പിണറായി സര്‍ക്കാരിന്റെ ക്ഷേമപെന്ഷന് വാങ്ങിയവരൊക്കെ ഇടതുമുന്നണിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. അണക്കെട്ട് തുറന്നുവിട്ട് ഒരു പകുതി കേരളത്തെ അപ്പാടേ മുക്കിക്കൊന്നിട്ട് അവശേഷിക്കുന്ന പാവങ്ങളുടെ ഓണം ബോണസ് പോലും ഇല്ലാതാക്കിയ വേന്ദ്രന്മാരാണ് കൊടുത്ത നക്കാപ്പിച്ചയുടെ കണക്ക് പറഞ്ഞ് ഉളുപ്പില്ലാതെ വോട്ട് തെണ്ടുന്നത്.
ദേവസ്വം മന്ത്രി എന്ന് പറഞ്ഞാല്‍ ദൈവത്തിന് ചെലവിന് കൊടുക്കുന്നയാള്‍ എന്നാണ് കടകംപള്ളി ധരിച്ചുവെച്ചിരിക്കുന്നത്. അതുകൊണ്ട് മന്ത്രി പറേന്നത് ദൈവം ഓച്ഛാനിച്ചുനിന്ന് കേള്‍ക്കും. ”ശബരിമലയില്‍ തന്ത്രിക്കെന്താ കാര്യം, നട അടച്ചിടാന്‍ ഇയാളാരാണ്, തന്ത്രിക്കുണ്ടോ ബ്രഹ്മചര്യം, ആ കഥ പറയിക്കരുത്” എന്നൊക്കെയുള്ള പിണറായിയന്‍ വാമൊഴി വഴക്കം അഥവാ പരനാറിയന്‍ ഇഫക്ട് കേരളം അത്രവേഗം മറക്കില്ല.
തന്ത്രിമാരുടെയും ശാന്തിക്കാരുടെയും അടിവസ്ത്രം തെരഞ്ഞുനടന്ന മന്ത്രി കം മഹാകവി ജി. സുധാകരന്റെയും ശരണം വിളി തെറിജപമാണെന്ന് സിദ്ധാന്തിച്ച മന്ത്രി കം ശാസ്ത്രജ്ഞന് തോമസ് ഐസക്കിന്റെയും ദൈവവിളി ആരുടെയും കാതില്‍ നിന്ന് പോയിട്ടില്ല. എയ്റോബിക് ബിന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ഐസക്ക്. ഒസാമ ബിന്ലാദന് വേണ്ടി കവിതയെഴുതി വീണപൂവായി മാറിയ സര്‍ഗപ്രതിഭയാണ് സുധാകരന്… പിണറായിയന്‍ മലയാളത്തിന് മാത്രമേ ഇതുപോലെ മുന്തിയ ഇനങ്ങളെ സംഭാവന ചെയ്യാനാവൂ…
കരിക്കകത്തമ്മയുടെ തിരുമുറ്റത്ത് നട തുറന്നപ്പോള്‍ പിണറായിയെ പേടിച്ച് കൈ പിറകില്‍ കെട്ടിനിന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ ക്ഷേമപെന്‍ഷന്റെ പേരില്‍ ദൈവകോപം പറഞ്ഞ് നാട്ടുകാരെ ഭീഷണിപ്പെടുത്തുന്ന ഈ കടകംപള്ളി. പള്ളീലെ ദൈവം കര്‍ത്താവാണേലും കടകംപള്ളീടെ ദൈവം ബ്രണ്ണന്‍കോളേജിലെ വടിവാള്വീരനാണ്. അപ്പോള്‍പ്പിന്നെ ദൈവകോപം പെന്‍ഷന്‍കാര്‍ക്ക് കിട്ടുമെന്ന് അദ്ദേഹം പറേന്നതിത്തിരി സീരിയസായി എടുക്കണം. ഗുരുവായൂരില്‍ പോയി തൊഴുതേന്‍ കുനിച്ചു നിര്‍ത്തി ഏത്തമിടീപ്പിച്ച ദൈവമാണ് സഖാവ് ബ്രണ്ണന്‍… എന്തിന് ആ ഗതി വയസാംകാലത്ത് പെന്‍ഷനെന്ന പേരില്‍ എറിഞ്ഞുകൊടുത്ത പണം, ജീവിക്കാന്‍ കൊതിയുള്ളതുകൊണ്ട് മാത്രം വാങ്ങിയ പാവങ്ങള്‍ക്ക് വരുത്തണമെന്നേ കടകംപള്ളി ഉദ്ദേശിച്ചുള്ളൂ…
അല്ലെങ്കിലും സഖാവ് ബ്രണ്ണന്റെ ഉപാസകര്‍ക്ക് സീസണലാണ് ഭക്തി.. ഉദാഹരണത്തിന് ഇപ്പോള്‍ വോട്ടെടുപ്പ് കാലമാണല്ലോ… പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് വോട്ട് ചോദിച്ച് ചെല്ലുന്നിടത്തൊക്കെ ശരണംവിളി കേള്‍ക്കുന്നു. പിന്നെ അവിടെ നില്ക്കാന് തോന്നില്ല. ആ കുറവ് നികത്താനെന്ന വണ്ണം കഴിഞ്ഞദിവസം വീണ പന്തളത്ത് കൊട്ടാരത്തില്‍ പോയി നന്നായി വീണു. തലകുമ്പിട്ടു. അതാണ് സീസണല്‍ ഭക്തിയുടെ ഒരു ഗുണം. പണിയെടുക്കാതെ തിന്നാമെന്നതാണല്ലോ അതിന്റെ ഒരു ഗുട്ടന്‍സ്. തിരക്കുള്ള അമ്പലപ്പടികളില്‍ യാചകമാഫിയ കാല് മടക്കിവെച്ച് മുടന്ത് അഭിനയിച്ച് ചില്ലറ തരപ്പെടുത്തുംപോലൊരു ഗിമ്മിക്കാണ് ഈ സീസണല്‍ ഭക്തി… വോട്ട് കിട്ടാന്‍ വേണ്ടിയുള്ള ഒരു വിനയകുനിയത്തം.
വി. ശിവന്‍കുട്ടിയും എംഎല്‍എ ഗണേഷ്കുമാറും മുതല്‍ പിണറായി വരെ സുവിശേഷവേലക്കാരുടെ മുത്തും സ്വത്തുമായ സ്ഥിതിക്ക് ആര്‍ക്കും എന്തുമാകാം. സിപിഐക്കാരന് ചിറ്റയം ഗോപകുമാര്‍ ഓടിച്ചെന്ന് നിലമ്പാടടിച്ചുവീണത് ശബരിമലതന്ത്രിയുടെ മുന്നിലാണ്. തിരുവനന്തപുരത്തെ ദിവാകരന് വഴിപാടും കഴിച്ചാണ് ഗോദയിലേക്ക് കാലെടുത്ത് വെച്ചത്. ഉറുക്കുംനൂലും കെട്ടിയ കതിരൂര്ഗുരുക്കളുടെ പിന്മുറക്കാര് പാര്ട്ടിവാഴുന്ന കാലത്ത് മന്ത്രവാദവും പ്രത്യയശാസ്ത്രവും തമ്മിലുള്ള അതിര്‍രേഖ നേര്‍ത്ത് മാഞ്ഞില്ലാതാകുമെന്ന് സാരം… അല്ലെങ്കില്‍ത്തന്നെ സഖാവ് ബ്രണ്ണന്റെ കുട്ടിക്കാലം ഭൂതപ്രേതങ്ങളോടുള്ള ഭയം കൊണ്ട് ഉറക്കം നഷ്ടപ്പെട്ടതാണെന്ന് കേള്‍ക്കുന്നു.
എന്തായാലും കേരളത്തിലെ മൊത്തം ദൈവങ്ങള്‍ക്ക് ചെലവിന് കൊടുക്കുന്ന കടകംപള്ളി നേരിട്ട് ഭീഷണിപ്പെടുത്തിയ സ്ഥിതിക്ക് ക്ഷേമപ്പെന്‍ഷന്‍ വാങ്ങുന്നവരെല്ലാം കോടിയേരിയോട് പറഞ്ഞ് ഒരു ഏലസ് വാങ്ങി കെട്ടുന്നത് നല്ലതാണ്… ആരേലും ചോദിച്ചാല്‍ പ്രമേഹത്തിന്റെ മരുന്നാണെന്ന് പറഞ്ഞാല്‍ മതി…
പ്രതികരിക്കാൻ ഇവിടെ എഴുതുക: