സംസ്ഥാനത്ത് ശബരിമല കര്‍മസമിതി 12 മണിക്കൂര്‍ ഹര്‍ത്താല്‍ നടത്തിയപ്പോള്‍ അതിനെതിരായ ശബ്ദം കനത്തതായിരുന്നു. ബിജെപി ഒഴിച്ചുള്ള രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും കര്‍മസമിതിയെയും ബിജെപിയെയും ഭത്സിക്കാന്‍ മത്സരിച്ചു. ഹര്‍ത്താലിനെ പരാജയപ്പെടുത്താന്‍ വ്യാപാരികളടക്കം മുന്നിട്ടിറങ്ങിയിട്ടും ശബരിമല വിഷയത്തില്‍ രാഷ്ട്രീയം നോക്കാതെ ഭക്തജനങ്ങള്‍ ഒന്നടങ്കം അവരുടെ വികാരം പ്രകടിപ്പിക്കാന്‍ ഹര്‍ത്താലുമായി സഹകരിച്ചു. അത് മറച്ചുവയ്ക്കാന്‍ മാര്‍ക്സിസ്റ്റ് അക്രമികളും അവരുടെ ആജ്ഞാനുവര്‍ത്തികളായ പോലീസും കിണഞ്ഞു പരിശ്രമിച്ചു. ഇരുകൂട്ടരും ചേര്‍ന്ന് സൃഷ്ടിച്ച അക്രമങ്ങള്‍ ബിജെപി-ആര്‍എസ്എസ് കര്‍മസമിതി പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവച്ചു.
ചില മാധ്യമപ്രവര്‍ത്തകരെ ആരോ കയ്യേറ്റം ചെയ്തത് ബിജെപിക്കെതിരായ ആയുധമാക്കി. മാധ്യമസുഹൃത്തുക്കള്‍ പ്രതിഷേധ പ്രകടനം നടത്തുക മാത്രമല്ല ചില പ്രസ്ക്ലബ്ബുകള്‍ കര്‍മസമിതിയെയും ബിജെപിയെയും ബഹിഷ്കരിക്കുന്ന നിലയിലെത്തി. ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംസ്കാരമാണിത്. രാജ്യം ഭരിക്കുന്ന ഏറ്റവും വലിയ ദേശീയ ജനാധിപത്യ പാര്‍ട്ടിയെ ബഹിഷ്കരിച്ച സംഭവത്തില്‍ ഒരു പശ്ചാത്താപവും ഇതുവരെ ഇല്ലാതെ പോയത് അതിന് നേതൃത്വം നല്‍കിയവരുടെ പക്ഷപാതപരമായ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല.
ഒരാഴ്ചയ്ക്കുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നുണ്ട്. അദ്ദേഹം ഇന്ന് ബിജെപിയുടെ സമുന്നത നേതാവാണെന്ന് പറയേണ്ടതില്ലല്ലൊ. ലോകാരാധ്യനായ നരേന്ദ്രമോദി ശബരിമല വിഷയത്തില്‍ കേരളത്തിലെ കര്‍മസമിതിയുടെയും ബിജെപിയുടെയും നിലപാടിനൊപ്പമാണ്. ബിജെപിയെ ഒറ്റപ്പെടുത്താന്‍ മുന്നിട്ടുനിന്ന മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തേയും ബഹിഷ്കരിക്കുമോ? മാധ്യമങ്ങളില്‍ പണിയെടുക്കുന്ന ചിലരുടെ രാഷ്ട്രീയത്തിനൊപ്പമാണോ മാധ്യമ മുതലാളികളും എന്ന് വ്യക്തമാക്കേണ്ടതുണ്ട്.
ബിജെപി ബഹിഷ്കരണത്തിന് കാരണമായ അക്രമങ്ങളില്‍ ഒന്ന് കാസര്‍കോഡ് ചേറ്റുകുണ്ടില്‍ മാധ്യമപ്രവര്ത്തകന് അക്രമിക്കപ്പെട്ടതാണ്. അതിലെ മുഖ്യപ്രതി പിടിയിലായിട്ടുണ്ട്. അക്രമദൃശ്യങ്ങള്‍ ടെലിവിഷനില്‍ നോക്കിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയാകട്ടെ, സിപിഎം അട്ടേങ്ങാട് ബ്രാഞ്ച് സെക്രട്ടറിയാണ്. ബിജെപിയോട് ശത്രുതയുണ്ടാക്കാന്‍ സിപിഎം നടത്തിയ ആസൂത്രിത പദ്ധതിയാണതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. മറ്റുസ്ഥലങ്ങളിലും നടന്നത് ആസൂത്രിത അക്രമമാണെന്നത് സംശയമില്ലാത്ത കാര്യമാണ്.
പന്ത്രണ്ട് മണിക്കൂര്‍ ഹര്‍ത്താലിനെ പഴിച്ചവരാണ് 48 മണിക്കൂര്‍ പണിമുടക്കി രാജ്യത്തെ ബന്ദിയാക്കിയത്. ജനങ്ങളെ നടുറോഡുകളില്‍ തടഞ്ഞുനിര്‍ത്തി, തീവണ്ടികള്‍ തടഞ്ഞുനിര്‍ത്തി, പൊതുയാത്രാ സംവിധാനങ്ങളെ റോഡിലിറങ്ങാന്‍ അനുവദിച്ചില്ല. കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കില്ലെന്നും ആര്‍ക്കുവേണമെങ്കിലും സ്ഥാപനങ്ങള്‍ തുറക്കാമെന്നും ഉറപ്പ് നല്‍കിയവരുടെ നിഴല്‍പോലും രണ്ട് ദിവസം കണ്ടില്ല. തെരുവിലാകെ അക്രമമഴിച്ചുവിട്ടു. കടതുറക്കാന്‍ തുനിഞ്ഞവരെ കയ്യേറ്റംചെയ്തു.
കോടതിവിധിയോട് പണ്ടെങ്ങുമില്ലാത്ത അനുഭാവവും ആദരവും പ്രകടിപ്പിക്കുന്നവര്‍, റോഡില്‍ സ്റ്റേജ് കെട്ടി പൊതുയോഗം നടത്താന്‍ പാടില്ലെന്ന കോടതിവിധി തൃണവല്ഗണിച്ചു. സെക്രട്ടറിയേറ്റിന്റെ നേരെ മുന്നില്‍ റോഡില്‍ സ്റ്റേജ് കെട്ടി 48 മണിക്കൂര്‍ ആഘോഷം നടത്തി. ഇതിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന എസ്ബിഐയുടെ തലസ്ഥാനത്തെ മെയിന്‍ ബ്രാഞ്ച് അടിച്ചുതകര്‍ത്തു. കമ്പ്യൂട്ടറുകളും ഫാനുകളും ഫര്‍ണിച്ചറുകളുമെല്ലാം തരിപ്പണമാക്കി. ട്രഷറിയും പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചാണിത്. പതിനഞ്ചോളം വരുന്ന അക്രമിസംഘത്തില്‍ സിപിഎമ്മുകാരും കോണ്‍ഗ്രസുകാരും ഉണ്ട്. രാഷ്ട്രീയത്തിലെന്നപോലെ അക്രമത്തിലും ഇരുകൂട്ടരും ഒത്തൊരുമിച്ചുനില്ക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും എല്ലാം ചേര്‍ന്ന് കേരളത്തെ കുരുതിക്കളമാക്കുന്ന കാഴ്ചയാണ് കണ്ടത്. ശബരിമല തന്ത്രി ബ്രാഹ്മണനല്ല, രാക്ഷസബ്രാഹ്മണനാണെന്നാണ് ഒരു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇവരെല്ലാം ചേര്‍ന്ന് കേരളത്തെ രാക്ഷസകേരളമാക്കി എന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: