പ്രശസ്ത കലാകാരന് കെ.കെ. വാര്യര്‍ അന്തരിച്ച വിവരം ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മകന് അനു നാരായണന് പറഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ തോന്നിയില്ല. അത്ര അടുപ്പമുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു വാര്യര്‍ മാസ്റ്ററുടേത്. പത്രക്കാരനും കലാകാരനും തമ്മിലുള്ള അടുപ്പവും മമതയും എന്ന തലത്തെക്കാള്‍ ആഴവും ദാര്‍ഢ്യവും ആ ബന്ധത്തിനു കൈവന്നിരുന്നു. ‘ജന്മഭൂമി’യുടെ ചുമതലയുമായി ഞാന്‍ എറണാകുളത്ത് താമസമാക്കിയ 1970-കളുടെ അവസാനമാണ് അദ്ദേഹത്തെ നേരിട്ടു പരിചയമായതെങ്കിലും, അതിനും ഒരു വ്യാഴവട്ടം മുന്‍പുതന്നെ മാസ്റ്ററുടെ സഹധര്‍മിണിയുടെ മാതാപിതാക്കളും സഹോദരങ്ങളുമായി അടുത്തബന്ധം സ്ഥാപിച്ചിട്ടുണ്ടായിരുന്നു. സംഘപ്രചാരകനായി ഞാന്‍ തലശ്ശേരിയില്‍ എത്തുന്നതിന് മുന്‍പുതന്നെ ആ കുടുംബം (നാരായണ വാര്യര്‍ മാസ്റ്ററുടെ കുടുംബം) തലശ്ശേരിയില്‍ തിരുവങ്ങാട്ടു താമസിച്ചു വന്നു. മക്കളില്‍ ജനാര്‍ദ്ദനനുമായിട്ടാണ് എനിക്ക് അടുപ്പമുണ്ടായത്. ജോലിയില്‍നിന്നു വിരമിച്ചപ്പോള്‍ കുടുംബസഹിതം അദ്ദേഹം മുഴക്കുന്നിലെ വീട്ടിലേക്കു മാറി. അവിടെ സംഘശാഖ ആരംഭിക്കാന്‍ ധര്‍മ്മടത്തെ സി. ചിന്നേട്ടന്‍ നടത്തിയ പരിശ്രമങ്ങള്‍ വിജയം കണ്ടപ്പോള്‍ ഞാനും അവിടെ ഇടയ്ക്കിടെ പോകുമായിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ജനാര്ദനന് എറണാകുളം മഹാരാജാസില്‍ എംഎയ്ക്കു ചേര്‍ന്നപ്പോള്‍ താമസിച്ചത് നേവല്‍ബേസ് കേന്ദ്രീയ വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകനായ സഹോദരീ ഭര്‍ത്താവ് കെ.കെ. വാര്യരുടെ കൂടെ ആയിരുന്നു. ആ അവസരത്തിലാണ് മാസ്റ്ററെ പരിചയമായത്. ചിത്രകലയുടെ വിവിധമേഖലകളിലുള്ള അദ്ദേഹത്തിന്റെ അഗാധ ജ്ഞാനവും പുതിയ രംഗങ്ങളില്‍ അറിവ് വര്‍ധിപ്പിക്കാനുള്ള ത്വരയും വിസ്മയകരമായിരുന്നു. ഫോട്ടോഗ്രാഫിയിലും അദ്ദേഹം തത്പരനായിരുന്നു.
1970-ല്‍ ഗുരുവായൂര്‍ ക്ഷേത്രം അഗ്നിബാധയില്‍ ചാമ്പലായപ്പോള് അവശേഷിച്ചത് ശ്രീകോവില്‍ മാത്രമായിരുന്നു. എന്നാല്‍ നാലമ്പലത്തില്‍ നിന്നുള്ള ചൂടേറ്റ് പുറംഭിത്തിയിലെ ചുവര് ചിത്രങ്ങള്‍ കരിഞ്ഞുപോയിരുന്നു. ക്ഷേത്ര ജീര്‍ണോദ്ധാരണ ശ്രമങ്ങള്‍ നടക്കുമ്പോള്‍, ആ ചിത്രങ്ങള്‍ വീണ്ടും വരയ്ക്കണമെന്ന ആശയം അധികൃതര്‍ക്കു വരികയും, അതിനായി ചുവര്ചിത്രകാരന്മാരെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. മമ്മിയൂര്‍ കൃഷ്ണന്‍കുട്ടിനായരും, വാര്യര്‍ മാസ്റ്ററും ശിഷ്യരും അവയുടെ മുഴുവന്‍ പുറരേഖകള് പകര്‍ത്തിയെടുത്തു സൂക്ഷിച്ചു. ശ്രീകോവില്‍ പണിപൂര്‍ത്തിയാക്കിയശേഷം ചിത്രങ്ങളൊക്കെ പരമ്പരാഗത ചുവര് ചിത്രശൈലിയില്ത്തന്നെ ആലേഖനം ചെയ്യുകയായിരുന്നു.
എന്നാല്‍ അവയിലെ ചില ചിത്രങ്ങള്‍ ആധുനിക ചിത്രസങ്കല്പനങ്ങള് ഉള്‍ക്കൊള്ളിച്ച് ചെയ്തു പരീക്ഷിക്കാന്‍ വാര്യര്‍ സാര്‍ താല്‍പ്പര്യം കാട്ടി. ചുവര് ചിത്രങ്ങള്‍ ദ്വിമാനദൃശ്യങ്ങളായി വരയ്ക്കുന്നതാണല്ലോ കേരളീയ രീതി. രണ്ടുചിത്രങ്ങള്‍ ആധുനിക ചിത്ര സങ്കല്പങ്ങള് ഉള്‍ക്കൊള്ളിച്ച് ചെയ്തു പരീക്ഷിക്കാന്‍ വാര്യര്‍ സാര്‍ താല്‍പ്പര്യം കാട്ടി. രണ്ടു ചിത്രങ്ങള്‍ അവിടെ ത്രിമാനമായി രചിക്കപ്പെട്ടുവെന്നും അതവിടെ വേറിട്ടുനില്‍ക്കുകയാണെന്നും, വേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യലബ്ധി, ക്ഷേത്രപ്രവേശനം എന്നിവയുള്‍പ്പെടെ കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിനിടെ ഹിന്ദുസമാജത്തിലുണ്ടായ അതിപ്രധാന സംഭവങ്ങള്‍, ക്ഷേത്ര ഉടമകളും ഭരണാധികാരിമാരുമായിരുന്ന, ജന്മി, നാടുവാഴി, പുരോഹിത വര്‍ഗങ്ങളുടെ യാഥാസ്ഥിതിക മനഃസ്ഥിതി എന്നിവ മൂലം ഒട്ടേറെ മഹാക്ഷേത്രങ്ങള്‍ അവഗണിക്കപ്പെട്ടു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം വര്‍ധിച്ചതിനനുസരിച്ച് നിരീശ്വരവാദവും അതിനു ശക്തി പകര്‍ന്നു. കമ്യൂണിസവും നിരീശ്വര ചിന്താഗതിയും ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് നമ്പൂതിരി സമുദായത്തെയായതും ആ അവഗണനയ്ക്കാക്കം കൂട്ടി. അതിന്റെ ഫലമായി നൂറുകണക്കിന് മഹാക്ഷേത്രങ്ങളിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അതിമനോഹരങ്ങളും ചൈതന്യവത്തുക്കളുമായ ചിത്രങ്ങള്‍ പ്രകൃതികോപവും കാറ്റും വെയിലും മൂലം നിറം മങ്ങിയും മറ്റുവിധത്തിലും നാശോന്മുഖമായി.
ഈ കലാസമ്പത്തിനെ വീണ്ടെടുക്കാനുള്ള ശ്രമമാരംഭിച്ചപ്പോഴാണ് നാശനഷ്ടങ്ങളുടെ ആഴം എത്രയുണ്ടെന്ന് വാര്യര്‍ മാസ്റ്റര്‍ക്കു ബോധ്യമായത്. അദ്ദേഹം സംരക്ഷിത ചുവര് ചിത്രങ്ങള്‍ എന്ന പേരില്‍ ഒരു കൈപ്പുസ്തകം തയ്യാറാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളില്‍ അതു വായിക്കുക: ”കിഴക്കേ ഗോപുരം ചുവര് ചിത്രങ്ങള്‍ മമ്മിയൂര്‍ കൃഷ്ണന് കുട്ടി നായരും ശിഷ്യരും, ശ്രീകോവില്‍ ചുവര് ചിത്രങ്ങള്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായര്‍, എം.കെ. ശ്രീനിവാസന്, കെ. കെ.വാര്യര്‍ എന്നിവരെ ദേവസ്വം ചുമതലപ്പെടുത്തുകയായിരുന്നു. ഏതു ഭാഗം എന്നത് നറുക്കിലൂടെയാണ് തീരുമാനിച്ചത്. തെക്കുവശം കെ.കെ. വാര്യരും ശിഷ്യരും, പടിഞ്ഞാറ് മമ്മിയൂര്‍ കൃഷ്ണന് കുട്ടി നായരും പട്ടാമ്പി കൃഷ്ണവാര്യരും, വടക്കുഭാഗം എം.കെ. ശ്രീനിവാസനും ശിഷ്യനും ചേര്‍ന്നാണ് നേരത്തെ തയ്യാറാക്കി വച്ച പകര്‍പ്പുകള്‍ ഉപയോഗിച്ചു പുനരാലേഖനം ചെയ്തത്. ആദ്യപടിയായി ചുവരുകള്‍ ചുരണ്ടിക്കൊണ്ടിരുന്നപ്പോള്‍ ഒരു മനോവിഷമം. പെട്ടെന്ന് ഒരാശയം മനസ്സില്‍ ഉദിച്ചു.
എങ്ങനെയെങ്കിലും ഇവ സംരക്ഷിക്കണം. മകന് ശശികുമാറിനും ഇതേ ആശയം. പലവിധ പരീക്ഷണങ്ങള്‍ തുടങ്ങി. ഗുരുക്കന്മാരുടെയും ഗുരുവായൂരപ്പന്റെയും അനുഗ്രഹം. അങ്ങനെ ചുവരില്‍ നിന്നും ചിത്രമെടുക്കുന്ന സാങ്കേതിക വിദ്യ ആദ്യമായി ഗുരുവായൂരില്‍ ജനിച്ചു.” ചുവരുകളിലുള്ള ചിത്രങ്ങള്‍ അങ്ങനെതന്നെ അടര്‍ത്തിയെടുത്തു സംരക്ഷിക്കാന്‍ മാസ്റ്റര്‍ ശ്രമം തുടങ്ങി. ഗുരുവായൂരിലെ അദ്ദേഹത്തിന്റെ വസതിയും സ്റ്റുഡിയോയുമൊക്കെ ആയ ചിത്രഗേഹത്തില് അപ്രകാരം സംരക്ഷിച്ച അനേകം ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു. അവയ്ക്കൊക്കെ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ അനുമതി പത്രവും നമ്പരും ലഭിച്ചിട്ടുണ്ട്. ഗുരുവായൂരിലെ ശിവന്റെ പ്രദോഷ നൃത്തവും ദക്ഷിണാമൂര്‍ത്തിയും കിരാത ശിവനും കിരാതിയും മറ്റും നമ്മെ വിസ്മയിപ്പിച്ചുകൊണ്ട് ചിത്രഗേഹത്തിലിരിക്കുന്നു!
വാര്യര്‍ മാസ്റ്ററുമായുള്ള വ്യക്തിബന്ധത്തെ പരാമര്‍ശിച്ചുകൊണ്ടാണല്ലോ ഈ പ്രകരണം തുടങ്ങിയത്. എന്റെ അമ്മ മരിച്ചപ്പോള്‍ വീട്ടില്‍ വയ്ക്കാന്‍ അവരുടെ ഒരു ഫോട്ടോ ഇല്ലാതെ വന്നു. ഒരു വിവാഹാവസരത്തിലെടുത്ത ചെറുചിത്രത്തില്‍ നിന്ന് അതു സൃഷ്ടിക്കാനാവുമോ എന്ന് മാസ്റ്ററോടാലോചിച്ചപ്പോള്, തനിക്ക് പോര്‍ട്രെയിറ്റ് വരയ്ക്കുന്നതിനോട് താല്‍പ്പര്യമില്ലെന്നു പറഞ്ഞു. ആ ചെറുചിത്രത്തില്‍ നിന്ന് ഒരു നെഗറ്റീവുണ്ടാക്കി, വലിയ ഫോട്ടോ എടുത്തുതരികയായിരുന്നു.
എറണാകുളം രവിപുരം ക്ഷേത്രത്തില്‍ അദ്ദേഹം വരച്ച ചിത്രങ്ങളുടെ നേത്രോന്മീലന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ വാര്യര്‍ മാസ്റ്ററുടെ ദൈവികമായ കരവിരുതു കാണാനായി. ഓരോ ദേവതയുടെയും മിഴികള്‍ തുറന്നുവരുന്നതിന്റെ സജീവത വിസ്മയകരമായിരുന്നു. നേവിസ്കൂളില് നിന്നു വിരമിച്ച ശേഷം എറണാകുളത്ത് ഇന്ത്യന്‍ സ്കൂള്‍ ഓഫ് ആര്‍ട്ട്സും ഗുരുവായൂരിലെ ചിത്രഗേഹവുമായി കലാസപര്യ തുടരുകയായിരുന്നു. ഔദ്യോഗികവും അനൗദ്യോഗികവുമായ ഒട്ടേറെ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
ഓരോതവണ കാണുമ്പോഴും അദ്ദേഹത്തിന്റെ സഹജമായ വിനയം വര്ധിച്ചതായാണനുഭവപ്പെട്ടത്. എന്റെ മകന് മനുനാരായണന്‍ അമേരിക്കയിലെ ടെന്നിസിസ്റ്റേറ്റില് ജോലിചെയ്യുകയാണ്. അവിടെ നിര്‍മ്മിച്ച വീട്ടില്‍ ഒരു മ്യൂറല്‍ ശൈലിയിലുള്ള ചിത്രം വേണമെന്നും, അത് പകര്‍പ്പാവരുത് ഒറിജിനല്‍ ആകണമെന്നും ചിന്തിച്ചപ്പോള്‍ വാര്യര്മാസ്റ്ററെ ഓര്‍മ്മവന്നു. അങ്ങനെ ഞങ്ങള്‍ കുടുംബാംഗങ്ങള്‍ എല്ലാവരുമായി ഗുരുവായൂരില്‍ മാസ്റ്ററെ ചെന്നു കണ്ടു. അദ്ദേഹത്തെ അയാളുടെ മനസ്സിലുള്ള ആശയം ധരിപ്പിച്ചു. അതനുസരിച്ചുള്ള ഒരു ചിത്രം തയ്യാറാക്കി അയച്ചുകൊടുത്തു. പരമ്പരാഗത ചായമല്ല അക്രിലിക് ചായമാണതിനുപയോഗിച്ചത്. അതിനിടെ, അമേരിക്കയില്‍ നിന്നുതന്നെ പച്ചകുത്തിയ അവന്റെ കയ്യിലെ ശ്രീകൃഷ്ണ ചിത്രം കണ്ടു കൗതുകം തോന്നി അദ്ദേഹം അതിന്റെ ഫോട്ടോ എടുക്കുകയും ചെയ്തു.
ചിത്രരചനയ്ക്കു പുറമേ അദ്ദേഹത്തിന് ശില്പനിര്മാണത്തിലും ജ്ഞാനമുണ്ട്. കൊടകരയ്ക്കടുത്ത് എം.എ. സാറിന്റെ ഭാവനയില്‍ ഉയര്‍ന്നുവരുന്ന അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തില്‍ സ്ഥാപിക്കാനിരിക്കുന്ന ഭഗവാന്റെ പ്രതിമ പരമ്പരാഗത കേരളീയ ശിലാപ്രതിമയുടെ ശൈലിയില്‍ എങ്ങനെയിരിക്കണമെന്നതിന്റെ രൂപരേഖ വാര്യര്മാസ്റ്റര് വരച്ച് നല്‍കിയെന്നറിയുന്നു. അതിന് ആധുനിക സങ്കല്പത്തിലുള്ള രൂപഭാവങ്ങളല്ല ഉള്ളത്. ഓരോ കാര്യത്തിലും തന്റേതായ സവിശേഷത നിലനിര്‍ത്താനും, അത് ഭംഗിയായി ആവിഷ്ക്കരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. പ്രസിദ്ധിപരാങ്മുഖനായിരുന്നു വാര്യര്‍ മാസ്റ്റര്‍. അതുകൊണ്ടാവാം. അദ്ദേഹത്തിന്റെ വിയോഗം മാധ്യമങ്ങള്‍ക്ക് സാധാരണ ചരമവാര്‍ത്ത മാത്രമായത്. പതിവുള്ള പ്രശസ്തിഗീതങ്ങളൊന്നും ഇല്ലാതെ ആ വാര്‍ത്ത അവസാനിച്ചു. വാര്യര്‍ മാസ്റ്ററുടെ സ്മരണ പ്രകാശമാനമായി സകല കലാപ്രേമികളുടെ മനസ്സിലും നിലനില്ക്കുകതന്നെ ചെയ്യും. വിടവാങ്ങിയ ചിത്രകുലപതിക്ക് ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: