ദല്‍ഹി ദീനദയാല്‍ ഉപാധ്യായ മാര്‍ഗിലാണ് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ബിഎംഎസ്സിന്റെ ദേശീയ ആസ്ഥാനമായ ഠേംഗ്ഡി ഭവന്. ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്റെ, ആഡംബരങ്ങള്‍ക്ക് വഴങ്ങാത്ത ചെറിയ ഓഫീസ് മുറിയില്‍ ബിഎംഎസ് സ്ഥാപകന്‍ ഠേംഗ്ഡിക്കൊപ്പം ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കറിന്റെയും ഛായാചിത്രം. തൊഴിലാളി സംഘടനയുടെ ഓഫീസില്‍ സ്ഥാപക നേതാവിനൊപ്പം അംബേദ്കറെ ചേര്‍ത്തുവെക്കാന്‍ എന്താണ് കാരണം? ”വളരെ കുറഞ്ഞ കാലം (1942-46) മാത്രമാണ് അംബേദ്കര്‍ വൈസ്രോയി കൗണ്‍സിലില്‍ രാജ്യത്തിന്റെ ആദ്യ തൊഴില്‍വകുപ്പ് മന്ത്രിയായിരുന്നത്. ഇന്ത്യന്‍ തൊഴില്‍ മേഖലയുടെ 100 വര്‍ഷത്തെ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ കാലത്തെ സുവര്‍ണകാലമെന്ന് വിശേഷിപ്പിക്കാം. അംബേദ്കര്‍ ഇന്ത്യയുടെ ഭരണഘടനാ ശില്പി മാത്രമല്ല, രാജ്യത്തിന്റെ തൊഴില്‍നിയമ പരിഷ്ക്കരണങ്ങളുടെയും ശില്‍പ്പിയായിരുന്നു”. സജിനാരായണന്‍ വിശദീകരിക്കുന്നു.
രാജ്യത്തെ അധികാരകേന്ദ്രങ്ങളെ നിയന്ത്രിക്കാനുള്ള കരുത്തുണ്ട് ഠേംഗ്ഡി ഭവന്. എന്നാല്‍ രാഷ്ട്രീയത്തില്‍നിന്നും അധികാരത്തില്‍നിന്നും അകന്നുനില്ക്കുകയെന്ന നയമാണ് എക്കാലവും ബിഎംഎസ് സ്വീകരിച്ചത്. ഭരിക്കുന്ന സര്‍ക്കാരുകളുടെ കൊടിയുടെ നിറം നോക്കി നിലപാടെടുക്കാന്‍ അവര്‍ തയാറായില്ല. മുഖം നോക്കാതെ തൊഴിലാളികള്‍ക്ക് വേണ്ടി എപ്പോഴും കലഹിച്ചു. ശീതീകരിച്ച ഒരു മുറി പോലും ഓഫീസിലില്ല. സംഘടനയ്ക്കോ ദേശീയ അധ്യക്ഷനോ സ്വന്തമായി വാഹനവുമില്ല. ഠേംഗ്ഡിജി ജീവിതത്തിലൂടെ പകര്ന്നുനല്കിയത് എന്താണോ അത് പിന്തുടരുകയാണ് ഇപ്പോഴും ബിഎംഎസ്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സജിനാരായണന്‍ ജന്മഭൂമിയുമായി സംസാരിക്കുന്നു.
? രാഷ്ട്രീയ മാറ്റത്തിനായി രാജ്യം ഒന്നടങ്കം ആഗ്രഹിച്ച തെരഞ്ഞെടുപ്പായിരുന്നു 2014ലേത്. യുപിഎ സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ ബിഎംഎസ്സും പ്രക്ഷോഭരംഗത്തുണ്ടായിരുന്നു. ഇപ്പോള്‍ മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തൊഴിലാളി പക്ഷത്തുനിന്നും എങ്ങനെയാണ് നോക്കിക്കാണുന്നത്.
എല്ലാവരും ആഗ്രഹിച്ചിരുന്ന വലിയ മാറ്റത്തിന്റെ ഫലമായാണ് നരേന്ദ്ര മോദി അധികാരത്തിലെത്തിയത്. പ്രതീക്ഷകളുടെ ഗോപുരത്തിലാണ് അദ്ദേഹം കയറിയിരുന്നത്. നിര്‍ഭാഗ്യവശാല്‍ രാജ്യത്തിന്റെ സങ്കീര്‍ണമായ രാഷ്ട്രീയ വ്യവസ്ഥിതിയും ഭരണക്രമവും മൂന്ന് വര്‍ഷത്തോളം മുന്‍ സര്‍ക്കാരിന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. ഇക്കാലത്ത് ബിഎംഎസ്, സര്‍ക്കാരുമായി നിരന്തര സംഘര്‍ഷത്തിലായിരുന്നു. സാമ്പ്രദായികമായ ഭരണക്രമത്തില്‍നിന്നും വ്യതിചലിച്ച് പ്രവര്‍ത്തിക്കാന്‍ അവസാനത്തെ രണ്ട് വര്‍ഷം മോദിക്ക് സാധിച്ചതോടെ നിരവധി നേട്ടങ്ങള്‍ തൊഴിലാളി സമൂഹത്തിന് ലഭിച്ചു. സമീപകാല ചരിത്രത്തില്‍ ഒരു സര്‍ക്കാരും നടത്താത്ത മികച്ച പ്രകടനമാണ് തൊഴില്‍ മേഖലയില്‍ എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയത്.
? ബിഎംഎസ്സിന് മാത്രമാണ് ഈ അഭിപ്രായം. യുപിഎയും എന്‍ഡിഎയും ഒരുപോലെയാണെന്ന നിലപാടാണ് മറ്റ് തൊഴിലാളി സംഘടനകള്‍ക്കുള്ളത്.
രാഷ്ട്രീയ വിധേയത്വത്തോടെ വിഷയങ്ങളോട് യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്ന സംഘടനകള്‍ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ശാപമാണ്. ഇതില്‍നിന്നും വ്യത്യസ്തമായ സംഘടന വേണമെന്നുള്ളതിനാലാണ് ഠേഗ്ഡിജി ബിഎംഎസ് ആരംഭിച്ചത്. തുടക്കം മുതല്‍ ബിഎംഎസ് രാഷ്ട്രീയത്തില്‍നിന്നും അകലം പാലിക്കുകയും സര്‍ക്കാരിന്റെ മുഖവും കൊടിയുടെ നിറവും നോക്കാതെ വിയോജിപ്പുകള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നല്ലത് ചെയ്താല്‍ അഭിനന്ദിക്കുകയും തെറ്റായ നയങ്ങളെ ശക്തിയുക്തം എതിര്‍ക്കുകയും ചെയ്യുന്ന നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. രാഷ്ട്രീയത്തിന് അതീതമാകണമെന്ന് സംയുക്ത സമരസമിതി രൂപീകരിച്ചപ്പോള്‍ ബിഎംഎസ് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയല്ലാതെ വന്നപ്പോഴാണ് പിന്മാറിയത്. മോദി സര്‍ക്കാര്‍ എപ്പോഴൊക്കെ തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ബിഎംഎസ് ശക്തമായി എതിര്‍ക്കുകയും സമരം നടത്തുകയും ചെയ്തിട്ടുണ്ട്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് യൂണിയനുകള്‍ സ്വന്തം സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ ചെറുവിരലനക്കാന്‍ കഴിയാതെ നില്‍ക്കുകയാണ്. സംഘടനകളുമായി കൂടിയാലോചിക്കാതെയാണ് ഓര്‍ഡിനന്‍സ് ഇറക്കി ചുമട്ടുതൊഴിലാളി നിയമഭേദഗതി കൊണ്ടുവന്നത്. പുതിയ ഷോപ്പ് നിയമ ഓര്‍ഡിനന്‍സ് വനിതകളുടെ തൊഴില്‍ സമയം വര്‍ധിപ്പിക്കുകയും, യാതൊരു സംരക്ഷണവും ഉറപ്പുവരുത്താതെ ജോലിക്ക് കാലപരിധി നിശ്ചയിച്ചിരിക്കുകയുമാണ്. തൊഴിലാളി യൂണിയനുകള്‍ക്ക് 45 ദിവസത്തിനകം രജിസ്ട്രേഷന് നല്‍കണമെന്ന കേന്ദ്രനിര്‍ദ്ദേശം ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കുന്നില്ല. ഇത്തരം നീക്കങ്ങളെ നിസ്സഹായമായി പിന്തുണയ്ക്കുകയാണ് കമ്മ്യൂണിസ്റ്റ് തൊഴിലാളി യൂണിയനുകള്‍. ഇവരുടെ സംയുക്ത സമിതിയില്‍ ഉള്‍പ്പെട്ടതിനാലാണ് ഐഎന്‍ടിയുസിയും നിശബ്ദമാകുന്നത്. രാഷ്ട്രീയത്തിന് അതീതമായ നിലപാട് സ്വീകരിച്ചതിനാലാണ് ബിഎംഎസ്സിന് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി മാറാന്‍ സാധിച്ചത്.
? മോദി സര്‍ക്കാരിനെതിരെ ആദ്യകാലത്ത് നടത്തിയ സമരങ്ങള്‍ക്ക് തുടര്‍ച്ചയില്ലാതെ പോയത് എന്തുകൊണ്ടാണ്
ഞാന്‍ തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയത് പോലെ, തൊഴില്‍ മേഖലയില്‍ ആദ്യത്തെ മൂന്ന് വര്‍ഷത്തോളം മുന്‍ സര്‍ക്കാരുകളെപ്പോലെയാണ് മോദി പ്രവര്‍ത്തിച്ചത്. ഒരു ഉദാഹരണം പറയുകയാണെങ്കില്‍, തീരുമാനമെടുത്തതിന് ശേഷമായിരുന്നു തൊഴിലാളി സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നത്. ഇതിനെ ശക്തമായി ബിഎംഎസ് എതിര്‍ത്തു. തുടര്‍ന്ന് തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച ചെയ്തശേഷമേ തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തുകയുള്ളൂവെന്ന് പ്രധാനമന്ത്രി ഉറപ്പു നല്കി. ഏകപക്ഷീയമായ തൊഴിലാളിവിരുദ്ധ പരിഷ്കരണങ്ങള്‍ നിര്‍ത്തിയത് ഇതിന്റെ ഫലമായാണ്. സംഘര്‍ഷവും സംവാദവും എന്നതാണ് ബിഎംഎസ്സിന്റെ നയം. എന്നാല്‍ മോദി സര്‍ക്കാരിനെ സംബന്ധിച്ച് മറ്റ് തൊഴിലാളി സംഘടനകള്‍ക്ക് സംഘര്‍ഷത്തിന് മാത്രമാണ് താല്പര്യം.
? മോദി സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് നല്കിയ പ്രധാനപ്പെട്ട നേട്ടങ്ങള്‍ എന്തൊക്കെയാണ്
ബോണസ് നിശ്ചയിക്കുന്നതിനുള്ള പരിധി, ബോണസിന്റെ യോഗ്യതാപരിധി എന്നിവ വളരെക്കാലത്തിനുശേഷം ഇരട്ടിയാക്കി. പ്രസവാനുകൂല്യം 12 ആഴ്ചയില്‍നിന്ന് 26 ആഴ്ചയാക്കി വര്‍ധിപ്പിച്ചു. ഗ്രാറ്റുവിറ്റി പേമെന്റ് പരിധി 10 ലക്ഷത്തില്‍നിന്ന് 20 ലക്ഷമാക്കി. കേന്ദ്ര സര്‍വീസിലെ പല മേഖലകളിലും കുറഞ്ഞ വേതനം ഇരട്ടിയാക്കി. ദിവസവേതനം ഏറ്റവും കുറഞ്ഞ 240 രൂപയില്‍നിന്ന് 333/350 രൂപയാക്കി. ഇഎസ്ഐ ആനുകൂല്യം ലഭിക്കുന്നതിനുള്ള പരിധി 15,000 രൂപയില്‍നിന്ന് 21,000 രൂപയാക്കി. ഇഎസ്ഐ ഗുണഭോക്താക്കള്‍ക്ക് അവരുടെ സ്വന്തം നാട്ടില്‍ അധിക ആശുപത്രി സഹായവും ഏര്‍പ്പെടുത്തി. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘ആയുഷ്മാന്‍ ഭാരത്’ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് പ്രയോജനം നല്കുന്നു. ഇപിഎഫ് പെന്ഷന് ഏറ്റവും കുറഞ്ഞത് 1000 രൂപയായി. ഇഡിഎല്‍ഐ പദ്ധതിക്കു കീഴിലുള്ള കുറഞ്ഞ ഇന്‍ഷുറന്‍സ് തുക 2.5 ലക്ഷം രൂപയായിരുന്നത് ആറ് ലക്ഷമാക്കി വര്‍ധിപ്പിച്ചു.
അങ്കണവാടി ജീവനക്കാരുടെ പാരിതോഷികം 3,500 രൂപയില്‍നിന്ന് 4,500 രൂപയായി. മിനി അങ്കണവാടി ജീവനക്കാര്‍ക്കുള്ള പാരിതോഷികം 2,250 രൂപയില്‍നിന്ന് 3,500 രൂപയുമായി. ഹെല്‍പ്പര്‍ക്ക് ലഭിച്ചിരുന്ന 1,500 രൂപ 2,200 രൂപയായി ഉയര്‍ത്തി. ആശാവര്‍ക്കര്‍മാരുടെ പ്രോത്സാഹന തുക 1,000 എന്നത് 2,000 ആക്കി. കമലേഷ് ചന്ദ്ര റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ഗ്രാമീണ പോസ്റ്റുമാന്മാരുടെ വളരെക്കാലമായുള്ള ആവശ്യം അംഗീകരിച്ചു. ഇവരുടെ വേതനത്തില്‍ നാലിരട്ടി വരെ വര്‍ധനയുണ്ടാവും. ഇതോടൊപ്പം എക്സ്ഗ്രേഷ്യ-ഗ്രാറ്റുവിറ്റി 60,000 രൂപയില്‍നിന്ന് അഞ്ച് ലക്ഷമാക്കി. ഇവരുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷ 50,000 രൂപയില്‍നിന്ന് അഞ്ച് ലക്ഷവുമാക്കി. പാര്‍ലമെന്റില്‍ അവതരിപ്പിച്ച വേതനവുമായി ബന്ധപ്പെട്ട ലേബര്‍ കോഡും സാമൂഹ്യസുരക്ഷയുമായി ബന്ധപ്പെട്ട ലേബര്‍ കോഡും ചരിത്രപരവും വിപ്ലവകരവുമാണ്. ഇതുപ്രകാരം രാജ്യത്തെ അവസാനത്തെ തൊഴിലാളിക്കും മിനിമം വേതനം ലഭിക്കുന്നതിനുള്ള അവകാശമുണ്ട്. തൊഴിലാളി സമൂഹത്തിന്റെ മുഖച്ഛായ മാറ്റുന്നതിനൊപ്പം വലിയൊരു വിഭാഗത്തെ ദാരിദ്ര്യരേഖയില്‍നിന്ന് കൈപിടിച്ച് ഉയര്‍ത്താനും കഴിയും. രാജ്യത്തെ അവസാനത്തെ തൊഴിലാളിക്കും 14 ആനുകൂല്യങ്ങളും ഉറപ്പുവരുത്തുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്ഷന് ഏര്‍പ്പെടുത്തി.
? വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന കര്‍ഷകസമരങ്ങളുടെ യഥാര്‍ത്ഥ ചിത്രമെന്താണ്. ഇടതുപക്ഷമാണ് സമരങ്ങളുടെ നേതൃത്വം അവകാശപ്പെടുന്നത്
ഇന്ത്യയിലെ രാഷ്ട്രീയ രംഗത്ത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വിഭാഗമാണ് ഇടത് പക്ഷം. തൊഴില്‍ മേഖലയിലും അവരുടെ സ്ഥിതി ദയനീയമാണ്. രാജ്യത്തിന്റെ പലയിടങ്ങളിലും എല്ലാക്കാലത്തും ഒരുതരം അരാജകസ്വഭാവം ഉയര്‍ന്നുവരാറുണ്ട്. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭവുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ഇതുപോലെയാണ് ഇപ്പോള്‍ നടക്കുന്ന കര്‍ഷകസമരങ്ങളും. പ്രസക്തി നഷ്ടപ്പെട്ട ഇടതുപക്ഷം ഇത്തരത്തിലുള്ള വികാരത്തെ ഉപയോഗപ്പെടുത്തി തങ്ങളാണ് എന്ന് പറഞ്ഞ് മുന്നില്‍ നില്‍ക്കുന്നുവെന്ന് മാത്രം. മഹാരാഷ്ട്രയില്‍ സമരം നടത്തിയവര്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തിയപ്പോള്‍ കൊടി ഉപേക്ഷിച്ച് ബിജെപിക്കൊപ്പം നില്ക്കുന്ന കാഴ്ച നമ്മള് കണ്ടതാണ്. ഇടതുപക്ഷം ഉണ്ടാക്കിയെടുത്ത മുന്നേറ്റമാണെങ്കില്‍ ഇതെങ്ങനെയാണ് സംഭവിക്കുന്നത്. ആഗോളീകരണത്തിന് ശേഷം വളരെക്കാലമായി കാര്‍ഷിക മേഖല പ്രതിസന്ധിയിലാണെന്നത് ശരിയാണ്. ഇപ്പോഴത്തെ സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്തെങ്കിലും താഴെക്കിടയില്‍ എത്തിക്കുന്നതില്‍ പോരായ്മകള്‍ ഉണ്ടായിട്ടുണ്ട്.
? തെരഞ്ഞെടുപ്പില്‍ വൈകാരികമായ വിഷയങ്ങള്‍ക്ക് അമിത പ്രധാന്യം ലഭിക്കാറുണ്ട്. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അവഗണിക്കപ്പെടുന്നതായി തോന്നുന്നുണ്ടോ
ഗൗരവകരമായ വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടംനേടുന്നില്ലെന്നത് ദുഃഖകരമായ വസ്തുതയാണ്. വളരെ ദയനീയമായ കാഴ്ചപ്പാടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തൊഴില്‍ മേഖലയെക്കുറിച്ച് ഉള്ളതെന്ന് 2014ലെ പ്രകടനപത്രികകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. മാറ്റം വരുത്തുന്നതിനായി ബിഎംഎസ് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു. എന്നാല്‍ ഇത് ജനങ്ങളിലെത്തിക്കാനും ചര്‍ച്ചയാക്കാനും അവര്‍ക്ക് സാധിച്ചില്ല. പ്രധാനപ്പെട്ട വീഴ്ചയാണിത്.
? പ്രതിപക്ഷത്തിന്റെ നരേന്ദ്ര മോദിക്കെതിരായ ‘ചൗക്കീദാര്‍ ചോര്‍ ഹെ’ (കാവല്ക്കാരന് കള്ളനാണ്) എന്ന മുദ്രാവാക്യത്തെ ശക്തമായി എതിര്‍ത്തത് ബിഎംഎസ്സാണ്
പ്രധാനമന്ത്രിയെയും ബിജെപിയെയും രാഷ്ട്രീയമായി നേരിടാന്‍ പ്രതിപക്ഷത്തിന് അവകാശവും സ്വാതന്ത്ര്യവുമുണ്ട്. പക്ഷെ അത് തൊഴിലാളികളെ അപമാനിച്ചുകൊണ്ടാകരുത്. രാജ്യം മുഴുവന്‍ കാവല്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിനാളുകളുണ്ട്. തൊഴിലിന്റെ മഹത്വം തിരിച്ചറിയാന്‍ സാധിക്കാത്തവര്‍ക്ക് മാത്രമേ ഇത്തരത്തില്‍ മുദ്രാവാക്യം മുഴക്കാന്‍ സാധിക്കൂ.
? രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുകയാണ്. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മത്സരിക്കാന്‍ ഉറപ്പുള്ള ഒരു മണ്ഡലവും ഇല്ലെന്നാണോ
ഇന്ത്യന്‍ രാഷ്ട്രീയം ചവറ്റുകൊട്ടയില്‍ എറിഞ്ഞവരുടെ അഭയസ്ഥാനമായി മാറുകയാണ് കേരളം. രാജ്യം മുഴുവന്‍ തിരസ്കരിച്ച ഇടതുപക്ഷം കേരളത്തില്‍ മാത്രമാണുള്ളത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാ ഗാന്ധിയെ മറ്റെല്ലാ സംസ്ഥാനങ്ങളും പരാജയപ്പെടുത്തിയപ്പോള്‍ കേരളം സ്വീകരിക്കുകയാണ് ചെയ്തത്. ഉത്തരേന്ത്യയില്‍ രക്ഷയില്ല എന്ന് രാഹുലും കോണ്‍ഗ്രസ്സും തുറന്ന് സമ്മതിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: