തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയതോടെ മലബാര്‍ മേഖലയിലും സിപിഎമ്മിന് അടിതെറ്റുന്നു. തെരഞ്ഞെടുപ്പ് എത്തിനില്‍ക്കെ പ്രബലനായ നേതാവ് വീണ്ടും ഇരുമ്പഴിക്കുള്ളില്‍ ആകുമോഎന്ന വേവലാതിയിലാണ് സിപിഎം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെക്കന്‍, മധ്യ കേരളത്തില്‍ പാര്‍ട്ടി നിലംപരിശാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ വിഷമിക്കുകയാണ് ഇവിടങ്ങളിലെ പാര്‍ട്ടി നേതൃത്വം.
മധ്യകേരളത്തില്‍ ശബരിമല വിഷയത്തോടൊപ്പം പ്രളയദുരിതാശ്വാസത്തിലെ വീഴ്ചകളും പാര്‍ട്ടിക്ക് തിരിച്ചടിയാണ്. മാനംരക്ഷിക്കാന്‍ മലബാര്‍ മേഖലയെ കുടെനിര്‍ത്താന്‍ കിണഞ്ഞ് ശ്രമിക്കുമ്പോഴാണ് ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയത്. പി.ജയരാജനെ മുന്‍നിര്‍ത്തി നീങ്ങാനായിരുന്നു തീരുമാനം. ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കാനും തീരുമാനിച്ചിരുന്നു.
ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹക് പി.പി.മോഹനനെ കൊലപ്പെടുത്തിയ കേസിലും ആര്‍എസ്എസ് ശാരീരിക് പ്രമുഖായിരുന്ന കതീരൂര്‍ മനോജ് വധക്കേസിലെയും പ്രതിയാണ് ജയരാജന്.
ജയരാജനെ കൊള്ളാനും തള്ളാനും പറ്റാത്ത സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃത്വം. കൈവിട്ടാല്‍ ജയരാജന് മറ്റ് പല അക്രമകേസുകള്‍ സംബന്ധിച്ച് മനസ്സ് തുറക്കുമോയെന്ന ഭയവും പാര്‍ട്ടിക്കുണ്ട്. അങ്ങനെ വന്നാല്‍ കൂടുതല്‍ നേതാക്കള്‍ കേസുകളിലെ പ്രതിപട്ടികയില്‍ ഇടംപിടിക്കും.
സത്യം ജയിക്കുമെന്നാണ് ഇത് സംബന്ധിച്ച് സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ജയരാജന് വിഷയം വലിയ പ്രചരാണായുധം ആക്കും. ഇതില്‍ നിന്ന് കരകയറാന്‍ സിപിഎമ്മിന് നന്നേ വിയര്‍ക്കേണ്ടി വരുമെന്ന് നേതാക്കള്‍ തുറന്ന് സമ്മതിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: