുകൊണ്ട് അവനവന്റെ കഴുത്തിന്റെ നീളം കൂട്ടുന്നു എന്നുമാത്രമല്ല, തന്റെ സ്വര്‍ഗ്ഗപ്രാപ്തിക്ക് വേണ്ടി വളയങ്ങളുമായി അന്യന്റെ കഴുത്തിന് നേരേ വരികയും ചെയ്യുന്നു.
ഒരുവന് സ്വീകാര്യമല്ലാത്ത സൗന്ദര്യസങ്കല്പ്പത്തിലേക്ക് അവനെയെത്തിക്കാന് അവന്റെ നേരേ നീട്ടപ്പെടുന്ന വളയങ്ങളാണ് ലോകത്തിലെ മനുഷ്യരുടെ പല അസ്വസ്ഥതകള്‍ക്കുമുള്ള പ്രധാന കാരണം.
കര്‍ക്കശമായ മത ശാസനങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും മതത്തിന്റെ ‘സൗന്ദര്യ’ വര്ദ്ധനോപാധികളാണൊ എന്ന ചോദ്യത്തിന്, സൗന്ദര്യത്തിനുവേണ്ടി കഴുത്തിന്റെ നീളം കൂട്ടാന്‍ ഉപയോഗിക്കുന്ന വളയങ്ങള്‍ പോലെ സ്വര്‍ഗ്ഗപ്രാപ്തിക്ക് വേണ്ടിയുള്ള കര്‍ക്കശങ്ങളായ മത ശാസനങ്ങളും മതത്തിന്റെ ‘സൗന്ദര്യം’ വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ തന്നെയെന്ന് ഉത്തരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: