ചാരുംമൂട്(ആലപ്പുഴ): സുപ്രീംകോടതി വിധി തള്ളി, യാക്കോബായ വിഭാഗത്തിന്റെ ആവശ്യം പിണറായി സര്‍ക്കാര്‍ അംഗീകരിച്ചു. പതിനൊന്നു ദിവസം നീണ്ട തര്‍ക്കത്തിനൊടുവില്‍ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ വൃദ്ധന്റെ മൃതദേഹം സംസ്ക്കരിച്ചു. യാക്കോബായ വൈദികര്‍ പള്ളിയില്‍ കയറി സംസ്കാര ശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.
കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യുവി(95)ന്റെ സംസ്ക്കാര ശുശ്രൂഷയാണ് ഇന്നലെ രാവിലെ 7.30ന് ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പള്ളിയില്‍ നടന്നത്. സുപ്രീംകോടതി വിധിയുള്ളതിനാല്‍ യാക്കോബായ വിഭാഗം വൈദികരെ പള്ളിയില്‍ പ്രവേശിപ്പിക്കാതെ തങ്ങളുടെ വൈദികരുടെ ശുശ്രൂഷയില്‍ സംസ്കാരം നടത്തണമെന്ന നിലപാട് ഓര്‍ത്തഡോക്സ് പക്ഷം സ്വീകരിച്ചതാണ് സംസ്ക്കാരം ഇത്രയും ദിവസം വൈകാന്‍ ഇടയാക്കിയത്.
എന്നാല്‍, മരിച്ച വര്‍ഗീസ് മാത്യുവിന്റെ ചെറുമകനായ യാക്കോബായ വിഭാഗം വൈദികനും കൊല്ലം ഭദ്രാസന സെക്രട്ടറിയുമായ ഫാ. ജോര്‍ജി ജോണിനെ പള്ളിയില്‍ പ്രവേശിപ്പിച്ച് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ അവസരം നല്‍കണമെന്നാണ് യാക്കോബായ വിഭാഗം തുടക്കം മുതല്‍ ആവശ്യപ്പെട്ടത്. വൈദിക വേഷം ഒഴിവാക്കി ഫാ. ജോര്‍ജി ജോണിന് പള്ളിയില്‍ പ്രവേശിക്കുന്നതിന് തടസമില്ലായെന്ന് ഓര്‍ത്തഡോക്സ് വിഭാഗവും നിലപാടെടുത്തു.
പള്ളികള്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സുപ്രീംകോടതി വിധി നടപ്പിലാകാത്തതു മൂലം തല്‍സ്ഥിതി നിലനില്‍ക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം മൃതദേഹം സംസ്ക്കരിക്കാന്‍ കര്‍ശനം നിര്‍ദേശം നല്‍കുകയായിരുന്നു. വൈദിക വേഷത്തില്‍ തന്നെ ഫാ. ജോര്‍ജി ജോണിന് പള്ളിയില്‍ പ്രവേശിച്ച് അന്ത്യശുശ്രൂഷ നടത്താന്‍ അനുമതി നല്കി. കൂടാതെ കുരിശടിയില്‍ യാക്കോബായ വിഭാഗത്തിലെ അഞ്ചു വൈദികര്‍ക്കും പ്രവേശനം നല്കി. സ്ഥലത്ത് ഓര്‍ത്തഡോക്സ് പക്ഷത്തിന്റെ എതിര്‍പ്പുകളൊന്നുമുണ്ടായില്ല. പ്രശ്നസാധ്യത കണക്കിലെടുത്ത് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം പോലീസുകാരെ പള്ളിപ്പരിസരത്ത് വിന്യസിച്ചിരുന്നു. ജില്ലാ കളക്ടര്‍ എസ്. സുഹാസും കട്ടച്ചിറയില്‍ എത്തിയിരുന്നു.
പതിനൊന്നു ദിവസമായി മൃതദേഹം സംസ്ക്കരിക്കാന്‍ കഴിയാതെ മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു വച്ചിരിക്കുന്നത് ഏറെ വിവാദമാകുകയും സംസ്ഥാന, ദേശീയ മനുഷ്യാവകാശ കമ്മീഷനുകള്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. പ്രദേശത്ത് ഇപ്പോഴും നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: