മൂല ബന്ധം
പാര്ഷ്ണിഭാഗേന സമ്പീഡ്യ
യോനിമാകുഞ്ചയേദ് ദൃഢം
അപാനമൂര്ധ്വമാകൃഷ്യ
മൂലബന്ധോഭിധീയതേ – 3 – 61
ഉപ്പൂറ്റി ചേര്‍ത്തു വെച്ചുകൊണ്ട് യോനിയെ ശക്തമായി സങ്കോചിപ്പിച്ച് അപാനവായുവിനെ മേലോട്ടാകര്ഷിക്കുന്നത് മൂലബന്ധം.
ഗുദത്തിന്റെയും ലിംഗത്തിന്റെയും മധ്യഭാഗത്താണ് പുരുഷന്മാര്ക്ക് യോനിസ്ഥാനം. സ്ത്രീകള്‍ക്ക് യോനിയിലും. ഇത് മൂലാധാരചക്രത്തിന്റെ സ്ഥാനമാണ്. മൂല ബന്ധമെന്നാല്‍ മലദ്വാരത്തിന്റെ ബന്ധമല്ല. മൂലാധാര ബന്ധമാണ്. മലദ്വാരത്തിന്റെ സങ്കോചവികാസത്തിന്റെ മുദ്ര അശ്വിനീ മുദ്രയാണ്. ആകുഞ്ചനമെന്നാല് സങ്കോചിപ്പിക്കല്‍, ഇറുക്കല്‍.
അധോഗതിമപാനം വാ
ഊര്ധ്വഗം കരുതേ ബലാത്
ആകുഞ്ചനേന തം പ്രാഹു:
മൂലബന്ധം ഹി യോഗിന: – 3 – 62
അധോഗതിയായ (കീഴോട്ടു പോകുന്ന) അപാനനെ സങ്കോചനം കൊണ്ട് ബലമായി ഊര്ധ്വഗതിയാക്കുന്ന (മേലോട്ടയക്കുന്ന)തിനെയാണ് യോഗികള്‍ മൂലബന്ധമെന്നു പറയുന്നത്.
ഗുദം പാര്ഷ്ണ്യാ തു സമ്പീഡ്യ
വായുമാകുഞ്ചയേദ് ബലാത്
വാരം വാരം യഥാ ചോര്‍ധ്വം
സമായാതി സമീരണ: – 3 – 63
ഉപ്പൂറ്റി കൊണ്ട് ഗുദത്തില്‍ വീണ്ടും വീണ്ടും അമര്‍ത്തി പ്രാണനെ സങ്കോചിപ്പിച്ചാല്‍ അത് മേലോട്ട് ഉയരും. സിദ്ധാസനത്തിലിരുന്നാണ് മൂലബന്ധം നല്ലത്. കൈകള്‍ മുട്ടില്‍ ചേര്‍ക്കണം. നട്ടെല്ലു നിവര്‍ന്നിരിക്കണം. സാധാരണ ശ്വാസത്തില്‍ യോനിസ്ഥാനം, മൂലാധാര സ്ഥാനം പലതവണ സങ്കോചവികാസം ചെയ്യുക. ഇത് അഭ്യാസത്തിന്. പിന്നെ സങ്കോചസമയം കൂട്ടുക. പൂര്‍ണ സങ്കോചം കിട്ടിയാല്‍ അവിടെ പിടിച്ചു നില്ക്കുക. പിന്നെ ശ്വാസം അകത്തു പിടിച്ചും പുറത്തു പിടിച്ചും ജാലന്ധരബന്ധത്തോടെ അഭ്യാസം.
നിര്‍ത്തുമ്പോള്‍ ആദ്യം മുലബന്ധവും പിന്നെ ജാലന്ധര ബന്ധവും വിടര്‍ത്തി ശ്വാസമെടുക്കുക. പിന്നെ ഉഡ്യാന ബന്ധവും ചേര്‍ക്കാം.
പ്രാണാപാനൗ നാദബിന്ദൂ
മൂലബന്ധേന ചൈകതാം
ഗത്വാ യോഗസ്യ സംസിദ്ധിം
യച്ഛതോ നാത്ര സംശയ: – 3 – 64
മൂലബന്ധം കൊണ്ട് പ്രാണനും അപാനനും തമ്മിലും പിന്നീട് നാദബിന്ദുക്കള്‍ തമ്മിലും ചേര്‍ത്ത് യോഗസിദ്ധി നേടുന്നു.സംശയമില്ല.
പ്രാണാപാനന്മാരെപ്പറ്റി മുമ്പു ചര്‍ച്ച ചെയ്തിട്ടുണ്ട്. ബിന്ദു എന്നാല്‍ ശുക്ലമെന്നര്ഥമുണ്ട്.
യോഗ ചൂഡാമണി ഉപനിഷത്തില്‍ രണ്ടു തരം ബിന്ദുവുണ്ടെന്നു പറയുന്നു :-
‘സ പുനര്‍ ദ്വിവിധോ ബിന്ദു: പാ
ണ്ഡരോ ലോഹിതസ്തഥാ ‘ (രണ്ടു തരം ബിന്ദുക്കളുണ്ട് – വെളുത്തതും ചുവന്നതും). ‘പാണ്ഡരം ശുക്ലമിത്യാഹുര് ലോഹിതാഖ്യം മഹാരജ: ‘(വെളുത്തതിനെ (പരുഷന്റെ) ശുക്ലമെന്നും ചുവന്നതിനെ (സ്ത്രീയുടെ) മഹാരജസ്സെന്നും, പറയുന്നു).’സിന്ദൂര വ്രാതസങ്കാശം രവിസ്ഥാന സ്ഥിതം രജ: (സിന്ദൂര വര്‍ണ്ണമുള്ള രക്തം സൂര്യ സംബന്ധിയാണ്).ശശി സ്ഥാന സ്ഥിതം ശുക്ലം ‘ (ശുക്ലം ചന്ദ്ര സംബന്ധിയാണ്) ‘തയോരൈക്യം സുദുര്ലഭം’ (അവയുടെ കൂടിച്ചേരല്‍ ദുര്‍ലഭമാണ്) അതില്‍ നിന്നാണ് നാദമുണ്ടാവുന്നത്.
ബ്രഹ്മാനന്ദന് പറയുന്നത് മൂലബന്ധത്തിലൂടെ അപാനന്‍ പ്രാണനോട് ചേര്‍ന്നൊന്നായി സുഷുമ്നയില്‍ പ്രവേശി ക്കുമ്പോള് നാദമുണ്ടാവുന്നു എന്നാണ്. പ്രാണാപാനന്മാര്‍ അതോടു ചേര്‍ന്നു ഹൃദയസ്ഥാനത്തിനു മുകളില്‍ ചെന്ന് നാദത്തെ ബിന്ദുവോടു ചേര്‍ത്ത് മൂര്ദ്ധാവിലെത്തുന്നു. അവിടെ യോഗ സിദ്ധിയുണ്ടാവുന്നു എന്നും.
അപാന പ്രാണയോരൈക്യം
ക്ഷയോ മൂത്രപുരീഷയോ:
യുവാ ഭവതി വ്യദ്ധോ ളപി
സതതം മൂലബന്ധനാത്. – 3 – 65
പ്രാണ – അപാനന്മാരുടെ ഐക്യം മലമൂത്രങ്ങള്‍ കുറയ്ക്കും. സ്ഥിരമായി മൂലബന്ധം ചെയ്താല്‍ വൃദ്ധന് യുവാവാകും.
അപാന ഊര്ധ്വഗേ ജാതേ
പ്രയാതേ വഹ്നി മണ്ഡലം
തദാനലശിഖാ ദീര്ഘാ
ജായതേ വായുനാഹതാ – 3 – 66
അപാന വായു മേലോട്ടു തിരിഞ്ഞാല്‍ അത് അഗ്നി മണ്ഡലത്തില്‍ (മണിപൂരകത്തില്‍) പ്രവേശിക്കും. അപ്പോള്‍ അതിന്റെ ശക്തിയാല്‍ ജീരാഗ്നി വര്‍ധിക്കുന്നു.
തതോ യാതോ വഹ്ന്യപാനൗ
പ്രാണ മുഷ്ണസ്വരൂപകം
തേനാത്യന്ത പ്രദീപ്തസ്തു
ജ്വലനോ ദേഹജസ്തഥാ – 3 – 67
പിന്നീട് അഗ്നിയും അപാനനും ഉഷ്ണ സ്വരൂപനായ പ്രാണനോട് ചേന്ന് അത്യന്തം ജ്വലിക്കുന്നു. ദേഹത്തിന്റെ താപനില ഉയരുന്നു.
തേന കണ്ഡലിനീ സുപ്താ
സന്തപ്താ സംപ്രബുദ്ധ്യതേ
ദണ്ഡാഹതാ ഭുജംഗീവ
നിശ്വസ്യ ഋജുതാം വ്രജേത്.- 3 – 68
ഈ ചൂടു കൊണ്ട് ചൂടുകയറിയ കുണ്ഡലിനി ഉറക്കത്തില്‍ നിന്നുണരുന്നു.
അടി കൊണ്ട സര്‍പ്പത്തെപ്പോലെ ചീറ്റിക്കൊണ്ട് ചുരുള്‍ നിവര്‍ത്തുന്നു.
ബിലം പ്രവിഷ്ടേവ തതോ
ബ്രഹ്മനാഡ്യന്തരം വ്രജേത്.
തസ്മാന്നിത്യം മൂലബന്ധ:
കര്‍ത്തവ്യോ യോഗിഭിഃ സദാ – 3 – 69
പിന്നെ അതിന്റെ മാളത്തില്‍ കയറുന്നതു പോലെ ബ്രഹ്മനാഡി (സുഷുമ്ന) യില്‍ പ്രവേശിക്കുന്നു. അതു കൊണ്ട് യോഗിമാര്‍ എന്നും എപ്പോഴും മൂലബന്ധം ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: