പത്തനംതിട്ട: കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്. കുമാര്‍. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു അടക്കമുള്ള പ്രവര്‍ത്തകരെ കള്ളക്കേസ് ചുമത്തി ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട മിനിസിവില്‍ സ്റ്റേഷന് മുന്നില്‍ വായ് മൂടിക്കെട്ടി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ യുവതീ പ്രവേശനത്തിലൂടെ സാമൂഹ്യമാറ്റം വരുത്തി എന്ന ആത്മവിശ്വാസം ഉണ്ടെങ്കില്‍ രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പിണറായി തയാറാകണം. അയ്യപ്പഭക്തരുടെ നെഞ്ചില്‍ ചവിട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നത്. വിശ്വാസം സംരക്ഷിക്കാന്‍ ഭക്തര്‍ക്കൊപ്പം നിലകൊള്ളുന്ന ബിജെപി പ്രവര്‍ത്തകരെ വ്യാപകമായ അറസ്റ്റുകൊണ്ട് പിന്തിരിപ്പിക്കാനാകില്ല.
സര്‍ക്കാര്‍ അങ്കലാപ്പിലാണെന്നതിന്റെ തെളിവാണ് വ്യാപകമായ അറസ്റ്റും കള്ളക്കേസ് ചുമത്തുന്നതും. ഇത് അപകടകരമായ സാഹചര്യം ഉണ്ടാക്കും. പാവപ്പെട്ട അയ്യപ്പഭക്തരെ ഭീഷണിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അറസ്റ്റുമായി പോലീസ് ഇറങ്ങിയിരിക്കുന്നത്. കൊലപാതക കേസില്‍ പ്രതിയായ ഡിവൈഎസ്പിയെ അഞ്ച് ദിവസമായിട്ടും പിടികൂടാന്‍ കഴിയാത്ത പോലീസാണ് ശരണം വിളിക്കുന്ന ഭക്തരെ വീടുകയറി അറസ്റ്റ് ചെയ്യുന്നത്.
സന്നിധാനത്ത് ആചാര സംരക്ഷണത്തിന് എത്തിയ ഭക്തരെ ശാന്തരാക്കാന്‍ ആര്‍എസ്എസ് നേതാവിന്റെ കാലുപിടിക്കേണ്ട ഗതികേട് കേരളാ പോലീസിന് ഉണ്ടായത് മറക്കരുതെന്നും എം.എസ്. കുമാര്‍ പറഞ്ഞു. യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി വിഷ്ണു മോഹന്‍ അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: