കൊച്ചി: മെട്രോ നിര്‍മാണച്ചുമതലയില്‍ നിന്ന് ഡിഎംആര്‍സിയെയും ഇ. ശ്രീധരനെയും ഒഴിവാക്കാന്‍ ചരടുവലിച്ച ഇരുമുന്നണികള്‍ക്കും തെരഞ്ഞെടുപ്പില്‍ വോട്ടുപിടിക്കാന്‍ ശ്രീധരന്റെ സല്‍പ്പേര് വേണം. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്ത് പ്രതിപക്ഷത്തിരുന്ന ഇടതുപക്ഷവും പി. രാജീവും മെട്രോമാന് കൊച്ചിമെട്രോയുടെ നിര്‍മ്മാണച്ചുമതലയേറ്റെടുക്കണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതിയെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് കാണിച്ച് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ക്കൊപ്പം തെളിവുകളുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതും എറണാകുളം മണ്ഡലത്തിലെ ഇപ്പോഴത്തെ ഇടത് സ്ഥാനാര്‍ത്ഥി പി. രാജീവാണ്.
ശ്രീധരന്റെ അധികാരം ചോദ്യം ചെയ്ത് മുന്‍ മെട്രോ എംഡി: ടോം ജോസ് കേന്ദ്ര നഗരവികസന മന്ത്രാലയ സെക്രട്ടറി സുധീര്‍ കൃഷ്ണക്കയച്ച കത്തായിരുന്നു അന്ന് ആയുധം. 2011 ഡിസംബറില്‍ മുസ്ലിംലീഗ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ആഗോള ടെന്‍ഡര്‍ വിളിച്ച് മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കാനുള്ള ശ്രമം നടത്തി. ശ്രീധരന്റെ സാന്നിധ്യം അഴിമതിക്ക് വിലങ്ങുതടിയാകുമെന്ന് ഭയന്ന കോണ്‍ഗ്രസുകാരുടെ കളിയായിരുന്നു മെട്രോ ചുമതലകളില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനുള്ള കരുക്കള്‍ നീക്കിയത്. എന്നാല്‍ ഇ. ശ്രീധരനെന്ന സൗമ്യനായ എഞ്ചിനീയറെ തടയാനാകാതെ പോയത് ഇടതുപക്ഷത്തിന്റെ ‘മനുഷ്യമെട്രോ കണ്ട് ഭയന്നിട്ടില്ല’ എന്ന് എല്ലാവര്‍ക്കുമറിയാം. കര്‍മ്മ മേഖലയില്‍ മികവുതെളിയിച്ച് മഹാപ്രതിഭയെ ഉമ്മന്‍ചാണ്ടിക്ക് തള്ളാനാകുമായിരുന്നില്ല. യുഡിഎഫിലെ എതിര്‍പ്പുകള്‍ക്കിടയിലും മെട്രോയുടെ ചുമതലയില്‍ ഇ. ശ്രീധരനെത്തി.
പിന്നീട് അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ തങ്ങളുടെ വിജയമായി അത് കൊട്ടിഘോഷിച്ചെങ്കിലും എല്‍ഡിഎഫിന്റെ ‘മെട്രോമാന് സ്നേഹം’ വൈകാതെ ഇല്ലാതായി. ഒന്നാംഘട്ട നിര്‍മ്മാണം അതിവേഗം പൂര്‍ത്തിയാക്കാന്‍ ഇ. ശ്രീധരന്റെ നേതൃപാടവംകൊണ്ടായി. പദ്ധതിയുടെ മുന്നോട്ടുള്ള വിശ്വാസ്യതക്ക് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ മുതല്‍ക്കൂട്ടായിരുന്നു. ആ വിശ്വാസ്യത അദ്ദേഹത്തെ കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോകളുടെ ചുമതലകളിലെത്തിക്കാന്‍ സഹായിച്ചു. ലൈറ്റ് മെട്രോ പദ്ധതി ഒരു നവീന ആശയമായതിനാല്‍ ഡിഎംആര്‍സി കൂടുതല്‍ മുന്‍കരുതലുകളോടെ മുന്നോട്ട് നീങ്ങിയെങ്കിലും ഇടത് സര്‍ക്കാരിന്റെ തികഞ്ഞ അവഗണനയില്‍ പദ്ധതി അവതാളത്തിലായി.
”ഇനി വിളിച്ചാലും കേരളത്തിലേക്കില്ല” എന്ന് ശ്രീധരന് തന്നെ പറഞ്ഞപ്പോള്‍ വികസനം കൊതിക്കുന്ന മലയാളികള്‍ ഒന്നടങ്കം പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞു. മെട്രോമാനായി മുറവിളികൂട്ടിയവര്‍ തന്നെ അദ്ദേഹത്തെ പടിക്കുപുറത്താക്കുന്നത് കണ്ട് ജനം മൂക്കത്ത് വിരല്‍വച്ചു. പി. രാജീവടക്കമുള്ള ‘വികസന മോഹികളാരും’ മിണ്ടിയില്ല.
ഇടതുപക്ഷത്തിന് ഇ. ശ്രീധരനോടുള്ള വിരോധത്തിന് ഒരു കണ്ണൂര്‍ ബന്ധവുമുണ്ട്. തലശ്ശേരി- മൈസൂര്‍ റെയില്‍പാതക്ക് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സാധ്യതാപഠനത്തിന് മുമ്പേ പദ്ധതിക്ക് സാധ്യതയില്ലെന്ന അഭിപ്രായത്തിലായിരുന്നു ശ്രീധരന്. പക്ഷേ, സര്‍ക്കാരിന്റെ നിര്‍ബന്ധത്തിനും കണ്ണൂര്‍ ലോബിയുടെ സമ്മര്‍ദത്തിനും വഴങ്ങി സാധ്യതാപഠനം നടന്നു. ശ്രീധരന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിന് ശേഷം പദ്ധതി നടപ്പാക്കരുതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് കണ്ണൂരിലെ വികസന പ്രേമികളെ ചൊടിപ്പിച്ചു. തുടര്‍ന്നങ്ങോട്ട് മന്ത്രിമാര്‍ വരെ ശ്രീധരനെ അവഹേളിച്ചും ശകാരിച്ചും സംസാരിച്ചുതുടങ്ങി. കോണ്‍ട്രാക്ടര്‍മാരോടെന്നപോലെ മന്ത്രി സുധാകരന്റെ പ്രസ്താവനകള്‍ ഇ. ശ്രീധരനെയും അകറ്റി. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയത്തിന് വിപരീതമായി പൊതുമേഖലയെ പദ്ധതികളില്‍ നിന്ന് പടിക്കുപുറത്താക്കി. ശ്രീധരന്റെ പിന്മാറ്റത്തോടെ ഹൈസ്പീഡ് ട്രെയിന്‍ കോറിഡോര്‍ അടക്കമുള്ള വരാനിരിക്കുന്ന പദ്ധതികളും അഴിമതിയില്‍ മുങ്ങുമെന്ന ആശങ്ക ഏറെയാണ്.
സര്‍ക്കാരിനോട് ഉടക്കി സ്വയം പുറത്തുപോയ ശ്രീധരന് ഒരിക്കല്‍ പറഞ്ഞുപോയതാണ് ഇടതുപക്ഷം ഇപ്പോള്‍ പ്രചാരണവേദികളില്‍ ഉപയോഗിക്കുന്നത്. പാര്‍ട്ടിപ്പത്രം മെട്രോമാന്റെ വാചകങ്ങള്‍ തെരഞ്ഞെടുപ്പ് നേട്ടത്തിനായി പാടിപ്പുകഴ്ത്തുന്നു. പാര്‍ട്ടിയും സര്‍ക്കാരും നോവിച്ച് പുറത്താക്കിയ ശ്രീധരനെ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാണിക്കുന്നതിന് പിന്നില്‍ അദ്ദേഹത്തിന് മലയാളികള്‍ക്കിടയിലുള്ള സ്വീകാര്യത മുതലെടുക്കുകയെന്ന പാര്‍ട്ടികളുടെ തന്ത്രം മാത്രമാണെന്ന് ജനം തിരിച്ചറിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: