അമൃത്സര്‍ : കഴിഞ്ഞദിവസം അമൃത്സറിലെ നിരങ്കാരി ഭവനിലുണ്ടായ ഗ്രനേഡ് ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന് ചാര സംഘടനയായ ഇന്റര്‍ സര്‍വ്വീസസ് ഇന്റലിജെന്‍സ്(ഐഎസ്ഐ). ഞായറാഴ്ച അമൃത്സറില് ആക്രമണം നടത്താന്‍ ഉപയോഗിച്ച ഗ്രനേഡ് പാക്കിസ്ഥാന് ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിര്‍മിച്ചതാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അറിയിച്ചു.
ഗ്രനേഡ് ആക്രമണം നടത്തിയ ബ്ക്രംജിത് സിങ് എന്നയാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഐഎസ്ഐയുടെ മുഖ്യ ആസുത്രകനാണ് ഇയാള്‍. രണ്ടാമത്തെയാളായ അവ്താര്‍ സിങ്ങിനെ തിരിച്ചറിഞ്ഞെന്നും, ഇയാളെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കശ്മീരില്‍ സൈന്യത്തിനെതിരെ ഉപയോഗിക്കുന്ന പെല്ലറ്റുകള്‍ നിറച്ചിട്ടുള്ള ഗ്രനേഡാണ് അമൃത്സറിലും സ്ഫോടനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ വര്‍ഗ്ഗീയത ഇല്ലെന്നും ഭീകരാക്രമണമാണ് ഉദ്ദേശിച്ചിരുന്നതെന്നും അമരീന്ദര്‍ സിങ് കൂട്ടിച്ചേര്‍ത്തു.
നിരങ്കാരി ഭവനില്‍ ഞായറാഴ്ച ഉണ്ടായ ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: