മൂന്നു ബന്ധങ്ങളുടേയും ഉപയോഗം പറയുന്നു.
മൂലസ്ഥാനം സമാകുഞ്ച്യ
ഉഡ്ഡിയാനം തു കാരയേത്
ഇഡാം തു പിങ്ഗളാം ബദ്ധ്വാ
വാഹയേത് പശ്ചിമേ പഥി – 3 – 74
മൂലാധാരസ്ഥാനം നല്ല പോലെ ചുരുക്കി ഉഡ്ഡിയാനം ചെയ്യണം. ഇഡയെയും പിംഗളയെയും ബന്ധിച്ച് പ്രാണനെ സുഷുമ്നയിലൊഴുക്കണം.
കഴിഞ്ഞ ശ്ലോകത്തില്‍ ജാലന്ധര ബന്ധം കൊണ്ട് ഇഡ – പിംഗള നാഡികളെ ബന്ധിക്കാമെന്നു സൂചിപ്പിച്ചിട്ടുണ്ട്. കണ്ഠ സങ്കോചനേനൈവ ദ്വേ നാഡ്യൗ സ്തംഭ യേത് ദൃഢം.’ എന്ന്.
‘വാഹയേത് ‘ എന്നാല്‍ ഒഴുക്കുക. നദിക്ക് പ്രവാഹം എന്ന പേരു വന്നത് അതു കൊണ്ടാണ്. ഇഡ, ഗംഗാപ്രവാഹവും പിംഗള, യമുനാ പ്രവാഹവുമാണ്. ഇവയെയാണ് ജാലന്ധരത്തിലൂടെ തടഞ്ഞ് സുഷുമ്നയിലൂടെ ഒഴുക്കുന്നത്.
അനേനൈവ വിധാനേന
പ്രയാതി പവനോ ലയം.
തതോ ന ജായതേ മൃത്യുഃ
ജരാ രോഗാദികം തഥാ – 3 – 75
ഈ പ്രവര്‍ത്തനത്തിലൂടെ പ്രാണന് ലയം പ്രാപിക്കുന്നു. അപ്പോള്‍ മരണമില്ല. ജരാനരകളോ രോഗമോ ഇല്ല.
എന്താണ് ലയം? ‘ഗത്യഭാവപൂര്വകം (ചലനമില്ലാതെ) പ്രാണസ്യ (പ്രാണന്റെ ) ബ്രഹ്മരന്ധ്രേ (ബ്രഹ്മരന്ധ്രത്തില്‍ ഉള്ള ) സ്ഥിതി: ലയ: ‘
‘രോഗാദികം ‘ എന്നതിലെ ‘ആദി’ പ്രായമാവുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകളുടെ എല്ലാം സൂചനയായി.
ബന്ധത്രയമിദം ശ്രേഷ്ഠം
മഹാസിദ്ധൈശ്ച സേവിതം
സര്‍വേഷാം ഹീതന്ത്രാണാം
സാധനം യോഗിനോ വിദു: – 3 – 76
ഈ മൂന്നു ബന്ധങ്ങളും ശ്രേഷ്ഠമാണ്. മഹാസിദ്ധന്മാര്‍ ഇതിനെ ആശ്രയിക്കുന്നു. ഇത് എല്ലാ ഹഠതന്ത്രങ്ങളിലും വെച്ച് ഫലപ്രദമാണ്. ഇതിനെ യോഗികള്‍ അറിയുന്നു.
ഉഡ്യാണ ബന്ധം, മൂല ബന്ധം, ജാലന്ധര ബന്ധം എന്നിവയാണ് ബന്ധത്രയം. 16 ആധാരങ്ങളുടെ ബന്ധങ്ങളിലും ശ്രേഷ്ഠമാണ് ഈ മൂന്നെണ്ണം.
ഹഠതന്ത്രങ്ങള് എന്നാല്‍ ഹഠയോഗത്തിലെ വിവിധ ഉപായങ്ങള്‍ എന്നും ഹഠയോഗവും തന്ത്രയോഗവുമെന്നും എടുക്കാം.
സാധിപ്പിക്കുന്നത്, സിദ്ധി തരുന്നത് സാധനം. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന സാധനമെന്ന വാക്കിനും ഇതു തന്നെയാണ് അര്‍ഥം. വസിഷ്ഠാദി മുനിമാരാല്‍ സേവിതമാണിത്. മത്സ്യേന്ദ്രാദി സിദ്ധന്മാര് ഇത് അനുഷ്ഠിച്ചിട്ടുണ്ട്. ഗോരക്ഷാദി യോഗിവര്യന്മാര് ഇതിനെ അറിയുന്നു.
മനസ്സിനെയും ശരീരത്തെയും താളത്തിലാക്കാന്‍ ഏറ്റവും പറ്റിയവയാണ് ഈ മൂന്നു ബന്ധങ്ങളും. മറ്റു മുദ്രകള്‍ അറിയാത്തവര്‍ക്കും ഈ മൂന്നു ബന്ധങ്ങള്‍ അറിയാം. അവയുടെ പ്രായോഗികതയാണിവിടെ പരാമര്‍ശിക്കപ്പെട്ടത്.
യത് കിഞ്ചിത് സ്രവതേ ചന്ദ്രാദ്
അമൃതം ദിവ്യരൂപിണഃ
തത് സര്‍വം ഗ്രസതേ സൂര്യഃ
തേന പിണ്ഡോ ജരായുതഃ – 3 – 77
ദിവ്യരൂപിയായ ചന്ദ്രനില്‍ നിന്നൊഴുകുന്ന അമൃതെല്ലാം അപ്പോള്‍ തന്നെ സൂര്യന് വിഴുങ്ങുന്നു. അതു കൊണ്ടാണ് ശരീരത്തിന് വയസ്സാകുന്നത്.
താലുമൂലത്തില് നിന്നാണ് അമൃതൊഴുകുന്നത്. അത് താഴോട്ടു പതിച്ച് നാഭിദേശത്തെത്തുമ്പോള് സൂര്യന് അതിനെ വിഴുങ്ങുന്നു.
ശരീരത്തിന്റെ യൗവനം നിലനിര്‍ത്തേണ്ട അമൃതാണ് ഇങ്ങിനെ പാഴായി പോകുന്നത്.
ഗോരക്ഷാ നാഥന് പറയുന്നത് ഇങ്ങനെ: –
‘നാഭി ദേശേ സ്ഥിതോ നിത്യം ഭാസ്കരോ ദഹനാത്മക: ‘ ( പൊക്കിള്പ്രദേശത്ത് സൂര്യന് ദഹനശക്തിയായി നിത്യം സ്ഥിതി ചെയ്യുന്നു). ‘അമൃതാത്മാ സ്ഥിതോ നിത്യം താലുമൂലേ ച ചന്ദ്രമാഃ ‘ (താലുമൂലത്തില് അമൃത നിഷ്യന്ദിയായ ചന്ദ്രന് നിത്യമായി ഇരിക്കുന്നു). ‘വര്ഷത്യധോമുഖഃ ചന്ദ്രോ’ ( താഴോട്ടു മുഖമാക്കിയ ചന്ദ്രന് അമൃതം വര്‍ഷിക്കുന്നു) ‘ഗ്രസത്യൂര്ധ്വ മുഖോ രഃ: ‘ (മേലോട്ടു നോക്കിയിരിക്കുന്ന സൂര്യന് അത് വിഴുങ്ങുന്നു.)
അമൃതു പൊഴിയുന്ന മൂര്‍ധാവിലെ കേന്ദ്രത്തെ ബിന്ദു വിസര്‍ഗം എന്നു പറയും. ബിന്ദു തന്നെ അമൃതം. അമരത്വം നല്കാന് കഴിയുന്ന ദ്രവ്യമാണ് അമൃത്. ചന്ദ്രക്കല ഇതിന്റെ പ്രതീകമാണ്. തലയില്‍ കുടുമ (ശിഖ ) വെക്കുന്നത് ഇതിന്റെ ബാഹ്യ പ്രതീകമാണ്. ബിന്ദു, ശരീരത്തില്‍ ലയിച്ചാല്‍ കോശങ്ങളുടെ നിലനില്‍പ്പിനും പു
തുക്കലിനും കാരണമാവും. കോശങ്ങളുടെ ക്ഷയമാണല്ലൊ നമ്മെ മരണത്തോടടുപ്പിക്കുന്നത്. ഈ ജ്ഞാനം മതപരതയില്‍ ഒതുങ്ങിക്കൂട. ഹഠയോഗത്തിലും തന്ത്രത്തിലും ഒക്കെ, ഈ വിഷയത്തില്‍ ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. ഇനിയും നടക്കേണ്ടിയിരിക്കുന്നു.
അടുത്തു പറയാന്‍ പോകുന്ന വിപരീതകരണി മുദ്രയുടെ ഒരു മുന്നോടിയാണീ ശ്ലോകം. അതിന്റെ ആവശ്യകതയിലേക്ക് ഇതു വിരല്‍ ചൂണ്ടുന്നു.
(കൊച്ചി പതഞ്ജലിയോഗ
ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍
അധ്യക്ഷനാണ് ലേഖകന്‍)
9447077203
പ്രതികരിക്കാൻ ഇവിടെ എഴുതുക: