ഇടുക്കി: ഇടുക്കിയില്‍ വീണ്ടും മത്സരത്തിന് തയാറെടുക്കുന്ന ജോയ്സ് ജോര്‍ജ് എംപിക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോഴും കര്‍ഷക ആത്മഹത്യയില്‍ കൃത്യമായ പ്രതികരണത്തിന് തയ്യാറാവാതെ ഹൈറേഞ്ച് സംരക്ഷണ സമിതി. ഒരു വ്യാഴവട്ടം മുമ്പ് ഇടുക്കിയിലെ ഭൂപ്രശ്ന പരിഹാരത്തിനായി ആരംഭിച്ച സംഘടന, മലയോര കര്‍ഷകര്‍ ജീവിതത്തിനും മരണത്തിനുമിടയിലൂടെ നീങ്ങുമ്പോഴും രാഷ്ട്രീയത്തിന്റെ പേരില്‍ വാ തുറക്കാത്തത് പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നുണ്ട്.
ജില്ലയില്‍ ഇതുവരെ എട്ട് പേര് പ്രളയത്തിന് ശേഷം ആത്മഹത്യ ചെയ്തു. ബാധ്യത താങ്ങാനാവാതെ ജപ്തി നോട്ടീസ് വന്നതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യകളിലേറെയും. മരിച്ചവര്‍ കര്‍ഷകരല്ലെന്നും കാര്‍ഷിക ലോണല്ലെന്നും പറഞ്ഞ് സര്‍ക്കാരും മന്ത്രിമാരും തള്ളിപ്പറഞ്ഞു. ഇക്കാര്യങ്ങളിലൊന്നും എംപിയും ഹൈറേഞ്ച് സംരക്ഷണ സമിതിയും തങ്ങളുടെ നിലപാടുകള്‍ പരസ്യമാക്കിയിട്ടില്ല. അഞ്ച് വര്‍ഷം മുമ്പ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജോയ്സ് ജോര്‍ജിനെ ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാര്‍ഥിയാക്കുന്നതും പിന്നീട് സിപിഎം പിന്തുണക്കുകയും ചെയ്തത്.
ജനപ്രതിനിധിയെന്ന നിലയില്‍ അദ്ദേഹത്തെ ഏല്‍പ്പിച്ച കാര്യങ്ങള്‍ ഏറ്റവും വിശ്വസ്തതയോടെ നിര്‍വഹിച്ചുവെന്നാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. കാര്‍ഷിക, ഭൂമി വിഷയങ്ങളിലുള്‍പ്പെടെ ജനപക്ഷത്ത് നിന്ന് നിലപാടെടുത്തുവെന്ന് പറയുമ്പോഴും കാര്‍ഷികരംഗത്തുണ്ടായ വലിയ തകര്‍ച്ച കാണാതെപോകുന്നതായുള്ള ആക്ഷേപം ശക്തമാണ്. കൃഷി നശിച്ച് വലിയ ബാധ്യതയുടെ നടുവില്‍ നില്ക്കുന്ന കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് കണ്ടമട്ട് നടിക്കുന്നുമില്ല. തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന് പരമാവധി ആളുകളെ കൂടെ നിര്‍ത്താന്‍ നീക്കം നടത്തുമ്പോഴും ഇടതിനെതിരായ ഭരണ വിരുദ്ധ വികാരം ഇടുക്കിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തുന്നത്. പ്രമുഖനായ മന്ത്രി ഉണ്ടായിട്ടും മൊറട്ടോറിയത്തിന്റെ കാര്യത്തില്‍ പോലും കൃത്യമായ തീരുമാനമാകാന്‍ നിരവധി കര്‍ഷകര്‍ ജീവനൊടുക്കേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: