മാടായി കാരിക്കുരിക്കള്‍ എന്ന വീരപുരുഷനാണ് അത്യുത്തര കേരളത്തിലെ പുലയ സമുദായത്തിന്റെ ആരാധ്യപുരുഷനായ പുലിമറഞ്ഞ തൊണ്ടച്ചന്‍ എന്ന തെയ്യമായി മാറിയത്.
കുഞ്ഞമ്പു എന്ന യജമാനന്റെ ആഗ്രഹപ്രകാരം കാരി എന്ന പുലയ യുവാവ് കളരിയില്‍ ചേര്‍ന്ന് വിദ്യകള്‍ അഭ്യസിക്കുന്നു. ആദ്യം മാടായിക്കളരിയില്‍ ചേര്‍ന്ന് പയറ്റ് അഭ്യസിച്ചു. തുടര്‍ന്ന് പതിനെട്ടു കളരികളിലും കാരി അധ്യയനം നടത്തി. ഒടുവില്‍ ചോതിക്കളരിയില്‍ ചെന്ന് ആള്‍മാറാട്ട വിദ്യയും പഠിച്ചു. തേളായും പാമ്പായും നായയായും നരിയായും വേഷം മാറുന്ന വിദ്യവശത്താക്കി. വിദ്യാഭ്യാസത്തിനു ശേഷം കാരി മാടായി കളരിയില്‍ തിരിച്ചെത്തി.
അവിടെ വച്ച് കാരിക്ക് കുരിക്കള്‍ സ്ഥാനം ലഭിച്ചു. കുഞ്ഞിവെള്ളച്ചി എന്ന യുവതിയെ വിവാഹം ചെയ്തു. ഈ സമയത്താണ് കുറ്റേരി കോവിലകത്തെ തമ്പുരാനും അദ്ദേഹത്തിന്റെ തന്നെ താവഴിയില്‍പെട്ട അള്ളടം മൂത്തകോവില്‍ തമ്പുരാനും തമ്മില്‍ സ്വത്തിന്റെ പേരില്‍ തര്‍ക്കമുണ്ടായത്. കുറ്റേരി തമ്പുരാന്‍ അള്ളടം തമ്പുരാന് മാരണം ചെയ്തു. അള്ളടം തമ്പുരാന് ഭ്രാന്തു പിടിച്ചു. ഭ്രാന്ത് ചികിത്സിക്കാന്‍ കാരിക്കുരിക്കളെ കൊണ്ടുവരണമെന്ന് തീരുമാനമായി.
അള്ളടത്തേക്ക് പുറപ്പെട്ട കാരിക്കുരുക്കള്‍ക്ക് വഴിയില്‍ പലയിടത്തും പരീക്ഷണങ്ങള്‍ നേരിടേണ്ടി വരികയും തന്റെ മാന്ത്രികവിദ്യകൊണ്ട് അവയെല്ലാം തരണം ചെയ്യുകയും ചെയ്തു. ഒടുവില്‍ അള്ളടം കേവിലകത്തെത്തി മന്ത്രവാദ കര്‍മങ്ങളാരംഭിക്കുന്നു. തമ്പുരാന്റെ രോഗം മാറിയെങ്കിലും കാരിക്കുരിക്കളെ കൊല്ലാന്‍ തമ്പുരാന്‍ തീരുമാനിച്ചു (രോഗം മാറിയാല്‍ സ്വത്തിന്റെ പാതി നല്‍കാമെന്ന തമ്പുരാന്മാരുടെ വാക്ക് പാലിക്കാതിരിക്കാനാകും). പുലിയെയും പുലിപ്പാലും പുലിച്ചിടയും (പുലിജട) കൊണ്ടുവന്നാലേ സ്വത്ത് തരൂ എന്നായി തമ്പുരാക്കന്മാര്‍.
പുലിവേഷമണിഞ്ഞ് തിരിച്ചു വരാന്‍ തയ്യാറായി കുരിക്കള്‍ തന്റെ വീട്ടിലേക്ക് പുറപ്പെട്ടു. വീട്ടിലെത്തി ഭാര്യയോട്, താന്‍ പുലിവേഷത്തില്‍ വന്നാല്‍ പേടിക്കരുതെന്നും ചാണകവെള്ളത്തില്‍ ചൂലുമുക്കി തന്റെ മുഖത്തടിക്കണമെന്നും ചട്ടം കെട്ടി. കുരിക്കള്‍ മലകയറി പുലിവേഷം ധരിച്ചു. അള്ളടം നാട്ടിലെത്തി പുലിപ്പാലും പുലിച്ചെടയും കാഴ്ചവച്ചു. എന്നാല്‍ പുലിയെ കണ്ട് കുരിക്കളുടെ ഭാര്യ ഭയന്ന് വാതിലടച്ചു കളഞ്ഞു. ചട്ടം കെട്ടിയ പ്രകാരം ഭാര്യ പ്രവര്‍ത്തിക്കാതിരുന്നതുകൊണ്ട് പുലിവേഷത്തില്‍ നിന്ന് മോചനം ലഭിക്കാതെ കുരിക്കള്‍ വീടിന് വലം വച്ചു. ഒടുവില്‍ മേല്‍ക്കൂര വഴി അകത്ത് കടന്ന് ഭാര്യയുടെ തല കടിച്ചു കൊന്നു. അവിടെ നിന്ന് പുറത്തു ചാടി കാട്ടില്‍ അപ്രത്യക്ഷനായി.
വൈകാതെ തന്നെ അള്ളടം തമ്പുരാന് വീണ്ടും ഭ്രാന്തിളകി. പ്രശ്നം വച്ചപ്പോള്‍ കുരിക്കളുടെ കോപമാണെന്ന് തെളിയുകയും കുരിക്കളുടെ കോലം കെട്ടിയാടിക്കാന്‍ പ്രശ്നവിധി ഉണ്ടാകുകയും ചെയ്തു. പഴയ ഭൂപ്രഭുക്കന്മാരുടെ അധികാര വടംവലിയും സ്വത്തിനോടുള്ള ആര്‍ത്തിയും അസാമാന്യ കഴിവുകള്‍ നേടിയ ഒരു അധഃകൃത യുവാവിന്റെ ദാരുണാന്ത്യത്തിന് കാരണമായതിന്റെ കഥയാണ് പുലിമറഞ്ഞ തൊണ്ടച്ചന്‍ പുരാവൃത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: