ജനാധിപത്യ ഭരണസംവിധാനത്തില്‍ ഉയര്‍ന്ന പദവികള്‍ അലങ്കരിച്ചവര്‍ അവിടെനിന്ന് വിരമിച്ച ശേഷം നടത്തുന്ന പ്രസ്താവങ്ങള്‍ വാസ്തവത്തില്‍ ആശങ്കയും അസ്വസ്ഥതയും സൃഷ്ടിക്കുന്നവയാണ്. നാളിന്നോളം നിഷ്പക്ഷ നിലപാടുകള്‍ പുലര്‍ത്തിപ്പോന്നവരാണ് എന്ന് കരുതുന്നവര്‍ തനിസ്വഭാവം പുറത്തെടുക്കുന്നത് കാണുമ്പോള്‍ ഇതഃപര്യന്തം അവര്‍ സ്വീകരിച്ച ഔദ്യോഗിക നിലപാടുകളിലും കറപുരണ്ടിരുന്നില്ലേ എന്ന സംശയം അടിക്കടി ബലപ്പെട്ടുവരികയാണ്. ഇത് അവരുടെ വിശ്വാസ്യതയിലേക്കു മാത്രമല്ല അവര്‍ ഇരുന്ന സ്ഥാനങ്ങളുടെ വിശ്വാസ്യതയിലേക്കും സംശയത്തിന്റെ മുനനീളാന്‍ ഇടവരുന്നു. ഇത്തരം മാനസികാവസ്ഥ വെച്ചുകൊണ്ട് എങ്ങനെയാവും അവര്‍ ഔദ്യോഗികസ്ഥാനങ്ങളില്‍ ഇരുന്ന് തീരുമാനം കൈക്കൊണ്ടത് എന്ന് മനസ്സിലാവുന്നില്ല. അതിനാല്‍ തന്നെ വല്ലാത്തൊരു വിഷമാവസ്ഥയാണ് രൂപപ്പെടുത്തുന്നത്.
സുപ്രീംകോടതിയില്‍ നിന്ന് അടുത്തിടെ പെന്ഷന് പറ്റിയ ജസ്റ്റിസ് കുര്യന് ജോസഫിന്റെ അഭിപ്രായ പ്രകടനങ്ങള്‍ പരിശോധിക്കുമ്പോഴാണ് ഇക്കാര്യം ഏറെ പ്രകടമാവുന്നത്. ന്യൂനപക്ഷവിഭാഗമെന്നത് തന്റെ ഔദ്യോഗിക ജീവിതത്തിലെ വളര്‍ച്ചയ്ക്ക് തടസ്സമായിരുന്നു എന്നാണ് അദ്ദേഹം ഒരു മാധ്യമത്തില്‍ ഉള്ളുതുറന്നത്. ഔദ്യോഗിക സ്ഥാനമാനങ്ങളില്‍ ഇരിക്കുമ്പോള്‍ പുലര്‍ത്തേണ്ട മാന്യതയും പക്വതയും സംയമനവും എത്രകണ്ട് അദ്ദേഹത്തിലുണ്ടായിരുന്നു എന്നത് സംശയാസ്പദമല്ലേ? നിരന്തരം കലഹിക്കുന്ന ഒരു മാനസികാവസ്ഥയില്‍ നിന്നുകൊണ്ട് നിഷ്പക്ഷവും നീതിയുക്തവുമായ നിലപാട് എങ്ങനെ അദ്ദേഹത്തിന് സ്വീകരിക്കാനാകും? അത് വിശകലനം ചെയ്യപ്പെടുകതന്നെ വേണം.
അവസാനവാക്കില്‍ അടിവരയിടുന്ന ഒരു സംവിധാനത്തില്‍ ഇടുങ്ങിയമനസ്സും സ്വേച്ഛാപരമായ വിലയിരുത്തലും നടത്തുന്നവരുടെ സംഘാതം കൃത്യനിര്‍വഹണം നടത്തിയെന്നു പറയുമ്പോള്‍ ജനാധിപത്യസംവിധാനം അതിനെ പൂവിട്ടു പൂജിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. ഇങ്ങനെ സാധാരണക്കാര്‍ ചിന്തിച്ചുപോവില്ലേ? അത്തരം ചിന്തകള്‍ക്ക് വ്യാപകമായ പ്രചാരവും അംഗീകാരവും ലഭിക്കുകയാണെങ്കില്‍ അപകടകരമായ ഒരു രീതിയിലേക്ക് കാര്യങ്ങള്‍ വഴുതിവീഴില്ലേ? ഭാരതത്തെപ്പോലെ ജനാധിപത്യ വ്യവസ്ഥിതിക്ക് പരമപ്രാധാന്യം ലഭിക്കുന്ന ഒരു രാജ്യത്തെ മൊത്തം കളങ്കപ്പെടുത്തുന്നതാവില്ലേ സ്ഥിതിഗതികള്‍? വിവരവും വിവേകവും അനുസരിച്ച് നീതിയുക്തമായ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ട സംവിധാനം പുഴുക്കുത്തേല്‍ക്കാന്‍ ഇടവരികയല്ലേ ചെയ്യുക? അപകടകരമായ ഒരു അഭിപ്രായ സ്വരൂപീകരണത്തിലേക്ക് വഴിമരുന്നിടാനല്ലേ ഇത്തരം പ്രസ്താവങ്ങള്‍ സഹായിക്കുക?
ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് പിരിഞ്ഞ ഹമീദ് അന്‍സാരിയും ഈദൃശനിലപാടുകള് എടുത്തത് ഇതിനൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. അദ്ദേഹവും ഇവിടുത്തെ ന്യൂനപക്ഷങ്ങളുടെ മനസ്സിലേയ്ക്ക് കനല്‍കോരിയിടുന്ന പ്രസ്താവങ്ങളാണ് നടത്തിയിരുന്നത്. മനുഷ്യമനസ്സുകളില്‍ വര്‍ഗീയ ചേരിതിരിവും അപകടകരമായ നീക്കങ്ങളും നടത്താന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു സംഘടനയുടെ സമ്മേളനത്തില്‍ അന്‍സാരി പങ്കെടുക്കുകയും മ്ലേച്ഛമായ പ്രസ്താവങ്ങള്‍ നടത്തുകയും ചെയ്തത് ഞെട്ടലോടെയാണ് രാജ്യം നോക്കിക്കണ്ടത്. ജസ്റ്റിസ് കുര്യന് ജോസഫും അതേപാതയിലൂടെ തന്നെയാണ് യാത്ര ചെയ്യുന്നത് എന്നറിയുമ്പോള്‍ അപകടത്തിന്റെ വ്യാപ്തിയും ആഴവും അത്ര നിസ്സാരമായി കാണാനാവില്ല.
മനസ്സിലെ രാഷ്ട്രീയവും രക്തത്തിലെ മതവും സ്വീകരിക്കുന്ന നിലപാടുകള്‍ ഒരിക്കലും മാനവികതയെ ബലപ്പെടുത്തുന്നതാവില്ല. എന്നു മാത്രവുമല്ല അങ്ങേയറ്റം അപകടം വിളിച്ചുവരുത്തുന്നതുമാകും. കുര്യന് ജോസഫിന്റെ നിലപാടുകളെ അപ്പാടെ തള്ളിക്കൊണ്ട് ന്യൂനപക്ഷ കമ്മീഷന് രംഗത്തുവന്നത് ഇത്തരുണത്തില്‍ ഏറെ ആശ്വാസം പകരുന്നതാണ്. ദുരുപദിഷ്ടമായ നീക്കങ്ങളിലൂടെ സമൂഹത്തെ ഛിന്നഭിന്നമാക്കാന്‍ ഔദ്യോഗിക സംവിധാനം ഉപയോഗിക്കുന്നത് എത്രമാത്രം ഗര്‍ഹണീയമാണ്. സാമൂഹികവിരുദ്ധര്‍ ഇത്തരക്കാരുടെ പ്രസ്താവങ്ങള്‍ ശിരസാവഹിച്ച് വിധ്വംസക നീക്കങ്ങളിലേക്ക് ഊളിയിട്ടാല്‍ എന്താവും സ്ഥിതി? അധികാരത്തിലിരുന്നപ്പോള്‍ തന്നെ ഔദ്യോഗികസംവിധാനത്തിനെതിരെ കലഹമുണ്ടാക്കാന്‍ പരസ്യമായി രംഗത്തിറങ്ങിയ ജസ്റ്റിസ് കുര്യന് ജോസഫിന്റെ ഉള്ളുകള്ളികള്‍ ഇതോടെ പൂര്‍ണമായി അനാവൃതമായിരിക്കുകയാണ്. ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഇക്കാര്യം ഗൗരവത്തോടെ കാണുകയും യുക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തില്ലെങ്കില്‍ ഇതൊരു കീഴ്വഴക്കമാകും. ഭാരതത്തിന്റെ അന്തസ്സ് ഇടിയാന്‍ അതു വഴിവെക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: