കോട്ടയം: കോട്ടയം ലോക്സഭാസീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്ന് ഇടഞ്ഞ പി.ജെ. ജോസഫിന്റെ നീക്കങ്ങള്‍ കോട്ടയത്ത് കെ.എം. മാണിയുടെയും യുഡിഎഫിന്റെയും നെഞ്ചിടിപ്പ് കൂട്ടുന്നു. പാര്‍ട്ടിയിലെ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിനായി പാര്‍ട്ടിക്കുള്ളില്‍നിന്ന് പോരാടുമെന്ന് പറയുന്ന ജോസഫിന്റെ നീക്കങ്ങള്‍ തെരഞ്ഞെടുപ്പിലെ സാധ്യതകളെ ബാധിക്കുമോ എന്ന ആശങ്കയിലാണ് മാണിയും കൂട്ടരും.
ജോസഫ് തത്ക്കാലം കീഴടങ്ങിയെങ്കിലും അടിയൊഴുക്കുകള്‍ ഉണ്ടാകുമെന്ന സൂചനയാണ് പുറത്ത് വരുന്നത്. ഇതിന് പുറമേയാണ് കോണ്‍ഗ്രസ് പ്രചാരണത്തില്‍നിന്ന് വിട്ട്നില്ക്കുന്നതും. വിജയസാധ്യത പരിഗണിക്കാതെ കേരളകോണ്‍ഗ്രസ് ഏകപക്ഷീയമായി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്.
കോട്ടയം മാണിവിഭാഗത്തിന്റെ തട്ടകമാണെങ്കിലും ജോസഫിനോട് സഹതാപം വച്ചുപുലര്‍ത്തുന്ന നിരവധി പ്രവര്‍ത്തകരുണ്ട്. ജോസഫിന് സീറ്റ് ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. സീറ്റ് നല്‍കിയില്ലെന്ന് മാത്രമല്ല ജോസഫിനെ അപമാനിച്ചെന്നും വിശ്വസിക്കുന്നവരുണ്ട്. ജോസഫിനോടുള്ള മാണിവിഭാഗത്തിന്റെ സമീപനത്തില്‍ സഭയ്ക്കും പരിഭവമുണ്ട്. ഈ സാഹചര്യത്തില്‍ ജോസഫിനെ പിന്തുണയ്ക്കുന്നവരുടെ തെരഞ്ഞെടുപ്പിലെ നിലപാട് നിര്‍ണായകമായിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ അടിയൊഴുക്കുകള്‍ക്ക് സാധ്യതയുള്ളതിനാലാണ് ജോസഫിന്റെ തുറന്നുപറച്ചിലിന് പിന്നാലെ ജോസ് കെ മാണി പ്രസ്താവന പുറത്തിറക്കിയത്. ജോസഫിനോട് പാര്‍ട്ടി നീതിനിഷേധം കാട്ടിയിട്ടില്ലെന്നാണ് ജോസ് കെ മാണി പറഞ്ഞത്.
കോട്ടയം ലോക്സഭാസീറ്റ് നിലനിര്‍ത്തുക കെ.എം. മാണിയെയും ജോസ് കെ മാണിയേയും സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്നമാണ്. ഈ സാഹചര്യത്തില്‍ ജോസഫിന്റെ പിന്തുണ അനിവാര്യമാണ്.
കടുത്തുരുത്തി, കുറവിലങ്ങാട് മേഖലകളില്‍ ജോസഫ് അനുകൂലികള്‍ക്ക് സ്വാധീനമുണ്ട്. പിന്തുണ ഉറപ്പിക്കാന്‍ ഇന്നലെ യുഡിഎഫ് സ്ഥാനാര്‍ഥി തൊടുപുഴയിലെത്തി ജോസഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ചാഴിക്കാടന് പിന്തുണ വാഗ്ദാനം ചെയതുവെങ്കിലും കോട്ടയത്ത് പ്രചാരണത്തിന് എത്തുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം ബാക്കിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: