കൊച്ചി: ബഹുരാഷ്ട്രക്കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഐപിഎസ് നേടിയ കര്‍ണാടക സ്വദേശി യതീഷ് ചന്ദ്ര, യുഡിഎഫ് ഭരണത്തിലാണ് കേരളത്തില്‍ ആദ്യമായി നിയമിക്കപ്പെട്ടത്. 2014 ജനുവരി ഒന്നിന്, വടകരയില്‍ എഎസ്പിയായി. വടകരയില്‍ അന്ന് സിപിഎമ്മുകാര്‍ ടി.പി. ചന്ദ്രശേഖരനെ അരുംകൊലചെയ്ത ശേഷമുള്ള കാലം. യതീഷ്, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഇഷ്ടക്കാരനാകാന്‍ സിപിഎംകാരെ വേട്ടയാടി. വലത്തുചേര്ന്നുനിന്ന്, പലരേയും കേസില്‍ കുടുക്കി, കോണ്‍ഗ്രസ് വിടുപണികള് ഏറെച്ചെയ്തു.
അങ്ങനെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇംഗിതങ്ങള്‍ നടത്താന്‍ യതീഷിനെ കണ്ടെടുത്തത്. യതീഷ് അങ്ങനെ രമേഷിന്റെ ഓപ്പറേഷന് കുബേരയുടെ നായകനായി, കുഴല്‍പ്പണ വേട്ടക്കാരന് എന്ന് സ്വയം പ്രചാരണം നടത്തി വിജയം കണ്ടു. ട്വിറ്ററിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും പോലീസ്- ജനബന്ധം രൂപപ്പെടുത്തിയതിലൂടെ ജനകീയനായെന്ന് സ്വയം തോന്നി ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു.
ആലുവയില്‍ എഎസ്പിയായി എത്തിയപ്പോള്‍ രാഷ്ട്രീയ കാര്യങ്ങളിലും ഇടപെട്ടു തുടങ്ങി. അതിനകം പോലീസ്പണിയില് ഹരം കയറിക്കഴിഞ്ഞിരുന്നു. 2015 മാര്‍ച്ചിലെ ഇടതുപക്ഷ ഹര്‍ത്താലിനിടെ അങ്കമാലിയില്‍ യതീഷ് ചന്ദ്ര, സിപിഎം നേതാക്കളെ, ഏരിയ സെക്രട്ടറി കെ.കെ. ഷിബുവിനെ ഉള്‍പ്പെടെ മര്‍ദിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അന്ന് ‘ഗുണ്ടാ നേതാവ്’ എന്നാണ് യതീഷിനെ വിശേഷിപ്പിച്ചത്. പക്ഷേ, കോണ്‍ഗ്രസ് സര്‍ക്കാര്‍ സംരക്ഷിച്ചു. സിപിഎം പോലീസ് കംപ്ലൈന്റ് അതോറിറ്റിയില്‍ യതീഷിനെക്കുറിച്ച് പരാതിപ്പെട്ടു.
പക്ഷേ, ‘ഗുണ്ടാ നേതാവിനെ’ മുഖ്യമന്ത്രിയായപ്പോള്‍ പിണറായി വിജയന് കൊച്ചി നഗരത്തിലേക്ക് ഡിസിപിയായി കൊണ്ടുവന്നു. അങ്ങനെയാണ് 2017 -ല്‍ പുതുവൈപ്പിനിലെ ഐഒസി പ്ലാന്റിനെതിരേ നടത്തിയ സമരക്കാരെ ഹൈക്കോടതി ജങ്ഷനില്‍ യതീഷ് ചന്ദ്ര തല്ലിച്ചതച്ചത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും ഈ പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നാവശ്യപ്പെട്ടു. തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ കണ്ട മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത് സിറ്റിങ് നടത്തിയപ്പോള്‍ ഏഴുവയസുകാരന് വിരല്‍ ചൂണ്ടിപ്പറഞ്ഞു, യതീഷാണ് അവനേയും ചേട്ടനേയും അച്ഛനേയും തല്ലിയതെന്ന്. പക്ഷേ, അപ്പോഴേക്കും യതീഷ് ഇടത്തേക്ക് തിരിഞ്ഞിരുന്നു.
സിപിഎം വാദിയായ കേസില്‍, പ്രതിയായ യതീഷിനെ വരുതിയില്‍ നിര്‍ത്താനും ഉപയോഗിക്കാനും പിണറായി വിജയന് മികച്ച അവസരമായി. അങ്ങനെയാണ് ‘ഗുണ്ടാനേതാവിനെ’ ശബരിമലയില്‍ നിയോഗിച്ചത്. അങ്ങനെയാണ് വലത്തുനിന്ന് ഇടത്തുതിരിഞ്ഞ് സ്വാമിമാരുടെ നെഞ്ചത്തേക്ക് കയറിയത്.
പുതുവൈപ്പിനിലെ മര്‍ദനത്തില്‍ പ്രതിഷേധിച്ച് യതീഷ് ചന്ദ്രക്ക് അഡ്വ. ജഹാംഗീര്‍ റസാഖ് എഴുതിയ തുറന്ന കത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘താങ്കള്‍ തീര്‍ച്ചയായും സാഡിസ്റ്റിക് പേഴ്സണാലിറ്റി ഡിസ് ഓര്‍ഡറിന്, മറ്റൊരാളെ ക്രൂരമായി വേദനിപ്പിക്കുന്ന മനോവൈകല്യത്തിന്, ചികിത്സ തേടേണ്ട രോഗിയാണ്.’
ഐഒസി സമരക്കാരെ മര്‍ദിച്ച സംഭവം, പ്രധാനമന്ത്രി മോദിയുടെ സന്ദര്ശനത്തലേന്നായിരുന്നു. അത് പ്രധാനമന്തിയുടെ സുരക്ഷയുടെ ഭാഗമാണെന്ന് കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള ശ്രമവും അന്ന് യതീഷ് ചന്ദ്ര നടത്തിയിരുന്നു.
യതീഷ് ചന്ദ്രക്കെതിരെ കേന്ദ്രത്തിന് പരാതി നല്കി
പാലക്കാട്: ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ അവഹേളിച്ച എസ്പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. കേന്ദ്രമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ യതീഷ്ചന്ദ്ര പ്രോട്ടോക്കോള്‍ ലംഘിച്ചു. എസ്പിയുടെ നടപടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ശോഭാ സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പമ്പയിലെത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ പാദപൂജ നടത്തിയ ആളാണ് യതീഷ് ചന്ദ്ര. കേന്ദ്രമന്ത്രിയോട് പോലീസ് ധിക്കാരപരമായി പെരുമാറിയതില്‍ മുഖ്യമന്ത്രി മറുപടി പറയണം. പോലീസിലെ സിപിഎം ഗുണ്ടകളെയാണ് നിലക്കലിലും സന്നിധാനത്തും നിയോഗിച്ചത്. പിണറായി വിജയനേല്പ്പിച്ച ഇരട്ടജോലി ചെയ്യുന്ന യതീഷ് ചന്ദ്ര ശമ്പളത്തിന് പുറമെ കിമ്പളവും കൈപ്പറ്റുന്നു. ഇരട്ട ജോലിയാണ് ചെയ്യുന്നതെങ്കില്‍ നിയമത്തിന് മുന്നില്‍ യതീഷ്ചന്ദ്രയെ കൊണ്ട് മറുപടി പറയിപ്പിക്കും.
കള്ളംപറഞ്ഞ് സത്യവാങ്മൂലം കൊടുത്ത് ഭക്തരെ മുഴുവന്‍ ചതിക്കുന്ന വഞ്ചനാ ഹര്‍ജിയാണ് ദേവസ്വം ബോര്‍ഡ് നല്‍കിയതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: