കൃഷ്ണനഗരമായ ദ്വാരക ജനിച്ചതിനെക്കുറിച്ച് മഹാഭാഗവതം ദശമസ്കന്ധത്തില്‍ ഇങ്ങനെ പറയുന്നു- ”അങ്ങനെ സമുദ്ര മധ്യത്തിലായിക്കൊണ്ട് അതിമനോഹരമായ ഒരു നഗരം അത്യാശ്ചര്യകരമായ വേഗത്തില്‍ നിര്‍മിക്കപ്പെട്ടു. നാനാഗൃഹങ്ങളും വീഥികളും രമ്യമന്ദിരങ്ങളും സഭാതലങ്ങളും അങ്കണങ്ങളും ഉപവനങ്ങളും ചേര്‍ന്നതും അതിമനോഹരവും പന്ത്രണ്ടുയോജന വിസ്താരത്തോടുകൂടിയതുമായിരുന്നു ആ പുരം…”
മഹാഭാഗവതത്തിലും മഹാഭാരതത്തിലും വിഷ്ണുപുരാണത്തിലുമൊക്കെയുണ്ട് ഈ പുരത്തിന്റെ വിശേഷങ്ങള്‍. കൊട്ടും കൊടിമരവും കൂറ്റന്‍ കോട്ടകൊത്തളങ്ങളും നിറഞ്ഞ ഒരു മഹാനഗരം. മുത്തും രത്നങ്ങളുംകൊണ്ട് അലങ്കരിച്ച മന്ദിരങ്ങള്‍. പക്ഷേ ഭഗവാന് സ്വര്‍ഗാരോഹണം ചെയ്ത നിമിഷം കൊടുങ്കാറ്റടിച്ചു. ഇടിമുഴങ്ങി. കടല്‍ ഇളകി മറിഞ്ഞു. ദ്വാപരയുഗത്തിന്റെ ആ അവസാന സന്ധ്യയില്‍ അലയാഴി ദ്വാരകാപുരിയെ വിഴുങ്ങി.
നിലയ വിദ്വാന്മാരായ ബുദ്ധിജീവികള്‍ക്കും അവസരവാദികളായ മഹാചരിത്രകാരന്മാര്ക്കും അതൊക്കെ ഒരു മുത്തശ്ശിക്കഥ മാത്രമായിരുന്നു. കുരുക്ഷേത്ര യുദ്ധത്തെ കുടുംബവഴക്കെന്ന് ചിത്രീകരിക്കുകയും, രാമസേതുവും ദ്വാരകയുമൊക്കെ നാടോടിക്കഥയാണെന്ന് പ്രസംഗിക്കുകയും ചെയ്യുന്നതില്‍ അവര്‍ ആനന്ദം കണ്ടെത്തി. പക്ഷേ സത്യം ഉയിര്ത്തെഴുന്നേല്ക്കുക തന്നെ ചെയ്തു. ശാസ്ത്രം ചരിത്രത്തെ കണ്ടെത്തിയെന്നു പറയുന്നതാവും കൂടുതല്‍ ശരി. ഗുജറാത്തിലെ ദ്വാരകാനഗരത്തില്നിന്ന് ഏതാനും കാതമകലെ അറബിക്കടലിന്റെ അടിത്തട്ടിലാണ് ശാസ്ത്രം ദ്വാരകാപുരിയെ കണ്ടെത്തിയത്.
ഇനിയും നശിക്കാത്ത കോട്ട-കൊത്തളങ്ങളും കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളുമാണ് കടലിനടിയില്‍ മറൈന്‍ ആര്‍ക്കിയോളജിസ്റ്റുകള്‍ (സമുദ്ര ഉദ്ഖനന വിദഗ്ദ്ധര്‍) കണ്ടെത്തിയതത്രെ. ഇനിയും തകരാത്ത വളച്ചുവാതിലുകളും കല്പ്രതിമകളും സുധര്‍മ്മ മന്ദിരവും കമനീയമായി കെട്ടി ഉയര്‍ത്തിയ കല്‍പ്പടവുകളുമെല്ലാം പായലും പവിഴപ്പുറ്റുകളും മൂടി കടലിനടിയില്‍ വിശ്രമിക്കുന്നു. ശാസ്ത്രീയമായി ആറ് ഖണ്ഡങ്ങളായി വിഭജിച്ചാണ് വാസഗേഹങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. അവയ്ക്കു ചുറ്റും മണല്പ്പാറകൊണ്ടുള്ള മതില്‍ക്കെട്ടുമുണ്ട്.
അതിനുമപ്പുറത്ത് പൊയ്പോയ കാലത്തെ വമ്പന്‍ തുറമുഖത്തിന്റെ സ്മാരകമെന്നോണം ചിതറിക്കിടക്കുന്ന കരിങ്കല്‍ നങ്കൂരങ്ങള്‍. ശിലാലിഖിതങ്ങളും ചെമ്പ്-പിച്ചള, ഇരുമ്പ് ഉപകരണങ്ങളും കാലമറിയാത്ത ചെമ്പ് നാണയങ്ങളും കടലിനടിയിലെ ദ്വാരകയില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അത്യാധുനിക കാലഗണനാ സമ്പ്രദായമായ റേഡിയോ കാര്‍ബണ്‍ ഡേറ്റിങ് ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ അവയുടെ എല്ലാം ശരാശരി പ്രായം 6000 വര്‍ഷം…
ഗോമതീ തീരത്ത് നിലവിലുള്ള ദ്വാരകാധീശ ക്ഷേത്രം മുതല്‍ ഇപ്പോള്‍ ദ്വാരക കണ്ടെത്തിയ ഇടംവരെ ചെറിയ തോതിലെങ്കിലും ഉത്ഖനനം നടത്തിയത് പൂന ഡക്കാണ് കോളജിലെ ആര്‍ക്കിയോളജി വകുപ്പാണ്. ഏതാണ്ട് 40 വര്‍ഷം മുന്‍പ് ഗവേഷകനായ എച്ച്.ഡി. സങ്കാലിയയുടെ നേതൃത്വത്തിലായിരുന്നു പര്യവേക്ഷണം. 1984 മുതല്‍ ഗവേഷണത്തിന്റെ നേതൃത്വം പ്രമുഖ അണ്ടര്‍വാട്ടര്‍ ആര്‍ക്കിയോളജിസ്റ്റ് എസ്.ആര് റാവുവിന്റെ മേല്നോട്ടത്തിലായി. സ്കൂബാ കവചങ്ങളും അണ്ടര്‍വാട്ടര്‍ സ്കൂട്ടറുകളും സൈഡ് സ്കാന്‍ സോണാറുകളുമൊക്കെ ഉപയോഗിച്ചായിരുന്നു അവരുടെ അന്വേഷണം. ലഭ്യമായ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ദ്വാരകാനഗരത്തെ ഡിജിറ്റല്‍ സഹായത്തോടെ പുനഃസൃഷ്ടിക്കാനും ഗവേഷകര്‍ക്ക് സാധിച്ചു. ഒരുപക്ഷേ ലോകത്തെ അറിയപ്പെടുന്ന ഏറ്റവും പഴക്കമേറിയ ജനപദമെന്ന പദവി ദ്വാരകാപുരിക്കായിരിക്കുമെന്ന് പാശ്ചാത്യ ഗവേഷകരും സംശയിക്കുന്നു.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അണ്ടര്‍ വാട്ടര്‍ ആര്‍ക്കിയോളജി വിഭാഗം ഗുജറാത്ത് തീരത്തെ കടലിനടിയില്‍ അരിച്ചുപെറുക്കിയത് ഏറെ കഷ്ടതകള്‍ സഹിച്ചാണ്. കാരണം അവിടെ സമുദ്രം സദാ പ്രക്ഷുബ്ധമാണ്. നവംബര്‍-ഫെബ്രുവരി കാലത്തുമാത്രമേ കടലിനടിയില്‍ ഇറങ്ങാനാവൂ. അതും നന്നായി തെളിഞ്ഞ ദിവസങ്ങളില്‍. വേലിയിറക്കത്തിന്റെ സമയത്തു മാത്രം. വര്‍ഷത്തില്‍ 40 ദിവസം മാത്രമാണ് ഇത്തരത്തിലുള്ള ദിവസങ്ങള്‍ ഒത്തുകിട്ടുക. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി കടലിലെ മാലിന്യം തേടി ഗുജറാത്ത് തീരത്ത് നടത്തിയ പര്യവേക്ഷണത്തിലും 6000 വര്ഷത്തിനുമേല് പഴക്കമുള്ള നഗരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ഇവിടെ കൂട്ടിവായിക്കണം.
ദ്വാരക ഗവേഷണത്തിനായി തന്റെ സകല ഊര്‍ജവും ഉഴിഞ്ഞുവച്ച ഡോ. എസ്. ആര്. റാവു കടലിനടിയിലെ പുണ്യനഗരത്തെ പാരമ്പര്യ തീര്‍ത്ഥാടന-വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കേന്ദ്രസര്‍ക്കാരിന് പദ്ധതി സമര്‍പ്പിച്ചിരുന്നു. അവിടെ കൂടുതല്‍ പര്യവേക്ഷണം നടത്തണമെന്നും, കടലിനടിയിലേക്കിറങ്ങി അണ്ടര്‍വാട്ടര്‍ അക്രിലിക് ട്യൂബുകളോ വ്യൂയിങ് ചേംബറുകളോ സ്ഥാപിച്ച് ദ്വാപരയുഗത്തിന്റെ തിരുശേഷിപ്പ് കാണാന്‍ തീര്‍ത്ഥാടകര്‍ക്ക് അവസരമൊരുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ചരിത്രശേഷിപ്പുകളുടെ മാരിടൈം മ്യൂസിയം സ്ഥാപിക്കണമെന്നും ഇതിനെ യുനെസ്കോ പൈതൃകകേന്ദ്രമാക്കാന് വേണ്ടതു ചെയ്യണമെന്നും റാവു തന്റെ പദ്ധതിരേഖയില്‍ ആവശ്യപ്പെട്ടു. പക്ഷേ അധികാരികള്‍ അത്ഭുതകരമാംവിധം മൗനം അവലംബിച്ചു!
ഈ പുണ്യഭൂമിയെ അവഗണിക്കാന്‍ ഭാരതീയരായ നമുക്ക് ഒരിക്കലും കഴിയില്ല. ശാസ്ത്രത്തിന്റെ മുന്നേറ്റം അതിന് സമ്മതിക്കുകയുമില്ല- നിറം നോക്കി ചരിത്രം എഴുതുന്നവര്‍ ഈ തിരുേശഷിപ്പിനെ ‘ദ്വാരക’യെന്ന് വിളിച്ചാലും, ഇല്ലെങ്കിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: