തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രീതിക്കിരയായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന് ശബരിമലയില്‍ അപ്രഖ്യാപിത വിലക്ക്. ചിത്തിര ആട്ടവിശേഷത്തിന് ശബരിമല ക്ഷേത്ര നട തുറന്നപ്പോള്‍ ശബരിമലയില്‍ എത്തുകയോ വിഷയങ്ങളില്‍ ഇടപെടുകയോ ചെയ്യാതെ പത്മകുമാര്‍ ഒഴിഞ്ഞുനിന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണെന്നാണ് സൂചന.
പ്രസിഡന്റിന്റെ അസാന്നിധ്യത്തില്‍ ബോര്‍ഡുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്തതും മാധ്യമങ്ങളോട് പ്രതികരിച്ചതും ബോര്‍ഡ് അംഗമായ കെ.പി.ശങ്കരദാസാണ്. പിണറായിയുടെ തീരുമാനത്തിന് കാത്തുനില്‍ക്കാതെ സ്ത്രീപ്രവേശനവിധിയില്‍ ആദ്യം റിവ്യൂഹര്‍ജി ആലോചിക്കുമെന്നും പിന്നീട് ശബരിമലയിലെ പ്രതിഷേധങ്ങളടക്കമുള്ളവ ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നുമുള്ള പത്മകുമാറിന്റെ നിലപാടുകളെ മുഖ്യമന്ത്രി പരസ്യമായി തള്ളിയിരുന്നു. രൂക്ഷമായി വിമര്‍ശിച്ച പിണറായി പിന്നീട് പത്മകുമാറുമായി ആശയവിനിമയത്തിനു പോലും തയാറായില്ല. ഇതിന്റെ തുടര്‍ച്ചയാണ് മുഖ്യമന്ത്രിയുടെ താല്പര്യപ്രകാരം ശങ്കരദാസ് സജീവമായി ഇടപെട്ടുതുടങ്ങിയത്.
ശബരിമലയില്‍ പോകുന്നതില്‍ നിന്ന് തന്നെ മുഖ്യമന്ത്രി വിലക്കിയെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നാണ് പത്മകുമാറിന്റെ പ്രതികരണം. വ്യക്തിപരമായ കാരണങ്ങളാലും കുടുംബത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാലുമാണ് താന്‍ ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയില്‍ എത്താത്തതെന്ന് പത്മകുമാര്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരോ മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ ദേവസ്വം ബോര്‍ഡിന്റെ കാര്യങ്ങളില്‍ യാതൊരു ഇടപെടലും നടത്തുന്നില്ലെന്നും പത്മകുമാര്‍ പറയുന്നു.
ശബരിമലയുമായി ബന്ധപ്പെട്ട് സംഘര്‍ഷഭരിതമായ ദിനങ്ങളില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും സ്ഥലത്തുണ്ടായിരുന്നില്ല. ലണ്ടനില്‍ നടക്കുന്ന ട്രാവല്‍മാര്‍ട്ടില്‍ പങ്കെടുക്കുകയാണ് ദേവസ്വംമന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: