പരമ്പരാഗതമായി നമ്മുടെ മന്ത്രിമാരെക്കുറിച്ചുള്ള മലയാളിയുടെ ധാരണയാണ് വനംവകുപ്പു മന്ത്രി കെ.രാജു കാട്ടിത്തന്നതെന്നാണോ വിശ്വസിക്കേണ്ടത്. കേരളീയര്‍ക്ക് മാതൃകാപരമായി പ്രവര്‍ത്തിച്ചവര്‍ ഉണ്ടായിട്ടുണ്ട്. അവര്‍ പക്ഷേ, അപൂര്‍വമായിരുന്നുവെന്നു മാത്രം. കേരളത്തിലെ മഹാപ്രളയകാലത്തു തന്നെ ജര്‍മനിയില്‍ ആഘോഷം കണ്ടെത്തിയ മന്ത്രി രാജു സ്വന്തം പാര്‍ട്ടിക്കുമാത്രമല്ല കേരളത്തിനാകെ നാണക്കേടായി മാറിയിരിക്കുകയാണ്. തോരാവേദനയുടേയും തീരാനഷ്ടങ്ങളുടേയും ദുരന്തമാണ് പ്രളയം ഉണ്ടാക്കിയതെങ്കില്‍ രാജു മാനക്കേടിന്റെ ദുരന്തമായി മാറിയിരിക്കുന്നു. ഇദ്ദേഹത്തിന്റെ രാജി പാര്‍ട്ടി തന്നെ ആവശ്യപ്പെടുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തില്‍ ധാര്‍മിക രോഷത്തിലാണെന്നറിയുന്നു.
കെ.രാജുവിന്റെപോലെ അല്പന്റെ മാനസികാവസ്ഥ ഉള്ളവര്‍ പലരും നമ്മെ ഭരിച്ചിട്ടുണ്ട്. ഏറിയും കുറഞ്ഞും എന്നുമാത്രമേ വ്യത്യാസമുള്ളൂ. എന്നാല്‍ രാജുവിനെ ക്രൂരനായ കോമാളിയാക്കുന്നത് പാര്‍ട്ടി തിരിച്ചുവിളിച്ചിട്ടുപോലും കേരളത്തിലേക്കു വരാന്‍ കൂട്ടാക്കിയില്ല എന്നതാണ്. തിരിച്ചുവന്നപ്പോള്‍ തന്നെ ന്യായീകരിച്ചുകൊണ്ട് രാജിയുടെ ആവശ്യമില്ലെന്ന് ഇദ്ദേഹം പറയുന്നു. ഒരാള്‍ മന്ത്രിയാകുന്നതും രാജിവേണ്ടായെന്നും അയാള്‍തന്നെ തീരുമാനിക്കുന്നത് ജനാധിപത്യത്തിന്റെ ഏത് ചെലവിലാണെന്നു മനസിലാകുന്നില്ല. ആഡംബരത്തിന്റെ ധാരാളിത്തത്തോടെ ജീവിതം സുഖിച്ചുകഴിയാനുള്ള അലങ്കാര പദവിയായിട്ടാണ് മന്ത്രി സ്ഥാനത്തെ രാജുവിനെപ്പോലുള്ളവര്‍ കരുതുന്നത്. മന്ത്രിയാകുമ്പോള്‍ മാത്രം കിട്ടാവുന്ന ഇത്തരം സുഖയാത്രകളും മറ്റും പ്രളയമാണെങ്കിലും താനായിട്ടെന്തിന് മാറ്റിവെക്കണം എന്ന് മന്ത്രി രാജുവിലെ വ്യക്തി വിചാരിച്ചുകാണണം. പ്രളയത്തില്‍ ദരന്തം അനുഭവിക്കുന്നത് താനല്ല മറ്റുള്ളവരാണല്ലോ എന്നാണോ ഈ മനുഷ്യ വിരോധി കരുതുന്നത്. എന്താണ് രാജുവിനെപ്പോലുള്ളവര്‍ക്ക് മന്ത്രിയാകാനുള്ള യോഗ്യത. പാര്‍ട്ടിക്കാരനായി ത്യാഗവും സഹനവും നടത്തിയെന്നോ. ജനങ്ങള്‍ വോട്ടുചെയ്തു വിജയിപ്പിച്ചെന്നോ. അങ്ങനെയെങ്കില്‍ ജനത്തിനൊപ്പം നില്‍ക്കേണ്ടേ. പ്രളയദുരന്തത്തില്‍ നീരാടിയ കോട്ടയം ജില്ലയുടെ ചുമതലക്കാരനായിരുന്നു രാജു. മനുഷ്യനായില്ലെങ്കില്‍ മന്ത്രിയായിട്ടെന്തുകാര്യം. എന്തിന് ഇത്തരം മാരണങ്ങളെ കേരളം ചുമക്കണം. മന്ത്രിമാര്‍ രാജിവെച്ചും തിരിച്ചുവന്നും ആകെ അഴകൊഴമ്പ് പരുവമായിത്തീര്‍ന്നിരിക്കുന്ന പിണറായി മന്ത്രി സഭയിലാണ് മന്ത്രി രാജു പുതിയ വേഷം കെട്ടിയാടുന്നത്. ഇങ്ങനേയും ഒരു കമ്മ്യൂണിസ്റ്റ്!
രാജു രാജിവെച്ചാല്‍ പകരം മന്ത്രിയാകാന്‍ കുപ്പായം മനസില്‍ തയ്പ്പിച്ച് ഒരാളിരിപ്പുണ്ട്്, സാക്ഷാല്‍ സി. ദിവാകരന്. മന്ത്രിയാക്കാത്തതിന്റെ കുനിഷ്ടും കുന്നായ്മയും തിങ്ങിവിങ്ങി ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയിലാണ് ഈ മുന്‍ മന്ത്രി. സിനിമാ നടനെപ്പോലെ മുഖത്തു മേയ്ക്കപ്പിട്ടോ എന്നു തോന്നുമാറും അഹങ്കാരവും പുഛവും മുദ്രയുമാക്കിയ ദിവാകരന് പണ്ടത്തെ ഇടതു മന്ത്രിസഭയില്‍ രാജുവിനെക്കാള്‍ ബഹു കോമാളിയായിരുന്നു. ഭക്ഷണം ഒന്നുമില്ലെങ്കിലെന്താ ചിക്കനും മുട്ടയും കഴിക്കാമല്ലോയെന്ന് മന്ത്രിക്കസേരയിലിരുന്നു കേരളിയരെ മൊത്തം പരിഹസിച്ച കോമാളി കമ്മ്യൂണിസ്റ്റാണ്് ദിവാകരനെന്ന് കാനം മറന്നുപോയാലും ജനം മറന്നിട്ടില്ല. സിപിഐയിലെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത മന്ത്രിയെന്ന് വിശേഷണമുള്ള പി.തിലോത്തമന്റെ ഒഴിവുകാത്തിരുന്ന് ദിവാകരന് മടുത്തപ്പോഴാണ് ഇങ്ങനെയൊരു സുവര്‍ണ്ണാവസരം വന്നു ഭവിച്ചത്. കണ്ടതല്ല ഇനി കാണാനിരിക്കുന്നതാകുമോ പൂരം! ഇങ്ങനേയും ഒരു മന്ത്രി ഉണ്ടായിരുന്നുവെന്ന് ചരിത്രം നാളെ പരിഹസിച്ചു പറയും. ആദര്‍ശത്തിന്റെ വലിയ പത്രാസ് പറയുന്ന കാനം രാജുവിനെ ഇനിയും മന്ത്രിയാക്കിക്കൊണ്ടു നടക്കുകയാണെങ്കില്‍ അത് കൊടുംപ്രളയം ബാധിച്ച കേരളത്തോടു ചെയ്യുന്ന മഹാപാതകമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: