കൊച്ചി: അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്ന രാജ്യത്തെ ആദ്യ രാസവളം നിര്‍മ്മാണശാലയായ ഫാക്ടിന് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1000 കോടി പുനരുദ്ധാരണ പാക്കേജായി നല്‍കിയിരുന്നു. ഇതിലൂടെ ഫാക്ടിന്റെ പ്രവര്‍ത്തനം ഊര്‍ജസ്വലമായി മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ നഷ്ടം മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ കുറവാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എഫ്എസിടി അടച്ചുപൂട്ടാന്‍ ഇടയാക്കുന്ന സാഹചര്യം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ എടുത്ത നിലപാട് അഭിമാനകരമാണ്. പക്ഷേ….
സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരും ഫാക്ടിലെ ചില തൊഴിലാളി സംഘടനകളും ചേര്‍ന്ന് നടത്തുന്ന രാഷ്ടീയക്കളികളാണ് ഫാക്ടിന്റെ കുതിപ്പിന് തടസം. ഇതുമൂലം ജീവിതം ദിരതത്തിലാകുന്നത് പതിനായിരങ്ങളുടേതാണ്.
കേന്ദ്രത്തില്‍ വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ്, തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഫാക്ടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുത്തത്. ഒട്ടേറെ മാര്‍ഗങ്ങള്‍ തുറന്നു, പദ്ധതികള്‍ മുന്നോട്ടുവച്ചു. എന്നാല്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ചില ഉദ്യോഗസ്ഥരും യൂണിയന് നേതാക്കളും സ്ഥാപനം രക്ഷപ്പെടാനുള്ള പദ്ധതികള്‍ അട്ടിമറിച്ചു.
പിന്നീട്, യുപിഎ ഭരണത്തില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത 20 ലോക് സഭാംഗങ്ങളുടെയും മുഴുവന്‍ രാജ്യസഭാംഗങ്ങളുടേയും പിന്തുണയുള്ള, എട്ട് കേന്ദ്രമന്ത്രിമാരുടെ പങ്കാളിത്തം ഉണ്ടായിരുന്നിട്ടും ഒന്നും ഫാക്ടിന് വേണ്ടി ചെയ്തില്ല. മാത്രമല്ല അന്നത്തെ കേന്ദ്ര ധനമന്ത്രി ചിദംബരം ഫാക്ടിന്റെ പ്രതീക്ഷകളോട് വാതില്‍കൊട്ടിയടക്കുന്ന രീതിയില്‍ ഫയലില്‍ നോട്ട് എഴുതുകയും ചെയ്തു.
2014 ല്‍ നരേന്ദ്രമോദിസര്‍ക്കാര്‍ അധികാരത്തിലേറി മാസങ്ങള്‍ക്കുള്ളില്‍തന്നെ ഫാക്ടിന്റെ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുന്നതില്‍ ശ്രദ്ധപതിപ്പിച്ചു. അന്നത്തെ രാസവളംവകുപ്പ് മന്ത്രി, അന്തരിച്ച അനന്തകുമാര്‍ ഫാക്ട് സന്ദര്‍ശിക്കുകയും തുടര്‍ന്ന് പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍തുടങ്ങുകയും ചെയ്തു. മോദിസര്‍ക്കാര്‍ അനുവദിച്ച 1000 കോടിരൂപയുടെ വായ്പ്പയാണ് ഫാക്ടിന്റെ ഇന്നത്തെ അടിത്തറ.
യുപിഎ സര്‍ക്കാരിന്റെകാലത്ത് നിയമിച്ച സിഎംഡിയുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും അഴിമതി കണ്ടെത്തുകയും സിബിഐ അന്വേഷണത്തിന് വിധേയമാക്കുകയും സിഎംഡിയെ പുറത്താക്കുകയും ചെയ്തു. ഫാക്ട് ഡയറക്ടര്‍ ബോര്‍ഡില്‍ കര്യമായമാറ്റങ്ങള്‍ വരുത്തി ശക്തിപ്പെടുത്തി. അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാന്‍ നടപടികളെടുത്തു. ഇത് കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമത ഉറപ്പാക്കുന്നതിന് സഹായകരമായി എന്നു മാത്രമല്ല പ്രവര്‍ത്തനലാഭം ഉറപ്പാക്കുകയും ചെയ്തു.
അമ്പലമേട്ടിലെ ഫാക്ടിന്റെ ഉപയോഗിക്കാതെകിടന്ന ഭൂമി ബിപിസിഎല്‍നും കേരളസര്‍ക്കാരിന്റെ വ്യാവസായിക പാര്‍ക്ക് പദ്ധതിക്കും വില്‍പ്പന നടത്താന്‍ അനുമതി നല്കി. ബിപിസിഎല്ലിനുള്ളത് നടപ്പിലാവുകയും ചെയ്തു. കേരളസര്‍ക്കാരിന്റെ പക്കലുള്ള ഭൂമി വിനിയോഗിക്കാന്‍ കേന്ദ്രം അനുമതി ചോദിച്ചു. ഭൂമി വിട്ടുതരിക, പകരം ഫാക്ടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ക്ക് കേന്ദ്രം പദ്ധതിയും പണവും നല്‍കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, ഇനിയും അന്തിമ അനുമതി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സംസ്ഥാന സര്‍ക്കാരും ഫാക്ടിലെ ചില യൂണിയനുകളുടെ മോദി വിരുദ്ധ- ബിജെപി വിരുദ്ധ രാഷ്ട്രീയമാണ് ആയിരക്കണക്കിന് തൊഴിലാളികളേയും കുടുംബങ്ങളേയും ദുരിതത്തിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: