മാര്‍ച്ച് പതിനേഴിന്റെ ടൈംസ് ഓഫ് ഇന്ത്യാ പത്രത്തില്‍ അപൂര്‍വവും വിശിഷ്ടവുമായ ഒരു രവിവര്‍മ്മ ചിത്രം 16.10 കോടി രൂപയ്ക്കു ലേലത്തില്‍ വിറ്റുപോയ വാര്‍ത്ത വന്നിരുന്നു. എന്തുകൊണ്ടോ മലയാള പത്രങ്ങളും മറ്റു മാധ്യമങ്ങളും അങ്ങനെയൊരു സംഭവം നടന്നതായിപ്പോലും നടിച്ചില്ല. 1881-ല്‍ വരച്ചതും രാജാ രവിവര്‍മ ഒപ്പിട്ടതുമായ ചിത്രം അദ്ദേഹത്തിന്റെ മറ്റു രചനകളില്‍ നിന്നു വ്യത്യസ്തമാണ്. തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ അനുജന് വിശാഖം തിരുനാള്‍, തിരുവനന്തപുരം ചാക്ക വള്ളക്കടവിലെ രാജകീയ ബോട്ടുകടവില് ബക്കിങ്ഹാം ആന്‍ഡ് ചാന്ദോസിലെ മൂന്നാം ഡ്യൂക്ക് റിച്ചാര്‍ഡ്-ഗ്രെന്‍വില്ലെയെ സ്വീകരിക്കുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. ആധുനിക വൈസ് ലെന്‍ഡ് ക്യാമറയില്‍ പകര്‍ത്തപ്പെട്ട കളര്‍ഫോട്ടോപോലെ വ്യക്തവും വൈവിധ്യപൂര്‍ണവുമാണ് പെയിന്റിങ്. സ്വീകരിക്കുന്ന രാജാവ്, ദിവാന്, ഉന്നത ഉദ്യോഗസ്ഥര്‍, അകമ്പടിക്കാര്‍, ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥന്, റസിഡണ്ട്, നെറ്റിപ്പട്ടം കെട്ടിയ ആന, അലങ്കാരത്തിന് കെട്ടിയ കുലവാഴകള്‍, ബ്രിട്ടന്റെയും തിരുവിതാംകൂറിന്റെയും മുദ്രയുള്ള പതാകകള്‍, പശ്ചാത്തലത്തില്‍ രാജകീയ വള്ളപ്പുര, അതിഥി എത്തിയ നൗക, പശ്ചാത്തലത്തിലെ തെങ്ങുകള്‍, ഭാഗികമായി മേഘാവൃതമായ ആകാശം, തോട്ടിലെ വെള്ളത്തിലെ അലകളിളക്കുന്ന നിഴലുകള്‍, തെങ്ങോലകളില്‍നിന്ന് അവിടെ വീശുന്ന കാറ്റിന്റെ ശക്തി, അതുമായി തികച്ചും പൊരുത്തപ്പെടുന്ന പതാകകളുടെ ചലനം ഇങ്ങനെ ഒരു നൂറുകാര്യങ്ങളില്‍ ശ്രദ്ധവച്ചാണ് രവിവര്‍മ ആ ചിത്രം രചിച്ചത്.
ഈ ചരിത്ര സംഭവം ക്യാന്‍വാസിലാക്കാന്‍ രവിവര്‍മ്മ ക്ഷണിക്കപ്പെടുകയായിരുന്നുവത്രേ. അദ്ദേഹം സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കണം. വള്ളക്കടവിന്റെ മറുകരയില്‍നിന്നുള്ള ദൃശ്യമാണ് വരച്ചിട്ടുള്ളത്. ചിത്രം മുഴുമിച്ചശേഷം ഡ്യൂക്കിനു സമ്മാനിക്കപ്പെടുകയായിരുന്നു. കുടുംബസ്വത്തായി സൂക്ഷിച്ചുവന്ന അത് അവരുടെ തറവാടുഭവനത്തില്‍ 1920 വരെ ഇരിക്കുകയും, 1944-ല്‍ ഒരു സ്വകാര്യ കലാപ്രേമി സ്വന്തമാക്കുകയും ചെയ്തു. പിന്നീടത് ലോക പ്രസിദ്ധ രത്നവ്യാപാരി നീരവ് മോദി കരസ്ഥമാക്കി. ഭാരതത്തിലെ ബാങ്കുകളെ കബളിപ്പിച്ച് 12000 കോടി രൂപ വെട്ടിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ നീരവ് മോദി, തന്റെ ഒത്താശക്കാരുടെ സഹായത്തോടെ നാടുവിട്ട് ലോകത്തെമ്പാടുമുള്ള ഒളിത്താവളങ്ങളില്‍ കഴിയവേ, അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ ഭാരതസര്‍ക്കാര്‍ കണ്ടുകെട്ടുകയും, അവയുടെ പട്ടിക തയ്യാറാക്കി ലേലം ചെയ്യുകയുമായിരുന്നു. ആദായനികുതി വകുപ്പാണ് സ്വത്തുക്കളുടെ ലേലത്തിനു വ്യവസ്ഥ ചെയ്തത്. മറ്റു പലരുടെയും വിഖ്യാത കലാകൃതികള്‍ ലേലത്തിന് വന്നിട്ടുണ്ട്. രവിവര്‍മ്മ ചിത്രത്തിനാണ് ഏറ്റവും മുന്തിയ വില ലഭിച്ചത്.
തിരുവിതാംകൂര്‍ രാജാക്കന്മാരും രവിവര്‍മയുമായി സ്വരചേര്‍ച്ചയില്ലാതിരുന്ന അവസരമുണ്ടായിരുന്നു. ആയില്യം തിരുനാളിന്റെ അപ്രീതിക്കിരയായ രവിവര്‍മ തന്റെ കേന്ദ്രം ബോംബെയിലേക്കു മാറ്റിയിരുന്നു. മഹാരാജാവിന്റെ അപ്രീതിമൂലം ദിവാന് സ്ഥാനം പുതുക്കിക്കിട്ടാതിരുന്ന സര്. ടി. മാധവ റാവു (തിരുവനന്തപുരത്ത് സ്റ്റാച്യുവായി നില്ക്കുന്നയാള്) രവി വര്‍മ്മയ്ക്ക് ബോംബെയില്‍ ഒത്താശകള്‍ ചെയ്തു. മാത്രമല്ല താന്‍ അപ്പോള്‍ സേവിച്ചു വന്ന വഡോദരയിലെ ഗെയിക്ക്വാദ് രാജാവിന്റെ കൊട്ടാരത്തില്‍ ചിത്രങ്ങള്‍ രചിക്കാന്‍ സൗകര്യം ചെയ്തുകൊടുത്തു. അവിടെനിന്ന് അദ്ദേഹം വരച്ച പുരാണകഥാപാത്രങ്ങളും, ഇതിഹാസങ്ങളിലെ രംഗങ്ങളും ചരിത്രമുഹൂര്‍ത്തങ്ങളും അഖിലഭാരത പ്രശസ്തിയാര്‍ജിച്ചു. അക്ബറോടു പടപൊരുതാനായി തന്റെ കുടുംബത്തിന്റെ ധനം മുഴുവന്‍ റാണാ പ്രതാപനു മുമ്പില്‍ അടിയറവെയ്ക്കുന്ന ഭാമാഷാഹിന്റെയും, ചേതക് കുതിരപ്പുറത്തു ഇരിക്കുന്ന പ്രതാപ സിംഹന്റെയും, രാജ്ഗഡ് കോട്ടയില്‍നിന്ന് വിജിഗീഷയോടെ പുറപ്പെടുന്ന ഛത്രപതി ശിവാജിയുടെയും മാത്രമല്ല ദേവീദേവന്മാരുടെയും ചിത്രങ്ങള്‍ അച്ചടിക്കുന്നതിനായി ജര്‍മനിയില്‍നിന്ന് ഏറ്റവും മികച്ച അച്ചടി സംവിധാനവും അദ്ദേഹം വരുത്തി. യുദ്ധരംഗങ്ങളുടെ സജീവ ദൃശ്യങ്ങള്‍ നമുക്ക് ലഭിച്ചു.
ഈ ലേഖകന്‍ സംഘത്തിന്റെ പ്രഥമ വര്‍ഷ ശിക്ഷണത്തിനുപോയപ്പോള്‍, ഖഡ്ഗത്തിന്റെ പാഠമെടുത്ത പ്രചാരക ശിക്ഷകന് ശ്രീരാം സാഠേജി ഖഡ്ഗം പിടിക്കുന്നതിന്റെയും വീശുന്നതിന്റെയും വിധാനങ്ങള്‍ പറഞ്ഞുതരാന്‍, രവിവര്‍മ ചിത്രത്തില്‍ സീതാപഹരണം ചെയ്യുമ്പോള്‍ അതിനെ തടയാന്‍ എത്തിയ ജടായുവിന്റെ പക്ഷങ്ങള്‍ അരിഞ്ഞുവീഴ്ത്താന്‍ രാവണന് നില്ക്കുന്ന കാലുകളുടെ സ്ഥിതിയും വാള്‍പിടിച്ച രീതിയുമാണ് ഉദാഹരിച്ചത്.
രവിവര്‍മയുടെ പ്രശസ്തി പരന്നപ്പോള്‍ വൈസ്രോയിമാരും ഗവര്‍ണര്‍മാരും അദ്ദേഹത്തെ ക്ഷണിച്ചാദരിച്ചു. ഒരു വൈസ്രോയി തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ മഹാരാജാവിനോട് രവിവര്‍മയെ കാണാന്‍ താല്‍പ്പര്യം അറിയിച്ചു. രവിവര്‍മ്മ അവര്‍ ഇരുന്ന മുറിക്കു പുറത്തുവന്നപ്പോള്‍ വൈസ്രോയി അകത്തേക്കു ക്ഷണിക്കുകയും വര്‍മ്മ അദ്ദേഹത്തേയും മഹാരാജാവിനെയും ഉപചാരപ്രകാരം വണങ്ങുകയും ചെയ്തു. രവിവര്‍മ്മയെ ഒപ്പമിരിക്കാന്‍ വൈസ്രോയി ക്ഷണിച്ചപ്പോള്‍ മഹാരാജാവിനൊപ്പം ഇരിക്കുന്നതിനു തയ്യാറാകാത്തതിനാല്‍ വൈസ്രോയിയും ഇരിക്കാന്‍ തയ്യാറായില്ല. അപ്പോള്‍ രാജാവിനും നില്ക്കേണ്ടിവന്നു. രാജാവിനോട് പ്രോട്ടോക്കോള്‍ പ്രകാരം പെരുമാറുകയും രവിവര്‍മ്മയെ സമനായി കരുതുകയും ചെയ്തതിനാല്‍ അദ്ദേഹത്തിനു തിരുവിതാംകൂറില്‍ കൂടുതല്‍ പ്രയാസങ്ങളുണ്ടായത്രേ.
രവിവര്‍മ്മയെക്കുറിച്ച് മറാഠി ഭാഷയില്‍ ഒരു നോവല്‍ പുറത്തുവന്നിട്ടുണ്ട്. അതിന്റെ മലയാള പരിഭാഷ ലഭ്യമാണ്. പി.കെ.നായര്‍ രചിച്ച ഒരു പാഠപുസ്തകം പണ്ടെന്നോ നമ്മുടെ സ്കൂളുകളില്‍ പഠിപ്പിച്ചിരുന്നുവെന്നു തോന്നുന്നു. രവിവര്‍മയുടെ കാലശേഷം ലോനാവാലായിലെ പ്രസ് കാടുകയറി നശിച്ചു. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ഫാഷനായി വന്നിട്ടുണ്ടെങ്കിലും അവയുടെ സൗകുമാര്യം കുറഞ്ഞുവരികയാണ്.
വള്ളക്കടവില്‍ ബക്കിങ്ഹാം പ്രഭു എവിടെ നിന്നാവും എത്തിയത്? കൊല്ലത്ത് തങ്കശ്ശേരിയിലെ ഇംഗ്ലീഷ് താവളത്തില്‍നിന്നായിരിക്കുമോ? വര്‍ക്കല തുരങ്കം തീര്‍ന്നശേഷം കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കു നേരിട്ടും ജലപാത നിലവില്‍ വന്നിരുന്നല്ലോ? കൊല്ലം-മംഗലാപുരം ദേശീയ ഉള്‍നാടന്‍ ജലപാതയെപ്പറ്റിയുള്ള വാചകക്കസര്‍ത്തു തുടരുന്നുണ്ട്. മയൂരസന്ദേശത്തില്‍ വര്‍ക്കലത്തുരങ്കത്തെപ്പറ്റി വലിയകോയിത്തമ്പുരാന് എഴുതിയതു നോക്കൂ.
കുല്യന്‍ ഹൂണ പ്രവരനൊരുവന്‍ കാരുധൗരേയനാരാല്‍
കുല്യയ്ക്കായിഗ്ഗിരിനിര തുരക്കുന്നതും കണ്ടുപോകാം
തുല്യം മറ്റില്ലുലകിലിതിനോടോത്തുരങ്കങ്ങള്‍ തീര്‍ന്നാല്‍
ശല്യം വേണ്ടാസരണി മുഴുവന്‍ തോണിയില്‍ തന്നെ പോകാം
അങ്ങനെയാകുമോ പ്രഭു വള്ളക്കടവിലെത്തിയത്? ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്കു വാഗ്ദാനം നല്‍കാനുള്ള ഒരിനമാകാം വര്‍ക്കലത്തുരങ്കം വലുതാക്കി ഗതാഗതവും, വിനോദയാത്രയും വികസിപ്പിക്കാന്‍.
കോടിക്കണക്കിന് വിലമതിക്കുന്ന അമൂല്യങ്ങളായ എത്ര രവിവര്‍മച്ചിത്രങ്ങള്‍ എവിടെയൊക്കെയുണ്ടാകും? അവയെക്കുറിച്ച് ഒരു ആരായല്‍ ആവശ്യമാണ്. അപൂര്‍വതയും അമൂല്യതയും മാത്രമല്ല, സാംസ്കൃതിക സമ്പത്തെന്ന പ്രാധാന്യവും വിസ്മരിച്ചുകൂടാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: