ഹഠയോഗ പ്രദീപിക-11
ചിത്തം ചരതി ഖേ യസ്മാത്
ജിഹ്വാ ചരതി ഖേ ഗതാ
തേനൈഷാ ഖേചരീ നാമ
മുദ്രാ സിദ്ധൈര്‍ നിരൂപിതാ(3-41)
മനസ്സും നാക്കും ഒരേസമയം ആകാശത്തില്‍ ചരിക്കുന്നതു കൊണ്ടാണ് ഇതിനെ സിദ്ധന്മാര് ഖേചരീ എന്നു വിളിക്കുന്നത്.
ചിത്തമെന്നാല്‍ അന്തഃകരണം അഥവാ മനസ്സ്. ജിഹ്വാ- നാക്ക്. ഖം- ആകാശം, ഇവിടെ- ഭ്രൂമധ്യം. വായക്കുള്ളിലെ കപാലകൂപത്തിനും ഖം എന്നു പറയും. നാക്കും മനസ്സും ഒരു പോലെ ഭ്രൂമധ്യത്തിലടങ്ങിയാല്‍ ഖേചരിയായി. കപിലാദികളായ സിദ്ധന്മാര്
ഇതിനെയാണ് ഖേചരി എന്നു വിളിക്കുന്നത്.
ഖേചര്യാ മുദ്രിതം യേന
വിവരം ലംബികോര്‍ധ്വതഃ
ന തസ്യ ക്ഷരതേ ബിന്ദുഃ
കാമിന്യാശ്ലേഷിതസ്യ ച (3-42)
ലംബികയുടെ ഊര്‍ധ്വഭാഗത്തെ ദ്വാരം ഖേചരി കൊണ്ട് മൂടുന്നവനെ കാമിനി കെട്ടിപ്പിടിച്ചാലും വീര്യം സ്രവിക്കുകയില്ല.
മുദ്രവെക്കുക എന്നാല്‍ അടയ്ക്കുക, മൂടുക എന്നര്‍ഥം. ഖേചരി മുദ്ര കൊണ്ട് ലംബിക (അണ്ണാക്ക്) യുടെ മേല്‍ ഭാഗം അതായത് അവിടെയുള്ള ദ്വാരം (ഇതു തന്നെയാണ് കപാല കുഹരം എന്ന് പറയുന്നതും) അടയ്ക്കുമ്പോള്‍ ഉള്ള ഗുണങ്ങളാണ് വിവരിക്കുന്നത്. മനോഹരിയായ സ്ത്രീ സ്വയമേവ സാധകനെ കെട്ടിപ്പിടിച്ചാലും അവന്റെ മനസ്സിളകുകയില്ല. ശുക്ലം (ബിന്ദു) സ്രവിക്കുകയില്ല. മനോനിയന്ത്രണം ലഭിക്കും.
ചലിതോപി യദാ ബിന്ദുഃ
സംപ്രാപ്തോ യോനി മണ്ഡലം
വ്രജത്യൂര്‍ധ്വം ഹൃതഃ ശക്ത്യാ
നിബദ്ധോ യോനി മുദ്രയാ(3-43)
യോനിസ്ഥാനത്ത് ബിന്ദു സ്രവിച്ചാലും യോനി മുദ്രയില്‍ ബന്ധിച്ചാല്‍ അതിനെ മേലോട്ടെടുക്കാം.
ഹഠയോഗികള്‍ ശരീരം കൊണ്ട് അത്ഭുതം കാട്ടാന്‍ കഴിവുള്ളവരാണ്. യോനി മുദ്ര എന്നാല്‍ വജ്രോളി മുദ്രയാണ് സൂചിപ്പിക്കപ്പെട്ടത്. സ്രവിച്ച ശുക്ലത്തെ തിരിച്ചു കയറ്റുന്ന വിദ്യയാണ് വജ്രോളീ മുദ്ര. ഇത് പിന്നീട് വരുന്നുണ്ട്. ഖേചരി മുദ്രയ്ക്ക് ഗ്രന്ഥികളുടെ മേലെ നിയന്ത്രണം കൊണ്ടു വരാന്‍ പ്രാപ്തിയുണ്ട്. ജനനേന്ദ്രിയത്തിലെ ഗ്രന്ഥിയെയും ഇതില്‍ പെടുത്താം.
ഊര്‍ധ്വജിഹ്വഃ സ്ഥിരോ ഭൂത്വാ
സോമപാനം കരോതി യഃ
മാസാര്ധേന ന സന്ദേഹോ
മൃത്യും ജയതി യോഗവിത്(3-44)
ഖേചരി മുദ്ര ഉറച്ച് സോമപാനം തുടങ്ങിയാല്‍ മാസത്തിന്റെ പകുതി കൊണ്ടു തന്നെ മൃത്യുവിനെ ജയിക്കാം.
ജിഹ്വ എന്നാല്‍ നാക്ക്. അത് ഊര്‍ധ്വമാക്കിയവന്‍, മേലെ കപാ
ല കുഹരത്തില്‍ ചേര്ത്തവന്, ഖേചരിയില്‍ സിദ്ധി നേടിയവന്, ബിന്ദുസ്ഥാനത്തു നിന്നൊഴുകി വരുന്ന അമൃതു പാനം ചെയ്യും. അത്തരം യോഗി രണ്ടാഴ്ച കൊണ്ടു തന്നെ മരണത്തെ വെല്ലും. ബിന്ദുസ്ഥാനം പൂര്‍ണചന്ദ്രനായാണ് കല്പിക്കപ്പെട്ടിരിക്കുന്നത്. ചന്ദ്രന് തന്നെ സോമന്. അതില്‍ നിന്നൊഴുകി വരുന്നത് സോമം (അമൃത്).
ഭക്ത മീരയുടെ കഥയുണ്ട്. കൃഷ്ണഭക്തിയില്‍ മുഴുകിയതാണ് അവരുടെ ജീവിതം. ശത്രുക്കള്‍ വിഷം കൊടുത്തപ്പോള്‍ ശ്രീകൃഷ്ണന് അത് പാല്‍വെള്ളമാക്കി മാറ്റിയത്രെ. യഥാര്‍ഥത്തില്‍ അവരുടെ ശരീരം ഒരു വിഷവുമേല്ക്കാത്ത വണ്ണം പ്രതിരോധ പൂര്‍ണമായിരുന്നു. അത് ബിന്ദുവില്‍ നിന്നുള്ള അമൃതപ്രവാഹ ത്തിലായിരുന്നു.
നിത്യം സോമകലാപൂര്‍ണ്ണം
ശരീരം യസ്യ യോഗിനഃ
തക്ഷകേണാപി ദഷ്ടസ്യ
വിഷം തസ്യ ന സര്‍പ്പതി(3-45)
ചന്ദ്രനില്‍ നിന്നുള്ള അമൃത് കൊണ്ട് നിറഞ്ഞ യോഗിയുടെ ശരീരത്തില്‍ തക്ഷകന്റെ വിഷം പോലും കടക്കില്ല.
ഇന്ധനാനി യഥാ വഹ്നിഃ
തൈല വര്‍ത്തിം ച ദീപകഃ
തഥാ സോമകലാപൂര്‍ണ്ണം
ദേഹീ ദേഹം ന മുഞ്ചതി(3-46)
വിറകുണ്ടായാല്‍ തീ കെടില്ല. എണ്ണയില്‍ കുതിര്‍ന്ന തിരിയുണ്ടെങ്കില്‍ വിളക്കു കെടില്ല. അമൃതു നിറഞ്ഞ ശരീരത്തെ ജീവനും
വിടില്ല.
ഗോമാംസം ഭക്ഷയേന്നിത്യം
പിബേദമര വാരുണീം
കുലീനം തമഹം മന്യേ
ഇതരേ കുല ഘാതകാഃ(3-47)
നിത്യം ഗോമാംസം ഭക്ഷിക്കണം. സോമരസം കുടിക്കണം. അവനാണ് തറവാട്ടുകാരന്. മറ്റുള്ളവര്‍ കുലംകുത്തികളും.
ഭംഗ്യന്തരേണയുള്ള ഒരു വിവരണമാണിത്. ഇതിന്റെ വിശദീകരണം ഇനി വരുന്നുണ്ട്.
ഗോശബ്ദേനോദിതാ ജിഹ്വാ
തത്പ്രവേശോ ഹി താലുനി
ഗോമാംസഭക്ഷണം തത്തു
മഹാപാതക നാശനം (3-48)
ഗോ എന്നാല്‍ നാക്ക് എന്നാണര്‍ഥം. അത് അണ്ണാക്കില്‍ പ്രവേശിക്കുന്നതാണ് ഗോമാംസഭക്ഷണം. ഇത് മഹാപാപങ്ങളെ പോലും നശിപ്പിക്കും. മഹാപാതകങ്ങള്‍ എന്നാല്‍ ‘സ്വര്‍ണ്ണസ്തേയാദി’ (സ്വര്‍ണ്ണം മോഷ്ടിക്കല്‍ മുതലായ) എന്നാണ് ബ്രഹ്മാനന്ദന് പറയുന്നത്. ഖേചരി നമ്മുടെ ആഗ്രഹങ്ങളെയും വികാരങ്ങളെയും നിയന്ത്രിക്കാന്‍ സഹായിക്കും. അവയാണല്ലൊ നമ്മെ തെറ്റു ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. നമ്മുടെ ചിന്തകളുടെയും അഭിലാഷങ്ങളുടെയും ഘടന തന്നെ മാറ്റിമറിക്കാന്‍ ഖേചരിക്കു കഴിയും. അപ്പോള്‍ മഹാപാതകങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല. മനസ്സിന്റെ അവസ്ഥയെ പാകപ്പെടുത്താനും സാധനയ്ക്കനുയോജ്യ മാക്കാനും ഖേചരിക്കു കഴിയും.
ജിഹ്വാ പ്രവേശ സംഭൂത
വഹ്നിനോത്പാദിതഃ ഖലു
ചന്ദ്രാത് സ്രവതി യത് സാരഃ
സാസ്യാദമര വാരുണീ(3-49)
ഖേചരിയിലൂടെ ഉല്പാദിപ്പിക്കപ്പെട്ട ചൂടു കാരണം ചന്ദ്രനി
ല്‍ നിന്നു സ്രവിക്കുന്ന സാരം ആണ് യഥാര്‍ഥ അമൃതപ്രവാഹം. പ്രാണായാമത്താല്‍ ഊഷ്മാവ് ഉല്പാദിപ്പിക്കപ്പെടുമെന്ന് മുമ്പ് നമ്മള് ചര്‍ച്ച ചെയ്തിട്ടുണ്ട്. ചൂടാവുമ്പോള്‍ മഞ്ഞുകട്ട ഉരുകുന്നതു പോലെ കഠിനമായ ചൂടില്‍ ലോഹങ്ങള്‍ ദ്രവരൂപത്തിലാവുന്നതു പോലെ ശരീരത്തില്‍ ഉറഞ്ഞുകിടക്കുന്ന അമൃത് ഉരുകി ഒലിക്കും. ഈ ദ്രാവകം നമ്മെ ബോധത്തിന്റെ ഉന്നതതലങ്ങളിലേക്ക് കടത്തിവിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: