സന്നിധാനം: ആയിരത്തഞ്ഞൂറിലധികം പോലീസുകാര്‍ ഉണ്ടായിട്ടും സന്നിധാനത്തിന്റെ സുരക്ഷയും നിയന്ത്രണവും ഏറ്റെടുത്ത ഭക്തര്‍ അയ്യപ്പസ്വാമിയുടെ അവകാശം തങ്ങള്‍ക്കുമാത്രമാണെന്നു പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ പ്രായത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഭക്തര്‍ പരിഭ്രാന്തരായി സംഘടിച്ചപ്പോള്‍ പോലീസ് പിന്‍വാങ്ങി. ഭക്തര്‍ സംഘടിച്ചതോടെ പോലീസ് ശബരിമല കര്‍മസമിതി നേതാക്കളെ സമീപിച്ചു. അവര്‍ ഇടപെട്ടാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.
ഇന്നലെ രാവിലെ ഏഴരയോടെ യുവതി സന്നിധാനത്ത് പ്രവേശിക്കാനെത്തിയെന്ന സംശയത്തെ തുടര്‍ന്നാണ് ഭക്തര്‍ നാമജപവുമായി സംഘടിച്ചത്. നടപ്പന്തലില്‍ തടഞ്ഞതോടെ ഭക്തയെ സന്നിധാനത്തെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഈ സമയം ഭക്തര്‍ പതിനെട്ടാം പടിക്ക് സമീപവും പോലീസ് സ്റ്റേഷന് മുന്നിലും പ്രതിരോധം തീര്‍ത്തു. സ്ഥിതി നിയന്ത്രിക്കാനാകാതെ വന്നതോടെ സന്നിധാന സുരക്ഷാച്ചുമതലയുള്ള എസ്പി കര്‍മസമിതി നേതാവ് വത്സന് തില്ലങ്കേരിയെ സമീപിച്ചു. തുടര്‍ന്ന് വത്സന് തില്ലങ്കേരി ഭക്തരോട് സംസാരിച്ചാണ് പ്രശ്നം പരിഹരിച്ചത്.
ഭക്തരോട് സംസാരിക്കാന്‍ പോലീസ് അവരുടെ മൈക്രോഫോണ്‍ തില്ലങ്കേരിക്ക് നല്കി. പോലീസ് തന്നെ മൈക്രോഫോണും തൂക്കി അദ്ദേഹത്തോടൊപ്പം നിന്നു. തില്ലങ്കേരി എത്തിയതോടെ ഭക്തര്‍ ശാന്തരായി. ഒരുവിധത്തിലും ആചാരലംഘനത്തിന് അനുവദിക്കില്ലെന്ന് അദ്ദേഹം ഉറപ്പ് നല്കി. അക്രമമല്ല, ഭക്തര്‍ക്ക് വേണ്ട സഹായവും സൗകര്യവുമൊരുക്കലാണ് നമ്മുടെ ലക്ഷ്യം. നിലയ്ക്കലും പമ്പയിലും മരക്കൂട്ടത്തുമുള്ള ഭക്തരുടെ പ്രാര്‍ഥനയെ അവഗണിച്ച് ഒരാള്‍ക്കും സന്നിധാനത്ത് എത്താനാകില്ല. അതിനാല്‍ പരിഭ്രാന്തിയുടെ ആവശ്യമില്ല.
നമ്മളെ പരിഭ്രാന്തരാക്കി കലാപം അഴിച്ചുവിടാന്‍ ചിലര്‍ നമുക്കിടയില്‍ നുഴഞ്ഞ് കയറിയിട്ടുണ്ട്. അവരുടെ വലയില്‍ വീഴണമോ എന്ന ചോദ്യത്തിന് വേണ്ട എന്ന മറുപടി ഒരായിരം കണ്ഠങ്ങളില്‍ നിന്ന് ഉയര്‍ന്നപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥര്‍ ശ്വാസംവിട്ടത്. സന്നിധാനം പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിവരെ അനുനയിപ്പിച്ചശേഷം അദ്ദേഹം പതിനെട്ടാംപടിക്കു സമീപം കൂടി നിന്നവരോടും പോലീസിന്റെ മൈക്കില്‍ തന്നെ സംസാരിച്ചു. തുടര്‍ന്നാണ് ഭക്തര്‍ പരിഭ്രാന്തി മാറി ഭജന ആരംഭിച്ചത്.
കുടിവെളളവും വൈദ്യുതിയും വിച്ഛേദിച്ച നടപടിയും കര്‍മസമിതി നേതാക്കള്‍ ഇടപെട്ടാണ് പരിഹരിച്ചത്. വത്സന് തില്ലങ്കരിയും കെ. സുരേന്ദ്രനും അടക്കമുള്ളവര്‍ ദേവസ്വം കമ്മീഷണറുമായി ചര്‍ച്ച നടത്തി. നടപ്പന്തലില്‍ വിരിവെക്കാനുള്ള സമ്മതവും നേതാക്കള്‍ ഇടപെട്ടാണ് നേടിയെടുത്തത്.
വത്സന് തില്ലങ്കേരി മൈക്ക് ഉപയോഗിച്ചത് സമാധാന ശ്രമത്തിന്: മുഖ്യമന്ത്രി
കോഴിക്കോട്: ശബരിമല പോലീസിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊയിലാണ്ടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല ക്ഷേത്രത്തില്‍ പോലീസ് തന്നെയാണ് കാര്യങ്ങള്‍ നടത്തിയതെന്നും ക്ഷേത്ര സന്നിധിയില്‍ പെട്ടെന്നുണ്ടായ പ്രതിഷേധം ഇല്ലാതാക്കാനാണ് ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി പോലീസിന്റെ മൈക്രോഫോണിലൂടെ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ ഉണ്ടായ പ്രതിഷേധം ശമിപ്പിക്കാനാണ് പോലീസ് ശ്രമിച്ചത്. ശബരിമല സന്നിധാനം ശാന്തമായി നില്‍ക്കേണ്ട സ്ഥലമാണ്. അത് നിലനിര്‍ത്താനാണ് പോലീസ് ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: