കൊച്ചി: ചൈനയെ കടലില്‍ നേരിടാന്‍ ഇന്ത്യയുടെ നാവികസേന പര്യാപ്തമാണെന്ന് നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ.
കടലില്‍ നാവിക സേനയ്ക്ക് നീതിപൂര്‍ണമായ ദൗത്യമാണ്. വാണിജ്യ കാര്യങ്ങള്‍ക്കും സുരക്ഷാ കാര്യങ്ങള്‍ക്കും മറ്റു രാജ്യങ്ങളുമായി ആ തരത്തിലാണ് ബന്ധം. ഇന്ത്യന്‍ പടക്കപ്പലുകള്‍ സ്ഥിരമായി ചില സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഗള്‍ഫിലെ ഇൗഡന്, ആന്‍ഡമാനിലെ മലാക്ക, ബേ ഓഫ് ബംഗാള്‍, ഇന്ത്യാ സമുദ്രത്തിന്റെ ദക്ഷിണ-മധ്യ മേഖലയില്‍ നമ്മുടെ യുദ്ധക്കപ്പലുണ്ട്. പുറമേ സുരക്ഷാ നിരീക്ഷണങ്ങള്‍ക്ക് കപ്പലുകളും നേവി വിമാനങ്ങളുമുണ്ട്. കടലിലെവിടെനിനും ഏറ്റവും മികച്ച സൂക്ഷ്മ വിവരങ്ങള്‍ ലഭ്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ബന്ധങ്ങള്‍ മൂലം ഒട്ടേറെ വിദേശ രാജ്യങ്ങളുടെ സഹകരണം ഇതിന് ലഭിക്കുന്നുണ്ട്. ചൈനയുടെ വര്‍ദ്ധിച്ച സന്നാഹം നേരിടാന്‍ ഇന്ത്യ സജ്ജമാണ്, അദ്ദേഹം പറഞ്ഞു.
ഇന്ത്യ സ്ഥാപിക്കുന്ന ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍ വൈകാതെ പ്രവര്‍ത്തനസജ്ജമാകും. ചരക്കു കപ്പലുകളുടെ ഗതിവിഗതികളും രഹസ്യവിവരങ്ങളും ഇതുവഴി ശേഖരിക്കും. കപ്പല്‍ വിവരങ്ങള്‍ ആരുമായും കൈമാറും. രഹസ്യവിവരങ്ങള്‍ അതിന് കരാറൊപ്പിട്ട രാജ്യങ്ങള്‍ക്കേ നല്‍കൂ.
ഐഒഎന്‍എസ് അംഗങ്ങളായ രാജ്യങ്ങള്‍ പൊതു മിലിട്ടറി കമാന്‍ഡ് വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ മുമ്പ് രൂപീകരിച്ച മൂന്ന് വര്‍ക്കിങ് ഗ്രൂപ്പുകള്‍ വിഷയം പഠിക്കുകയാണ്. അവരുടെ അഭിപ്രായങ്ങള്‍ നോക്കി, ആവശ്യങ്ങള്‍ പരിഗണിച്ച് സര്‍ക്കാര്‍ നയനിലപാടുകള്‍ക്ക് യോജ്യമായി തക്ക സമയത്ത് തീരുമാനമെടുക്കും, നാവിക സേനാ മേധാവി പറഞ്ഞു.
അടുത്ത ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ സീ വിജില്‍ എന്ന പേരില്‍ ലോകരാജ്യങ്ങള്‍ പങ്കെടുക്കുന്ന സംയുക്ത നാവിക അഭ്യാസങ്ങള്‍ നടക്കും. നാവികസേനയും തീര സംരക്ഷണ സേനയും പങ്കെടുക്കുന്ന 36 മണിക്കൂര്‍ പരിപാടിയായിരിക്കും.
മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് നാവികസേന സഹായം നല്‍കുന്നില്ലെന്ന പ്രചാരണം ശരിയല്ല. ഓഖി ദുരന്തമുണ്ടായപ്പോള്‍ നൂറുകണക്കിനു പേരെ ആരാണ് രക്ഷിച്ചത്? മാസങ്ങളോളം രക്ഷാ-സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് നേവിയാണ്. 500 നോട്ടിക്കല്‍ മൈല്‍ ആഴക്കടലില്‍ തിരച്ചില്‍ നടത്തി. ചിലര്‍ നല്കിയ വിവരങ്ങള്‍ പ്രകാരം, അറേബ്യന്‍ കടലില്‍ ഒമാന്‍ വരെ തിരച്ചില്‍ നടത്തി, അദ്ദേഹം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: