തൃശൂര്‍: ആശയ ചോരണ വിവാദത്തില്‍ സുനില്‍ പി. ഇളയിടത്തെ ന്യായീകരിക്കുന്നവര്‍ വിദ്യാര്‍ഥി സമൂഹത്തോട് ചെയ്യുന്നത് വലിയ തെറ്റെന്ന് ജെ. ദേവിക. ഇളയിടം മാപ്പ് പറയുകയും തിരുത്തുകയും വേണമെന്നും ദേവിക ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇടത് ചിന്തകന്‍ സുനില്‍ പി. ഇളയിടത്തിന്റെ അനുഭൂതികളുടെ ചരിത്രജീവിതം എന്ന കൃതിക്കെതിരെയാണ് ആരോപണം.
ഇതിലെ ദേശഭാവനയുടെ ആട്ടപ്രകാരങ്ങള്‍-ദേശീയാധുനികതയും ഭരതനാട്യത്തിന്റെ രംഗജീവിതവും- എന്ന ഭാഗം ദവേഷ് സൊണേജിയുടെ കൃതിയില്‍ നിന്നുള്ള തര്‍ജമ മാത്രമാണെന്ന് നിരൂപകന് രവിശങ്കര്‍ എസ്.നായര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇളയിടത്തിനെ ന്യായീകരിച്ച് രവിശങ്കറിനെതിരെ ഒരു പറ്റം ഇടതുപക്ഷ അക്കാദമിക്കുകള്‍ സംയുക്തപ്രസ്താവനയുമായി രംഗത്ത് വരികയും ചെയ്തു. ഇതിനെതിരെയാണ് ദേവികയുടെ പ്രതികരണം.
ദേവികയുടെ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ഇളയിടത്തിന്റെ നേര്‍തര്‍ജമാപ്രയോഗം ഇളക്കിവിട്ട ചര്‍ച്ചയില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ളത് കുറേ ഉണ്ട്.
ഒന്നാമതായി, മറ്റൊരു ടെക്സ്റ്റില്‍ നിന്ന് നേര്‍തര്‍ജമ ചെയ്തു കൊടുക്കുന്ന ഭാഗം ഉദ്ധരണിയായി അടയാളപ്പെടുത്തിയിരിക്കണം, നാല്പതു വാക്കുകള്‍ക്കു മുകളിലാണെങ്കില്‍ ഇന്റന്റ് ചെയ്തിരിക്കണം. ഉദ്ധരണിയായി അടയാളപ്പെടുത്തുന്ന ചിഹ്നങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിക്കണം. ഇനി, ഇങ്ങനെ ഉദ്ധരണിയായി കൊടുക്കാവുന്ന പാഠഭാഗത്തിന്റെ വലുപ്പത്തിനും പരിമിതിയുണ്ട്.
മലയാളത്തിലേക്കു ഈ കൃതികള്‍ മുഴുവനായി തര്‍ജമ ചെയ്യാമെന്നിരിക്കെ, അവയെ വെള്ളംചേര്‍ത്ത് പരിചയപ്പെടുത്തേണ്ട കാര്യമില്ല. തര്‍ജമ ചെയ്തില്ലെങ്കില്‍ ഈ ആശയങ്ങളെ നമ്മുടെ- അതായത്, കേരളത്തിലെ-സാമൂഹിക-സാംസ്കാരിക പരിസരങ്ങളെ മനസ്സിലാക്കാനുള്ള ടൂളുകളായി പരിചയപ്പെടുത്താവുന്നതാണ്. അതിനു പകരം പാതി നേര്‍തര്‍ജമയും പാതി സ്വന്തം വായനയും (പലപ്പോഴും ഈ വായന നടക്കുന്നത് ആശയം കൃത്യമായി മനസ്സിലാകാത്തപ്പോഴാണ്. പെട്ടെന്ന് താത്വികഭാഷ മാറി ഊതിവീര്‍പ്പിച്ച റൊമാന്റിക് ഭാഷ വരുന്നതു കാണാം) ആയി നിലവാരം കുറഞ്ഞ കൃതികള്‍ പടച്ചു വിടേണ്ടതില്ല.
ഈ തെറ്റിന് തടവും പിഴയും വരെ ശിക്ഷയുണ്ടാവാമെങ്കിലും അത് എപ്പോഴും ഉണ്ടാവണമെന്നില്ല.
ഗവേഷണമെന്ന ജ്ഞാനോത്പാദനം നടത്തുമ്പോള്‍ നമ്മുടെ ചെറുപ്പക്കാര്‍ക്ക് മാതൃകയായിത്തന്നെ വേണം നില്ക്കാന് എന്നു മാത്രമേ അധ്യാപികയെന്ന നിലയ്ക്ക് എനിക്കു പറയാനാവൂ.
തെറ്റു ചെയ്ത ആളെ പറഞ്ഞു മനസിലാക്കി മാപ്പു പറയിച്ചു തിരുത്തുന്നതിനു പകരം പൊള്ളയായ അഹന്തയെ വളര്‍ത്തുകയാണ് ന്യായീകരണക്കാര്‍.
നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് ഈ തെറ്റ് തിരിച്ചറിയാന്‍ കഴിവുണ്ടായില്ലെങ്കില്‍ രണ്ടാംകിട എഴുത്ത് ഇനിയും പടര്‍ന്നു പിടിക്കും, ഇപ്പോള്‍ തന്നെ ഉള്ളില്‍ നിന്നു ചീഞ്ഞുനാറിത്തുടങ്ങിയ സാഹിത്യപൊതുമണ്ഡലം കൂടുതല്‍ അസഹ്യമാകും, ദേവിക കുറിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: