തിരുവനന്തപുരം: വിവിധ സാങ്കേതിക വിദ്യകളിലും ബിസിനസ് മേഖലകളിലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കരുത്തു പകരാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ്യുഎം) ദി ഇന്‍ഡസ് ഓന്ട്രപ്രണേഴ്സിന്റെ (ടൈ) കേരള ചാപ്റ്ററും തമ്മില്‍ ധാരണയായി. കൊച്ചിയില്‍ ടൈ ഗ്ലോബല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ വിജയ് മേനോന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ കെഎസ്യുഎം സിഇഒ ഡോ. സജി ഗോപിനാഥും ടൈ പ്രസിഡന്റ് എം.എസ്.എ. കുമാറും ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരുടെ വിപുലമായ ശ്യംഖലയാണ് ടൈ. സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്ന ടൈ, നിക്ഷേപ-വ്യാപാര ബന്ധങ്ങള്‍ വര്‍ധിപ്പിക്കുകയും ബിസിനസ് വൈദഗ്ധ്യം പകരുകയും ചെയ്യുന്നു.
കെഎസ്യുഎമ്മുമായി രണ്ടുവര്‍ഷത്തെ ധാരണപ്രകാരം വിവിധ തലങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടൈ സഹായം നല്‍കും. സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും അവയുടെ ഉല്‍പ്പന്നത്തിന് വളര്‍ച്ച നേടിക്കൊടുക്കുകയും സ്റ്റാര്‍ട്ടപ്പുകളെ സ്ഥാപനങ്ങളാക്കി വളര്‍ത്തുകയും ചെയ്യും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടൈയുടെ ശൃംഖലയുമായി ബന്ധമുണ്ടാക്കും. കേരളത്തിലുടനീളം 1,800 സാങ്കേതികാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളുണ്ട്.
സ്റ്റാര്‍ട്ടപ് ആശയങ്ങളുടെ ശരിയായ തിരഞ്ഞെടുപ്പ്, വിലയിരുത്തല്‍, നിയമപരിശോധനയും സഹായവും എന്നിവയില്‍ കെഎസ്യുഎം ടൈയെ സഹായിക്കും. സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ടൈയ്ക്ക് പിന്തുണ ലഭ്യമാക്കും. മികച്ച സാധ്യതകളുള്ള സ്റ്റാര്‍ട്ടപ്പുകളെ കെഎസ്യുഎം ടൈയ്ക്ക് ശുപാര്‍ശ ചെയ്യും. ടൈ ഗ്ലോബല്‍ നടത്തുന്ന ഗ്ലോബല്‍ ലോഞ്ച് പാഡ് പ്രോഗ്രാമുകളുമായി കെഎസ്യുഎമ്മിനെ ബന്ധിപ്പിക്കും. കെഎസ്യുഎമ്മിന്റെ സഹകരണത്തോടെ ഈ മേഖലയിലെ പങ്കാളികളുമായി ചര്‍ച്ച ചെയ്ത് കേരളത്തിനായി മികച്ച സ്റ്റാര്‍ട്ടപ്പ് സംവിധാനം രൂപകല്‍പ്പന ചെയ്യുന്നതിനും ടൈ മുന്‍കൈയെടുക്കും. കെഎസ്യുഎമ്മിന്റെ വിവിധ സംരംഭക പദ്ധതികളില്‍ പങ്കാളിയാവുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: