തിരുവനന്തപുരം: പ്രളയസമയത്ത് അതുല്യ സേവനത്തിന്റെ ചരിത്രം രചിച്ച സേവാഭാരതിക്ക് സമൂഹത്തില്‍ നിന്ന് ലഭിച്ച സ്നേഹവും പിന്തുണയും കലവറയില്ലാത്തതായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനും ശുചീകരണജോലികള്ക്കും കൈമെയ് മറന്ന് പ്രവര്‍ത്തിച്ച ആയിരക്കണക്കിന് സേവാഭാരതി പ്രവര്‍ത്തകരുടെ നന്മ തിരിച്ചറിഞ്ഞ് സഹായവുമായി എത്തിയവര്‍ ഏറെ.
സാമ്പത്തിക സഹായത്തിന്റെ കാര്യമാണെങ്കില്‍ ഏറ്റവും വലിയ തുക നല്‍കിയത് സുധാ മൂര്‍ത്തിയാണ്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ ഭാര്യ പത്മശ്രീ സുധാ മൂര്‍ത്തി. ഒന്നരക്കോടി രുപയാണ് ദുരിതാശ്വാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സേവാഭാരതിക്ക് നല്‍കിയത്. പണത്തിന്റെ വലുപ്പത്തേക്കാള്‍ സേവാഭാരതിക്ക് നല്കിയ വലിയൊരു അംഗീകാരം കൂടിയായിരുന്നു ഇന്‍ഫോസിസ് ട്രസ്റ്റിന്റെ വന്‍ സഹായം. കേരളത്തില്‍ യഥാര്‍ത്ഥ സേവനപ്രവര്‍ത്തനം നടത്തുന്നത് സേവാഭാരതി ആണെന്ന് തിരിച്ചറിഞ്ഞ് സുധാ മൂര്‍ത്തി നേരിട്ട് പിന്തുണ നല്‍കുകയായിരുന്നു.
”ഞാന്‍ സുധാ മൂര്‍ത്തി, ഇന്‍ഫോസിസ് നാരായണ മൂര്‍ത്തിയുടെ ഭാര്യ. ഗുരുമൂര്‍ത്തി പറഞ്ഞിട്ടാണ് ബന്ധപ്പെടുന്നത്. സേവാഭാരതിയെ പിന്തുണയ്ക്കണമെന്നുണ്ട്. എപ്പോള്‍ വിളിക്കണം?” – തന്റെ മൊബൈലിലേക്ക് വന്ന സന്ദേശം ചാര്‍ട്ടേണ്ട് അക്കൗണ്ടന്റും സ്വദേശി ജാഗരണ്‍മഞ്ച് കണ്‍വീനറുമായ രഞ്ചിത് കാര്ത്തികേയന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഉടന്‍ തിരിച്ചുവിളിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സേവാഭാരതിയുടെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപയെത്തി. തുടര്‍ന്ന് കേരളത്തിലെത്തി സുധാ മൂര്‍ത്തി സേവാഭാരതിയുടെ പ്രവര്‍ത്തനം വിലയിരുത്തി.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ കൂടി സേവാഭാരതിക്ക് നല്‍കുന്നതായും അറിയിച്ചു. ഒരു നിബന്ധന മാത്രം വച്ചു. വനവാസി മേഖലയില്‍ പെണ്‍കുട്ടികള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന പദ്ധതിയായിരിക്കണം. സമയബന്ധിതമായി തീര്‍ക്കണം. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മരിച്ച സേവാഭാരതി പ്രവര്‍ത്തകരുടെ കുടുബങ്ങള്‍ക്ക് ധനസഹായവും സുധാ മൂര്‍ത്തി പ്രഖ്യാപിച്ചിരുന്നു.
സുധാ മൂര്‍ത്തിയുടെ പിന്തുണ സേവാഭാരതിക്കും പ്രചോദനമായി. ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ പദ്ധതികളുടെ രൂപരേഖ തയാറാക്കി.
പാലക്കാട് അട്ടപ്പാടിയിലെ ചോളയൂര്, വയനാടിലെ നൂല്പുഴ എന്നീ പഞ്ചായത്തുകളിലാണ് പരിപാടി നടപ്പാക്കുക. തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിനും കായികവിദ്യാഭ്യാസത്തിനും ഊന്നല്‍ നല്‍കിയുള്ള പദ്ധതി റിപ്പോര്‍ട്ടാണ് തയാറാക്കിയത്.
ഇന്‍ഫോസിസ് ട്രസ്റ്റിന്റെ അന്തിമ അംഗീകാരം ലഭിച്ചാലുടന്‍ പദ്ധതി നടപ്പാക്കുമെന്ന് സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡി. വിജയന് പറഞ്ഞു. ഇന്‍ഫോസിസ് പോലുള്ള വലിയൊരു സ്ഥാപനം വിശ്വാസപൂര്‍വം ഏല്‍പ്പിച്ച ദൗത്യം ചലഞ്ചായി ഏറ്റെടുത്ത് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: