ആലപ്പുഴ: മഹാപ്രളയത്തെ പോലും അതിജീവിച്ച് കൃഷി ചെയ്ത് നൂറുമേനി വിളവ് നേടിയ കര്‍ഷകര്‍ സര്‍ക്കാരിന്റെ അവഗണനയില്‍ തളരുന്നു. കടുത്ത വേനലില്‍ തോടുകള്‍ വറ്റിവരളുകയും പോളകള്‍ നിറയുകയും ചെയ്തതോടെ കൊയ്തുകൂട്ടിയ നെല്ല് ലോറിക്കടവില്‍ എത്തിക്കാന്‍ പെടാപ്പാടിലാണ് കര്‍ഷകര്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ നാലുപാടം പാടശേഖരത്തില്‍ കൊയ്തെടുത്ത നെല്ല് സപ്ലൈകോയ്ക്ക് നല്കുവാനായി ചെളി ബണ്ടിലൂടെ ബൈക്കിലും തലച്ചുമടുമായി ഒരു കിലോമീറ്റര്‍ അകലെയുള്ള റോഡിലെത്തിക്കുന്ന ദയനീയ കാഴ്ചയാണുള്ളത്.
441 ഏക്കറുള്ള പാടശേഖരത്തിലെ കര്‍ഷകരാണ് നെല്ലു വിലയുടെ പകുതിയോളം ലോറിക്കടവില്‍ നെല്ല് എത്തിക്കുന്നതിനായി ചിലവഴിക്കുന്നത്. കൃഷി സമയത്ത് ഇത്രയും ബുദ്ധിമുട്ടിയില്ല, നല്ല വിളവ് ലഭിച്ചപ്പോള്‍ നെല്ല് ലോറിയെത്തുന്ന സ്ഥലത്ത് എത്തിക്കുന്ന ദുരിതം വിവരണാതീതമാണെന്ന് കര്‍ഷകര്‍ പറയുന്നു. മുന്‍ കാലങ്ങളില്‍ നാലുപാടത്തെ നെല്ല് പൂക്കൈതയാറിന്റെ കൈവഴിയായ നീര്‍ക്കുന്നം-പിലാക്കാട്ടുങ്കല് തോട്ടിലൂടെ വള്ളത്തില്‍ കയറ്റി പള്ളാത്തുരുത്തിയില്‍ എത്തിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ തോട്ടില്‍ പോള നിറഞ്ഞ് വള്ളം ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
ഇക്കാര്യം അധികൃതരെ പലതവണ അറിയിക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തിട്ടും നടപടിയുണ്ടായില്ല. കൊയ്തെടുത്ത നെല്ല് പള്ളാത്തുരുത്തിയിലെത്തിക്കാന് മാര്‍ഗമില്ലാതെ വന്നതോടെയാണ് ഇരുചക്രവാഹനങ്ങളില്‍ നെല്ല് എത്തിക്കാന്‍ ശ്രമം തുടങ്ങിയത്. പാടശേഖരത്തിനടുത്ത ചെറുവഴിയിലൂടെ ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമെ സഞ്ചരിക്കാനാകുകയുള്ളു. ഇന്ധനം ഇനത്തിലുള്ള വന്‍ ചെലവ് കൂടാതെ സമയ നഷ്ടവും ഏറെയാണ്. എന്നാല്‍ കര്‍ഷകര്‍ക്ക് മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല.
സിപിഎം കര്‍ഷക സംഘടനയുടെ പ്രമുഖ നേതാവും, കാഡ് ബാങ്ക് ചെയര്‍മാനുമായ ശ്രീകുമാരന്‍ തമ്പിക്ക് ഉള്‍പ്പടെ കൃഷിയുള്ള പാടശേഖരത്തിലെ കര്‍ഷകരുടെ ദുരവസ്ഥയാണിത്. കര്‍ഷകര്‍ക്കായി കോടികളുടെ ഫണ്ട് ചെലവഴിക്കുന്നതായും പദ്ധതികള്‍ നടപ്പാക്കുന്നതായും സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും നെല്ല് യഥാസ്ഥാനത്ത് എത്തിക്കാന്‍ പോലും കഴിയാത്ത ഗതികേടിലാണ് കര്‍ഷകര്‍. തന്റെ സ്വന്തം മണ്ഡലത്തിലെ കര്‍ഷകരുടെ ദുരിതം അറിഞ്ഞ ഭാവം പോലും മന്ത്രി ജി. സുധാകരനില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: